sabarimala-issue
തിരുവനന്തപുരം ദേവസ്വം ബോർഡ് ആസ്‌ഥാനത്ത് പ്രസിഡന്റ് പത്മകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ശബരിമലയിൽ സ്ത്രീ പ്രവേശനവുമായ് ബന്ധപ്പെട്ട ഒത്ത് തീർപ്പ് ചർച്ചയിൽ പങ്കെടുത്ത ശേഷം പുറത്തേക്ക് വന്ന പന്തളം കൊട്ടാരത്തിലെ നിർവാഹക സമിതി പ്രസിഡന്റ് പി.ജി ശശികുമാർ വർമ്മ,സെക്രട്ടറി പി.എൻ നാരായണ വർമ്മ,കണ്ഠരര് രാജീവ്,കണ്ഠരര് മോഹനരര് തുടങ്ങിയവർ

തിരുവനന്തപുരം: തുലാമാസ പൂജയ്‌ക്ക് ഇന്ന് വൈകിട്ട് നടതുറക്കും മുൻപ് ശബരിമല യുവതീ പ്രവേശന പ്രശ്നത്തിൽ സമവായമുണ്ടാക്കാമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി, ദേവസ്വം ബോർഡ് ഇന്നലെ വിളിച്ച അനുരഞ്ജന ചർച്ച ഇരുപക്ഷവും വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാവാതിരുന്നതോടെ അലസിപ്പിരിഞ്ഞു. കൊട്ടാരം പ്രതിനിധികൾ ചർച്ചയിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നു.

അതിനിടെ പ്രക്ഷോഭകർ നിലയ്‌ക്കലിൽ സ്‌ത്രീകളുടെ വാഹനങ്ങൾ തടയുകയും അവരെ ഇറക്കിവിടുകയും ചെയ്തത് സംഘർഷാവസ്ഥ സൃഷ്‌ടിച്ചു. സ്‌ത്രീകൾ ഉൾപ്പെടെയുള്ളവർ ഉന്തും തള്ളുമായി പ്രതിഷേധം കടുപ്പിച്ചതോടെ രാത്രിയിലും സംഘർഷം തുടരുകയാണ്. പമ്പയിലേക്കുള്ള ബസുകളും മറ്റ് വാഹനങ്ങളും തടഞ്ഞ് അകത്തു കയറി പരിശോധിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള ചിലരെ മർദ്ദിച്ചതായും ബസിൽ നിന്ന് ഇറക്കി വിട്ടതായും റിപ്പോർട്ടുണ്ട്. അതേസമയം, വിശ്വാസത്തിന്റെ പേരിൽ എത്തുന്നവർക്ക് സംരക്ഷണം നൽകുമെന്നും അവരെ തടയാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഇന്നലെ അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.

തുലാമാസ പൂജയ്ക്ക് മുമ്പ് സുപ്രീംകോടതിയിൽ റിവ്യൂഹർജി നൽകണമെന്നതായിരുന്നു ചർച്ചയിൽ പന്തളം കൊട്ടാരം അടക്കമുള്ളവരുടെ ആവശ്യം. 19ന് ദേവസ്വം ബോർഡ് യോഗത്തിൽ ചർച്ചചെയ്ത ശേഷമേ ഇതിൽ തീരുമാനമെടുക്കാനാവൂ എന്ന് പ്രസിഡന്റ് എ. പത്മകുമാർ അറിയിച്ചു. പുനഃപരിശോധനാ ഹർജിയിൽ തീരുമാനം ആകും വരെ ശബരിമലയിൽ ഇപ്പോഴത്തെ സ്ഥിതി തുടരണമെന്നും കൊട്ടാരം പ്രതിനിധികളടക്കമുള്ളവർ ആവശ്യപ്പെട്ടു. ശബരിമലയിൽ 10 മുതൽ 50 വയസു വരെയുള്ള സ്ത്രീകളുടെ പ്രവേശനം നിരോധിച്ച് 1991ൽ ഹൈക്കോടതി ജസ്റ്രിസ് പരിപൂർണൻ പുറപ്പെടുവിച്ച വിധി നിലനില്പുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ബോർഡ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഇന്ന് ശബരിമലയ്‌ക്ക് പോകുകയാണെന്നും തിരികെ എത്തിയ ശേഷം 19ന് ചേരുന്ന യോഗത്തിൽ ബോർഡിന്റെ അഭിഭാഷകരുമായി നിയമവശങ്ങൾ ചർച്ചചെയ്ത ശേഷം നടപടി സ്വീകരിക്കാമെന്നും ബോർഡ് അറിയിച്ചു. അത് എതിർപക്ഷത്തിന് സ്വീകാര്യമായിരുന്നില്ല. ബോർഡ് അംഗങ്ങൾ പ്രത്യേകമായും പ്രസിഡന്റും കൊട്ടാരത്തിന്റെയും തന്ത്രി കുടുംബത്തിന്റെയും പ്രതിനിധികളുമായും പ്രത്യേകം ചർച്ചയും ഇതിനിടെ നടന്നു. അതിലും വിട്ടുവീഴ്ചയ്ക്ക് രണ്ട് പക്ഷവും തയ്യാറായില്ല.തുടർന്ന് കൊട്ടാരം പ്രതിനിധികൾ ഇറങ്ങിപ്പോയതോടെ രണ്ടേമുക്കാൽ മണിക്കൂറോളം നീണ്ട ചർച്ച വഴിമുട്ടി.

തന്ത്രികുടുംബവുമായും മറ്റ് സംഘടനകളുമായും ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാർവർമ്മ ചർച്ചയിൽ നിന്ന് ഇറങ്ങിവന്ന ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു.

പന്തളം കൊട്ടാരം, താഴമൺ തന്ത്രികുടുംബം, തന്ത്രിസമാജം, അയ്യപ്പസേവാ സമാജം, അയ്യപ്പസേവാ സംഘം, യോഗക്ഷേമസഭ എന്നിവരുടെ പ്രതിനിധികളെയാണ് ചർച്ചയ്‌ക്ക് ക്ഷണിച്ചത്. ദേവസ്വം ബോർഡിന് വേണ്ടി പ്രസിഡന്റ് എ. പത്മകുമാർ, മെ‌ം‌ബർമാരായ കെ. രാഘവൻ, കെ.പി. ശങ്കരദാസ്, ദേവസ്വം കമ്മിഷണർ എൻ. വാസു, സെക്രട്ടറി എസ്. ജയശ്രീ തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്. ബോർഡ് ആസ്ഥാനത്ത് രാവിലെ 10.45ന് തുടങ്ങിയ ചർച്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് അവസാനിച്ചത്.