ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിൽ മറ്റ് ഏതു പൊതുമേഖലാ സ്ഥാപനത്തെക്കാളും മുന്നിൽ നിൽക്കുന്ന കെ.എസ്.ആർ.ടി.സി ഇന്നലെ ഒരു മിന്നൽ പണിമുടക്കിനു കൂടി സാക്ഷിയായി. ഇക്കുറി ഡിപ്പോകളിലെ റിസർവേഷൻ കൗണ്ടർ ജോലി കുടുംബശ്രീയെ ഏല്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സമരം. പണിമുടക്കിനെത്തുടർന്ന് കുറച്ചു സമയം യാത്രക്കാർ സംസ്ഥാനത്ത് അക്ഷരാർത്ഥത്തിൽ വഴിയാധാരമായി. രാവിലെ എട്ടുമണിക്ക് തലസ്ഥാനത്ത് തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ ആരംഭിച്ച മിന്നൽ സമരം കാട്ടുതീപോലെ മറ്റു ഡിപ്പോകളിലേക്കും പടരുകയായിരുന്നു. മണിക്കൂറുകൾകൊണ്ട് തലസ്ഥാനത്തെ പ്രധാന നിരത്തുകൾ നിറുത്തിയിട്ട ട്രാൻസ്പോർട്ട് ബസുകൾ കൊണ്ടു നിറഞ്ഞു. മറ്റു വാഹന യാത്രക്കാരും ഇതോടെ ഗതികേടിലായി. സംഘടിത ശക്തിക്കു മുമ്പിൽ കീഴടങ്ങുക എന്നതാണല്ലോ പൊതുജനത്തിന്റെ വിധി.
കെ.എസ്.ആർ.ടി.സിയെ പാഴ് ചെലവുകൾ കുറച്ചും വരുമാന ചോർച്ച ഒഴിവാക്കിയും നവീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് റിസർവേഷൻ കൗണ്ടറുകൾ കരാർ അടിസ്ഥാനത്തിൽ കുടുംബശ്രീയെ ഏല്പിക്കാനുള്ള തീരുമാനമെടുത്തത്. പ്രധാന ഡിപ്പോകളിൽ 24 മണിക്കൂറും മറ്റിടങ്ങളിൽ നിശ്ചിത സമയങ്ങളിലുമാണ് കൗണ്ടറുകളുടെ പ്രവർത്തനം. നിലവിൽ 'അദർഡ്യൂട്ടി'യിലുള്ള ട്രാൻസ്പോർട്ട് ജീവനക്കാർക്ക് മേലനങ്ങാതെ പണിയെടുക്കാനുള്ള താവളമാണ് റിസർവേഷൻ കൗണ്ടറുകൾ. പ്രധാന കൗണ്ടറുകളിൽ ആറു ജീവനക്കാർ വരെ നിയോഗിക്കപ്പെടാറുണ്ട്. ലൈൻ ഡ്യൂട്ടിക്കു പോകേണ്ടവരും മറ്റു പ്രധാന ചുമതലകൾ നിർവഹിക്കേണ്ടവരുമൊക്കെ ഇക്കൂട്ടത്തിലുണ്ടാകും. ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ക്ഷാമം കാരണം ഷെഡ്യൂളുകൾ പലതും മുടങ്ങുന്ന സ്ഥിതിവിശേഷത്തിനു പ്രധാന കാരണം 'അദർ ഡ്യൂട്ടി"യാണെന്ന് ബോദ്ധ്യമായതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരുടെ പുനർ വിന്യാസത്തിന് മാനേജ്മെന്റ് കർക്കശ നടപടിക്കു മുതിർന്നത്.
കൗണ്ടർ ജോലി കുടുംബശ്രീയെ ഏല്പിക്കാനുള്ള തീരുമാനമെടുത്തപ്പോൾ ജീവനക്കാരുടെ സംഘടനകൾ രൂക്ഷമായ പ്രതിഷേധവുമായി രംഗത്തു വന്നതാണ്. ചർച്ചകളെത്തുടർന്ന് പുതിയ പരിഷ്കാരം നടപ്പാക്കുന്ന തീയതി നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇന്നലെ ഔപചാരികമായി പുതിയ മാറ്റം തുടങ്ങാനിരിക്കവേയാണ് മിന്നൽ പണിമുടക്ക് എന്ന വജ്രായുധവുമായി സംഘടനകൾ രംഗത്തുവന്നത്. പണ്ടേ തന്നെ യാത്രക്കാരോട് യാതൊരു ഉത്തരവാദിത്വവും കാണിക്കാത്ത ട്രാൻസ്പോർട്ട് യൂണിയനുകളുടെ ഈ നിയമവിരുദ്ധമായ മിന്നൽ പണിമുടക്ക് ആത്യന്തികമായി അവർക്കു തന്നെയാകും വിനയാകാൻ പോകുന്നത്.
സർവീസുകൾ മുടക്കുന്നതിലൂടെ കോർപ്പറേഷനുണ്ടാകുന്ന വരുമാനനഷ്ടം ബാധിക്കാൻ പോകുന്നത് ശമ്പള തീയതി നീളാൻ പാടില്ലെന്നു ശഠിക്കുന്ന ജീവനക്കാരെ തന്നെയാകും. ജനങ്ങൾ സർക്കാരിന് നൽകുന്ന നികുതിപ്പണത്തിന്റെ ഒരു ഭാഗംകൂടി ചേർത്തുവച്ചാണ് ട്രാൻസ്പോർട്ട് ജീവനക്കാർക്ക് മുടങ്ങാതെ ശമ്പളവും പെൻഷൻകാർക്ക് പെൻഷനും നൽകുന്നത്.
മിന്നൽ പണിമുടക്കിന്റെ ഫലമായി സർവീസുകൾ നിലച്ചതോടെ കുടുംബശ്രീയെ കൈവിട്ട് ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാൻ ഗതാഗതമന്ത്രി തയ്യാറായിട്ടുണ്ട്. ട്രാൻസ്പോർട്ട് സംഘടനകളെ സംബന്ധിച്ചിടത്തോളം മിന്നൽ പണിമുടക്ക് വിജയം തന്നെയാകാം. എന്നാൽ അത് സമൂഹത്തിനു നൽകുന്ന സന്ദേശം ഒട്ടുംതന്നെ സ്വാഗതാർഹമല്ല. ട്രാൻസ്പോർട്ട് യൂണിയനുകളുടെ അടിസ്ഥാന സ്വഭാവത്തിലും സമീപനത്തിലും കാലം ആവശ്യപ്പെടുന്ന മാറ്റം ഉണ്ടായിക്കാണുന്നില്ല.
രഹസ്യ ബാലറ്റെടുത്താൽ അറിയാം ജീവനക്കാരിൽത്തന്നെ എത്രപേർ സ്ഥാപനത്തെത്തന്നെ തകർക്കുന്ന ഇത്തരത്തിലുള്ള സമരമുറകളെ പിന്തുണയ്ക്കുന്നവരായുണ്ടെന്ന്. ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഇപ്പോഴത്തെ അവസ്ഥ വച്ചുനോക്കിയാൽ വരുമാനത്തെ ബാധിക്കുന്ന ഒരു സമരത്തിനും പറ്റിയ സമയമല്ല. നോട്ടീസ് നൽകിയുള്ള പണിമുടക്കായാൽ യാത്രക്കാർക്ക് ട്രാൻസ്പോർട്ട് യാത്ര ഒഴിവാക്കി ബദൽ മാർഗ്ഗങ്ങൾ തേടാം. മിന്നൽ പണിമുടക്കാകുമ്പോൾ ഓർക്കാപ്പുറത്ത് യാത്രക്കാരെ തോന്നിയിടത്തുവച്ച് ബസുകളിൽ നിന്ന് ഇറക്കി വിടുകയാണ്. പൊതു യാത്രാമാർഗ്ഗമായ ട്രാൻസ്പോർട്ട് കോർപ്പറേഷനെ വിശ്വസിച്ച് രാവിലെ വീടുകളിൽ നിന്നിറങ്ങുന്നവരെ പെരുവഴിയിലാക്കുന്ന ജീവനക്കാരുടെ സംഘബലം താൽക്കാലികമായി വിജയിച്ചേക്കാമെങ്കിലും അവസാന നഷ്ടമുണ്ടാകാൻ പോകുന്നത് ജീവനക്കാർക്കു തന്നെയാകും.
റിസർവേഷൻ കൗണ്ടറുകളുടെ പ്രവർത്തനം കുടുംബശ്രീയെ ഏല്പിക്കുന്നതുകൊണ്ട് ജീവനക്കാർക്ക് ഒരുവിധ കഷ്ടനഷ്ടങ്ങളും ഉണ്ടാകാൻ പോകുന്നില്ല. തങ്ങൾ ഇത്രയുംകാലം അനുഭവിച്ചുകൊണ്ടിരുന്ന ഒരു സൗകര്യം ഇല്ലാതാകുന്നതിൽ സ്വാഭാവികമായും ഉണ്ടാകുന്ന രോഷവും മനപ്രയാസവുമാണ് ഇന്നലത്തെ മിന്നൽ പണിമുടക്കിൽ പ്രതിഫലിച്ചത്. രാജ്യത്ത് ഇതുപോലുള്ള സ്ഥാപനങ്ങളിലെല്ലാം സേവനമേഖലകളിൽ കരാർ ജോലി സർവസാധാരണമായിക്കഴിഞ്ഞു. അവിടങ്ങളിൽ പണി ചെയ്യാൻ എത്തുന്നവരു കുടുംബം പുലർത്താൻ വേണ്ടിത്തന്നെയാണ് വരുന്നത്. ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ റിസർവേഷൻ കൗണ്ടറുകളുടെ ചുമതല ഏറ്റെടുത്ത കുടുംബശ്രീക്കാർ അന്യരൊന്നുമല്ല. സമൂഹത്തിന്റെ ഭാഗം തന്നെയാണ് അവരും. ഇതുവഴി ട്രാൻസ്പോർട്ടിലെ ഏതെങ്കിലും ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ തീർച്ചയായും ഈ നീക്കം എതിർക്കപ്പെടേണ്ടതു തന്നെയാണ്. ഇവിടെ അതല്ല സംഭവിക്കുന്നത്. മെയ്യനങ്ങാതെ സുഖമായിരുന്നു വേതനം വാങ്ങാനുള്ള അവസരം ഇല്ലാതാകുന്നതിലാണ് എതിർപ്പ്.
യാത്രക്കാരെ ദുരിതത്തിലാക്കി തങ്ങളുടെ ആവശ്യം നേടാമെന്ന ധാർഷ്ട്യമാണ് മിന്നൽ പണിമുടക്കിൽ ദൃശ്യമായത്. ഇത് അംഗീകരിച്ചുകൊടുക്കാൻ മാനേജ്മെന്റും സർക്കാരും ഒടുവിൽ തയ്യാറാവുന്ന കാഴ്ചയും കാണേണ്ടിവന്നു. റിസർവേഷൻ കൗണ്ടർ നടത്തിപ്പ് കുടുംബശ്രീയെ ഏല്പിച്ചുകൊണ്ടുള്ള തീരുമാനം വകുപ്പുമന്ത്രി മരവിപ്പിച്ചിരിക്കുകയാണ്. ഞാൻ നന്നാവൂല്ല എന്ന പഴയ വരിയാണ് ഇവിടെ പ്രസക്തം.