വൈക്കം: വെച്ചൂർ പുത്തൻകായലിൽ പട്ടാപ്പകൽ തെങ്ങിൻ തോട്ടത്തിൽ കയറി തേങ്ങ മോഷ്ടിച്ച മൂന്നു യുവാക്കളെ പൊലീസ് പിടികൂടി. വെച്ചൂർ അംബികാമാർക്കറ്റ് സ്വദേശികളായ മൂന്നു യുവാക്കളാണ് വൈക്കം പൊലീസിന്റെ പിടിയിലായത്. തേങ്ങയിട്ട് മൂന്നു ചാക്കുകളിലാക്കി കടത്തുന്നതിനിടെ കർഷകർ കൈയോടെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഇനി ഇത് ആവർത്തിക്കില്ലെന്ന ഉറപ്പിൽ പൊലീസ് യുവാക്കൾക്ക് ജാമ്യം നൽകി വിട്ടയച്ചു. 762 ഏക്കർ വിസ്തൃതിയുള്ള പുത്തൻകായലിൽ പുരയിടത്തിൽ തെങ്ങ്,വാഴ എന്നിവയാണ് പ്രധാന കൃഷി. കഴിഞ്ഞ ഏതാനും ആഴ്ചകളായി തേങ്ങ, വാഴക്കുല എന്നിവ മോഷണം പൊകുന്നത് പതിവായതോടെ കൈപ്പുഴ വെച്ചൂർ പുത്തൻകായൽ കാർഷിക സഹകരണ സംഘം ഭരണ സമിതിയുടെ നേതൃത്വത്തിൽ കർഷകർ രാപ്പകൽ ജാഗ്രതയിലായിരുന്നു.ഇതോടെയാണ് മോഷ്ടാക്കൾ ഇന്നലെ വലയിലായത്.