traibal

പാലോട് : കാട്ടാനശല്യത്തിൽ പൊറുതിമുട്ടിയ ആദിവാസികൾ പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. കാട്ടാന ഭീഷണി നിലനിൽക്കുന്ന ആദിവാസി മേഖലകളിൽ ആനക്കിടങ്ങ് നിർമ്മിക്കാനും സൗരോർജ്ജ വേലി സ്ഥാപിക്കാനുമുള്ള തീരുമാനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.

അടുത്തിടെ മുത്തിപ്പാറ ട്രൈബൽ സെറ്റിൽമെന്റിൽ വനം ജീവനക്കാരെ തടഞ്ഞുവച്ചതിന് പിന്നാലെയാണ് റേഞ്ച് ഓഫീസ് ഉപരോധിച്ചത്. പാലോട് റേഞ്ച് ഓഫീസറുടെ അനാസ്ഥയാണ് ആദിവാസികളുടെ സുരക്ഷയ്ക്കായി സർക്കാർ ആവിഷ്‌കരിച്ച പദ്ധതികൾ അട്ടിമറിച്ചതിന് പിന്നിലെന്ന് വ്യാപക പരാതിയുണ്ട്. ആദിവാസി മേഖലകളിലെ റോഡ് വികസനത്തെയും സ്‌കൂൾ സംരക്ഷണ പ്രവർത്തനങ്ങളെയും റേഞ്ച് ഓഫീസർ തുരങ്കം വയ്‌ക്കുന്നതായും ആക്ഷേപമുണ്ട്. ഇതര വനപ്രദേശങ്ങളിൽ സോളാർ ഫെൻസിംഗ് അടക്കമുള്ള പദ്ധതികൾ മാതൃകാപരമായി മുന്നേറുമ്പോഴാണ്‌ പാലോട് റേഞ്ചിൽ പദ്ധതി അട്ടിമറിച്ചതെന്ന് ആദിവാസികൾ പറഞ്ഞു. മുത്തിപ്പാറ, മുത്തിക്കാണി, ചെന്നല്ലിമൂട്, ഇയ്യക്കോട്, കൊന്നമൂട് സെറ്റിൽമെന്റുകളിലെ താമസക്കാരാണ് ഉപരോധത്തിൽ പങ്കെടുത്തത്.

റേഞ്ച് ഓഫീസ് ഉപരോധത്തിന് കോൺഗ്രസ് ഇടവം വാർഡ് കമ്മിറ്റി നേതൃത്വം നൽകി. ജില്ലാപഞ്ചായത്ത് പ്രതിപക്ഷനേതാവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ആനാട് ജയൻ ഉദ്‌ഘാടനം ചെയ്‌തു. കൃഷി നാശത്തിന് നഷ്ടപരിഹാരം ഉടൻ അനുവദിക്കണമെന്നും ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ആനാട് ജയൻ ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് തെന്നൂർ ഷാജിയുടെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി ഡി.രഘുനാഥൻ നായർ,ബ്ലോക്ക് പ്രസിഡന്റ് ബി.പവിത്രകുമാർ, വിതുര പഞ്ചായത്ത് മുൻ പ്രസിഡന്റ് എൽ.വി.വിപിൻ,വാർഡ് മെമ്പർ ഇടവം ഷാനവാസ്, വിതുര ബാലകൃഷ്ണൻ കാണി, കെ.സി സോമരാജൻ, സുധീർഷ, സബീർഷ, അൻസാരി കലയപുരം, ചന്ദ്രൻ കാണി, അൻഷാദ്, സൈഫുദീൻ, വിൽസൻ, ഭാസുരാംഗി, തങ്കപ്പൻ കാണി, സുന്ദരേശൻ, ശ്രീധരൻ കാണി, വാസുദേവൻ കാണി, ദിവാകരൻ, വിഷ്ണു, സിന്ധു,സാവിത്രി തുടങ്ങിയവർ സംസാരിച്ചു.

അവിടെ സമരം, ഇവിടെ കാട്ടാനയുടെ വിളയാട്ടം

കാട്ടാനശല്യത്തിനെതിരെ റേഞ്ച് ഫോറസ്റ്റ് ഓഫീസ്‌ സമരത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ കർഷകർ കണ്ടത് ആനക്കൂട്ടം പിഴുതെറിഞ്ഞ വാഴത്തോട്ടവും റബർ മരങ്ങളുമാണ്. മുത്തിക്കാണി സജിത്ത്,ചെന്നല്ലിമൂട് തുളസീധരൻ കാണി, കൊന്നമൂട് സുന്ദരേശൻ കാണി എന്നിവരുടെ കൃഷിയിടങ്ങളാണ് ഇന്നലെ കാട്ടാനക്കൂട്ടം നാമാവശേഷമാക്കിയത്. റബർ മരങ്ങളും ആയിരത്തിലേറെ വാഴയും നശിപ്പിച്ചു. രാത്രികാലങ്ങളിൽ അടച്ചുറപ്പില്ലാത്ത കൊച്ചുവീടുകളിൽ ജീവഭയത്തോടെയാണ് ആദിവാസി കുടുംബങ്ങൾ കഴിയുന്നത്. പാലോട് റേഞ്ചിൽപ്പെട്ട കല്ലാർ, ചെമ്പിക്കുന്ന്, അല്ലത്താര, കല്ലൻകുടി, കൊമ്പ്രാൻകല്ല്, അടിപറമ്പ്, ഇലവുപാലം, ഇടിഞ്ഞാർ, മങ്കയം,വെങ്കിട്ടമൂട്, പേത്തലക്കരിക്കകം എന്നിവിടങ്ങളിലും കാട്ടാനക്കൂട്ടം വ്യാപകനാശമാണ് വരുത്തുന്നത്.