photo

ബാലരാമപുരം: ബന്ധുക്കൾ ഉപേക്ഷിച്ച് അത്യാസന്നനിലയിൽ ആയ വീട്ടമ്മയ്ക്ക് ബാലരാമപുരം ജനമൈത്രി പൊലീസും അന്തിയൂർ റസിഡൻസ് അസോസിയേഷനും കൈത്താങ്ങായി. പുന്നക്കുളം നെല്ലിക്കരവിള സ്വദേശി ബാലരാമപുരം ഇടമനക്കുഴിൽ വാടക്ക് താമസിക്കുന്ന ചന്ദ്രലേഖ(55)യെയാണ് കഴിഞ്ഞ ദിവസം അബോധാവസ്ഥയിൽ വാടകവീട്ടിൽ കണ്ടെത്തിയത്. രക്തസമ്മർദ്ദവും ഷുഗറും കുറഞ്ഞ ഇവരെ വാർഡ് മെമ്പർ ഹേമലതയും അന്തിയൂർ റസിഡൻസ് അസോസിയേഷനും ചേർന്ന് രണ്ട് ദിവസം മുമ്പ് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അസുഖം ഭേദമായി ഇവർ പിന്നീട് വീട്ടിൽ എത്തിയെങ്കിലും വീണ്ടും അബോധാവസ്ഥയിൽ ആവുകയായിരുന്നു. സ്ഥിതി വഷളായതിനെ തുടർന്ന് നാട്ടുകാർ ബാലരാമപുരം പൊലീസിനെയും പിന്നീട് ബാലരാമപുരം ജനമൈത്രി പൊലീസിനെയും അറിയിച്ചു. ബാലരാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ഇവർക്ക് വേണ്ട സൗജന്യ ചികിത്സ ലഭ്യമാക്കി. ചന്ദ്രലേഖയെ വാടകവീട്ടിൽ ഒറ്റയ്ക്കായതിനാൽ ജനമൈത്രി പൊലീസ് അവിടെ നിന്നും മാറ്റി സിസിലിപുരം പുനർജനി ആതുരസേവനകേന്ദ്രവുമായി ബന്ധപ്പെട്ട് തുടർചികിത്സക്കും താമസത്തിനുമായി സൗകര്യം ഏർപ്പാടാക്കുകയായിരുന്നു. ബാലരാമപുരം ജനമൈത്രി പൊലീസ് പി.ആർ.ഒ സജീവ്,​ അന്തിയൂർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് രാജീവ്,​ വാർഡ് മെമ്പർ ഹേമലത,​ ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് എന്നിവരുടെ നേതൃത്വത്തിലാണ് പുനർജനിയിലേക്ക് മാറ്റിയത്. ഗൽഫിൽ ഏറെക്കാലം ജോലിനോക്കിയിരുന്ന ഇവർ നല്ല സാമ്പത്തികസ്ഥിതിയിലാണ് നാട്ടിലെത്തിയത്. ഗൽഫിൽ നിന്ന് നേടിയ പണമെല്ലാം ബന്ധുക്കൾക്കായി ചെലവഴിക്കുകയും ചെയ്തു. ഒടുവിൽ രോഗാവസ്ഥയിലായതോടെ ബന്ധുക്കൾ തിരിഞ്ഞ് നോക്കാതെയായി.