ഇതുവരെ ചിട്ടിയിൽ ചേർന്നത് 12,271 പേർ
ചിട്ടിയിൽ ചേരുന്നവർക്ക് വികസനപദ്ധതികളുടെ സ്‌പോൺസർമാരാകാം
തിരുവനന്തപുരം: കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയിൽ രജിസ്‌റ്റർ ചെയ്‌തവർക്ക് ഈമാസം 25 മുതൽ വരിസംഖ്യ അടയ്‌ക്കാമെന്ന് മന്ത്രി ടി.എം. തോമസ് ഐസക്ക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യലേലം ഒരുമാസത്തിനകം നടക്കും. 12,271 പേർ യു.എ.ഇയിൽ നിന്നുമാത്രം രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. 72,000 പേർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നടപ്പു വർഷം ഒരു ലക്ഷം പേർ ചിട്ടിയിൽ ചേരുമെന്നാണ് പ്രതീക്ഷ. മൂന്നു വർഷം കൊണ്ട് 10 ലക്ഷം പേരെ ചിട്ടിയിൽ ചേർക്കുകയാണ് ലക്ഷ്യം.
നിലവിൽ യു.എ.ഇയിൽ ഉള്ളവർക്കാണ് രജിസ്‌റ്റർ ചെയ്യാൻ അവസരം. 25 മുതൽ മറ്റ് ജി.സി.സി രാജ്യങ്ങളിലുള്ളവർക്കും ചേരാം. ദുബായിൽ ചിട്ടിയുടെ ഉദ്ഘാടനം ഉണ്ടാകില്ല. പകരം, ആദ്യലേലം അവിടെ നടത്തും. ചിട്ടിയിൽ ചേർന്ന ഓരോ 5,000 പേരിൽ നിന്ന് നറുക്കെടുക്കുന്ന ഒരാൾക്ക് കേരളത്തിൽ വന്നു പോകാനുള്ള വിമാന ടിക്കറ്റ് സമ്മാനമായി നൽകും. ആദ്യത്തെ 10,000 പേരിൽ നിന്ന് രണ്ടു പേരെ ഇന്നലെ തിരുവനന്തപുരത്ത് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. മുജീബ് റഹ്‌മാൻ അരിവത്തൂർ, ഷിജു സൈമൺ എന്നിവരാണ് വിജയികൾ. മൂന്നു വർഷത്തിനകം കിഫ്ബിയിലൂടെ സംസ്ഥാനത്ത് നടപ്പാക്കുന്ന 5,000 കോടി രൂപയുടെ വികസന പദ്ധതികൾക്കായി പതിനായിരം കോടി രൂപയെങ്കിലും പ്രവാസി ചിട്ടി വഴി സമാഹരിക്കുകയാണ് ലക്ഷ്യം.
വിദ്യാലയങ്ങൾ, ആശുപത്രികൾ, സ്‌റ്റേഡിയങ്ങൾ, തീരദേശ ഹൈവേ, ഐ.ടി പാർക്കുകൾ, ജലസേചന പദ്ധതികൾ, കൾച്ചറൽ കോംപ്ലക്‌സുകൾ, റോഡുകളും പാലങ്ങളും, ഉൾനാടൻ ജലഗതാഗതം എന്നിങ്ങനെ പത്തു വിഭാഗങ്ങളായാണ് ആദ്യം ചിട്ടികളുടെ സീരീസ് തുടങ്ങുക. ചിട്ടിയിൽ ചേരുന്നവർക്ക് വികസനപദ്ധതികളുടെ സ്‌പോൺസർമാരാകാം. ഇവരുടെ പേരുവവിരങ്ങളും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കിഫ്ബി സി.ഇ.ഒ ഡോ.കെ.എം. എബ്രഹം, കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ്, മാനേജിംഗ് ഡയറക്‌ടർ എ. പുരുഷോത്തമൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രവാസി പെൻഷൻ പദ്ധതി
ചിട്ടിയിൽ ചേരുന്നവർ ഗൾഫ് ജീവിതം മതിയാക്കി നാട്ടിലെത്തുമ്പോൾ നോർക്കയുമായി ചേർന്ന് പ്രത്യേക പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. പത്തു ലക്ഷം രൂപ വരെയുള്ള ചിട്ടികൾക്ക് ഇൻഷ്വറൻസുണ്ട്. ചിട്ടി എടുത്തയാൾ മരണപ്പെടുകയോ തൊഴിലെടുക്കാൻ പറ്റാത്ത അവസ്ഥയിലാകുകയോ ചെയ്‌താൽ, അവശേഷിക്കുന്ന തുകയുടെ ബാദ്ധ്യതയ്ക്ക് ഇൻഷ്വറൻസ് ലഭിക്കും. ചിട്ടി വിളിച്ചെടുക്കാത്തവർക്കും ഈ പരിരക്ഷ ലഭിക്കും. ഏതെങ്കിലും വരിക്കാരൻ മരിച്ചാൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുവരാനുള്ള വിമാനച്ചെലവും അനുയാത്ര ചെയ്യുന്ന സഹായിയുടെ ചെലവും കെ.എസ്.എഫ്.ഇ വഹിക്കും. ഇൻഷ്വറൻസില്ലാത്ത ഉയർന്ന തുകയുടെ ചിട്ടികളും ലഭ്യമാണ്.
സൗകര്യങ്ങൾ
ചിട്ടിയുടെ നടത്തിപ്പിന് തിരുവനന്തപുരത്ത് വിർച്വൽ ഓഫീസ് തുറന്നു
24*7 പ്രവർത്തിക്കുന്ന കോൾസെന്റർ സംവിധാനം
ഏതു സമയത്തും ഇന്റർനെറ്റ് വഴി അക്കൗണ്ട് പരിശോധിക്കാം
പരാതികളുണ്ടെങ്കിൽ ഉടൻ കോൾസെന്ററുമായി ബന്ധപ്പെടാം
ചിട്ടിക്കായി ഗൾഫ് രാജ്യങ്ങളിൽ പ്രത്യേക ഓഫീസ് തുറക്കില്ല
നാട്ടിൽ വരുമ്പോൾ കെ.എസ്.എഫ്.ഇയുടെ 600 ശാഖകളിലൂടെയും ചിട്ടിയിൽ ചേരാം