ഫോർട്ട് കൊച്ചി: കഞ്ചാവ്,എം.ഡി.എം.എ ഗുളികകൾ, എൽ.എസ്.ഡി സ്റ്റാമ്പുകൾ എന്നിവയുമായി യുവാവിനെ ഫോർട്ട്‌ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി ടോളിന് സമീപം പുളിക്കൻ വീട്ടിൽ ജോർജ്ജ് തോമസിനെയാണ് (39) അറസ്റ്റ് ചെയ്തത്.സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ഇയാൾ ഫോർട്ട്‌കൊച്ചി ഐ.എൻ.എസ്. ദ്രോണാചാര്യക്ക് സമീപം ചക്കുപുരക്കൽ ഹോംസ്റ്റേയിൽ താമസിച്ചാണ് ലഹരി വില്പന നടത്തി വന്നത്.

ഹോംസ്റ്റേകൾ കേന്ദ്രീകരിച്ച് മയക്ക് മരുന്നിന്റെ ഉപയോഗവും വില്പനയും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഈ മാസം ഒന്നാം തിയതി ഒരു കിലോഗ്രാമിലധികം കഞ്ചാവുമായി കൊടുങ്ങല്ലൂർ സ്വദേശി അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഫോർട്ട്‌കൊച്ചിയിൽ പ്രവർത്തിക്കുന്ന ചില ഹോംസ്റ്റേകളിൽ വിതരണം ചെയ്യുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്ന വിവരം കിട്ടിയത്. ഇത്തരം കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ചൂതാട്ട സംഘങ്ങളെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഹോംസ്റ്റേകൾ കേന്ദ്രീകരിച്ച് കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ പരിശോധനകൾ വരും ദിവസങ്ങളിൽ നടക്കുമെന്ന് പൊലീസ് അറിയിച്ചു.ഫോർട്ട്‌കൊച്ചി എസ്.ഐ എസ്.അനീഷ് കുമാറും പരിശോധന സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.