nobel-peize-editpage

സ്വീഡിഷ് ശാസ്ത്രജ്ഞനായിരുന്ന ആൽഫ്രഡ് നോബലിന്റെ 1895 ലെ വിൽപത്രമാണ് നോബൽ പ്രൈസുകൾക്ക് ആധാരം. ആദ്യത്തെ നോബൽ സമ്മാനങ്ങൾ 1901ൽ ആണ് നൽകപ്പെട്ടത്. ഫിസിക്സ്, കെമിസ്ട്രി, മെഡിസിൻ എന്ന ശാസ്ത്രശാഖകളിൽ സ്വീഡനിലെ രാജകീയ അക്കാഡമിയാണ് വിജയികളെ തീരുമാനിക്കുന്നത്. വൈദ്യശാസ്ത്രത്തിന്റെ സമ്മാനം തീരുമാനിക്കുന്നത് സ്വീഡനിലെ ഉന്നതഗവേഷണ കേന്ദ്രമായ കരൊലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട് ആണ്. 1968 മുതലാണ് ധനശാസ്ത്രത്തിൽ നോബൽ സമ്മാനം ഏർപ്പെടുത്തിയത്. സ്വീഡന്റെ സെൻട്രൽ ബാങ്ക് ആണ് ഈ പ്രൈസ് ഏർപ്പെടുത്തിയിരിക്കുന്നത്. എങ്കിലും ഇതിനെയും നോബെൽ പ്രൈസായി കണക്കാക്കുന്നു. സാഹിത്യത്തിനും സമാധാനത്തിനും സമ്മാനങ്ങൾ നൽകുന്നുണ്ട്. സമാധാന സമ്മാനം തീരുമാനിക്കുന്നത് നോർവേയിലെ നോബൽ കമ്മിറ്റിയാണ്.

ആദ്യമായി നോബൽ ജേതാവായ ഭാരതീയൻ രബീന്ദ്രനാഥ ടാഗോറായിരുന്നു. രണ്ടാമത് സി.വി. രാമനും സമ്മാനം ലഭിച്ചു. ഇരുവരും സമ്മാനം നേടിയത് ബ്രിട്ടീഷ് ഇന്ത്യയുടെ മേൽവിലാസത്തിലായിരുന്നു എന്നത് ദുഃഖകരമാണ്. അമേരിക്കൻ പൗരത്വമുള്ള ഇന്ത്യൻ വംശജരായ ഹർഗോബിന്ദ് ഖുരാനയും സുബ്രഹ്മണ്യൻ ചന്ദ്രശേഖറും, വെങ്കിട്ടരാമൻ രാമകൃഷ്ണനും ശാസ്ത്രവിഷയത്തിൽ സമ്മാനം പലവർഷങ്ങളിലായി പങ്കിട്ടു. ഇന്ത്യയിൽ ജനിക്കാത്ത മദർ തെരേസയ്ക്ക് ഇന്ത്യക്കാരി എന്ന നിലയിലാണ് സമാധാന സമ്മാനം നൽകിയത് ! ഇന്ത്യയിൽ ജനിച്ചെങ്കിലും അമേരിക്കയിലും ബ്രിട്ടനിലും പഠന ഗവേഷണങ്ങൾ നടത്തിയ അമർത്യസെന്നിന് ധനശാസ്ത്രത്തിൽ നോബൽ ലഭിച്ചു. ഇന്ത്യയിലെ ബാലവേലയ്‌ക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് 2014ൽ കൈലാസ് സത്യാർത്ഥിക്കും സമ്മാനം ലഭിച്ചു. സാഹിത്യത്തിനുള്ള സമ്മാനം നേടിയിട്ടുള്ള വി.എസ്. നയ്‌പോൾ ട്രിനിഡാഡ് എന്ന കരീബിയൻ ദ്വീപിൽ ജനിച്ച ഇന്ത്യൻ വംശജനാണ്.

ഈ വർഷത്തെ സമ്മാനങ്ങൾ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞെങ്കിലും സാഹിത്യ സമ്മാനം ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

ഫിസിക്സിന്റെ സമ്മാനം പങ്കിട്ടത് അമേരിക്കക്കാരനായ ആർതർ ആഷ്കിൻ, ഫ്രഞ്ചുകാരനായ ജെരാർദ് മോറോ, കാനഡക്കാരിയായ ഡോണ സ്ട്രിക്ക്ലൻഡ് എന്നിവരാണ്. മൂന്നുപേർക്കും ലേസർ സംബന്ധിച്ച ഗവേഷണങ്ങൾക്കാണ് സമ്മാനം ലഭിച്ചത്. മോറോ, സ്ട്രിക്ക്ലൻഡിന്റെ പിഎച്ച്.ഡി സൂപ്പർവൈസർ ആയിരുന്നു എന്ന സവിശേഷതയുമുണ്ട്. ഗുരുവും ശിഷ്യയും ഒരേ സമയം ആദരിക്കപ്പെട്ടിരിക്കുന്നു.

ഡോണാ സ്ട്രിക്ക്ലൻഡ് ഫിസിക്സിൽ നോബൽ സമ്മാനം നേടുന്ന മൂന്നാമത്തെ വനിതയാണ്. ഒരു നൂറ്റാണ്ടിലേറെയുള്ള ചരിത്രത്തിൽ, ഇതൊരിക്കലും വനിതകളുടെ കഴിവിനുള്ള അംഗീകാരമാണെന്ന് കരുതാൻ വയ്യ. ശാസ്ത്രലോകത്തുപോലും നിലനിൽക്കുന്ന സ്ത്രീവിവേചനത്തിന്റെയും അവഗണനയുടെയും ലക്ഷണങ്ങളിലൊന്നാണ്. വളരെ സൂക്ഷ്മമായ 'ഓപ്റ്റിക്കൽ റ്റ്വീസേഴ്സ്' ഉണ്ടാക്കിയെടുത്തതിനാണ് ആഷ്കിന് സമ്മാനം ലഭിച്ചത്. ചെറിയ സാധനങ്ങളെ പെറുക്കിയെടുക്കാൻ ഉപയോഗിക്കുന്ന കവണകൾ അഥവാ റ്റ്വീസേഴ്സ് എല്ലാവരും കണ്ടിരിക്കും. നമുക്ക് കാണാൻ പോലുമാകാത്ത തന്മാത്രകളെയും മറ്റും കവണകളിൽ പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടംപോലെ ചലിപ്പിക്കാനാകുന്നത് ആലോചിച്ചുനോക്കൂ! ലേസറുകളുടെ ശക്തികൂട്ടുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുകയാണ് സ്റ്റ്രക്‌ലാൻഡും മോരൊയും ചെയ്തത് . ഇങ്ങനെ ചെയ്യാൻ ശ്രമിക്കുമ്പോൾ അധികമായി ഉണ്ടാകുന്ന ഊർജം ഉപകരണത്തെത്തന്നെ പൊരിച്ചുകളയുന്ന അവസ്ഥയുണ്ടായിരുന്നു. അതിൽ നിന്ന് വ്യത്യസ്‌തമായി, തികച്ചും സുരക്ഷിതമായി ലേസറിന്റെ ശക്തികൂട്ടാൻ ഇവർ വികസിപ്പിച്ച സാങ്കേതിക വിദ്യയ്‌ക്ക് കഴിയും. ഇങ്ങനെയുള്ള സങ്കേതങ്ങൾ ഇപ്പോൾത്തന്നെ നേത്രപടല - കോർണിയയുടെ ശസ്ത്രക്രിയയിലും മറ്റും ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്.

ഫ്രാൻസെസ് അർണോൾഡ്, ജോർജ് സ്മിത് എന്നീ അമേരിക്കക്കാരും ബ്രിട്ടീഷുകാരനായ ഗ്രിഗറി വിന്ററും ചേർന്നാണ് രസതന്ത്ര നോബൽ 2018 ൽ പങ്കിടുന്നത്. അർണോൾഡ് 'നിയന്ത്രിത പരിണാമം' അഥവാ ഡയറക്റ്റഡ് ഇവൊല്യൂഷൻ' എന്ന സങ്കേതത്തിലൂടെ പുതിയ പ്രോട്ടിനുകളെ ഡിസൈൻ പ്രോട്ടിനുകൾ എന്നു വിളിക്കാവുന്നവ - ഉത്പാദിപ്പിക്കുന്ന വിദ്യ കണ്ടുപിടിച്ചു. വൈദ്യശാസ്ത്രത്തിൽ വിപ്ളവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാദ്ധ്യതയുള്ള ഒരു ടെക്നിക് ആണ് ഇത്. ജീവശാസ്ത്രത്തിന്റെ ആധാരമായ പരിണാമം എന്ന പ്രതിഭാസത്തെ ഉപയോഗിച്ച് അതിന്റെ 'സ്പീഡുകൂട്ടുക' എന്നതാണ് ചുരുക്കി പറഞ്ഞാൽ അവർ ചെയ്തത്. അതുവഴി നമുക്കാവശ്യമുള്ള തരത്തിലുള്ള തന്മാത്രകളെ ജൈവകോശങ്ങളിൽത്തന്നെ ഉത്പാദിപ്പിക്കുക. സ്മിത്ത്, 'ഫാജ് ഡിസ്പ‌്‌ളേ' എന്ന സങ്കേതം ഉപയോഗിച്ച് സെല്ലുകളിൽ മാറ്റം വരുത്തി കാൻസറിനും മറ്റും എതിരായ ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നതിൽ വിജയിച്ചു. എലികൾ മുതലായ അന്യജീവികളിൽനിന്നുള്ള പ്രോട്ടീനുകളെ മനുഷ്യ പ്രോട്ടീനുകൾക്ക് സമാനമാക്കുകയും അതുവഴി കാൻസറിനും മറ്റു രോഗങ്ങൾക്കുമെതിരായ മോണോക്ളോണൽ ആന്റിബോഡികൾ ഉത്പാദിപ്പിക്കാൻ ശ്രമിച്ചതാണ് വിന്ററിന്റെ സംഭാവന. ഇതും വൈദ്യശാസ്ത്രത്തിന് ഒരു മുതൽക്കൂട്ടാണ് എന്നു പറയേണ്ടതില്ലല്ലോ.

ശരീരത്തിൽ കാൻസർ കോശങ്ങളെ പ്രതിരോധിക്കുന്ന സെല്ലുകളാണ് ടി - സെല്ലുകൾ. എന്നാൽ ചില രാസപദാർത്ഥങ്ങൾ ടി - സെല്ലുകളുടെ പ്രവർത്തനത്തെ തടയുക വഴി കാൻസർ വ്യാപനത്തെ സഹായിക്കും എന്ന് ജെയിംസ് അലിസൺ മനസിലാക്കി. അത്തരത്തിലുള്ള ഏറ്റവും പ്രധാനമായ ഒരു പദാർത്ഥമായ സിറ്റിഎൽ -4 എന്നതിനെ പ്രതിരോധിക്കാൻ ഒരു ആന്റിബോഡി വികസിപ്പിച്ചെടുക്കുക വഴി ശരീരത്തിന്റെ സ്വാഭാവിക കാൻസർ പ്രതിരോധ മാർഗത്തെ ശക്തിപ്പെടുത്താനുള്ള ഒരു മാർഗ്ഗം - 'ഇമ്മ്യൂൺ ചെക്പോയിന്റ് തെറാപി' - കണ്ടെത്തിയതിനാണ് അമേരിക്കക്കാരനായ അലിസണ് 2018ലെ നോബെൽ വൈദ്യശാസ്ത്ര പുരസ്കാരം നൽകപ്പെട്ടത്.ടി - സെല്ലുകളെ ഉപയോഗിച്ചുള്ള കാൻസർ പ്രതിരോധത്തെ പറ്റിയുള്ള പഠനങ്ങൾക്ക് ഈ വർഷം ജപ്പാൻകാരനായ തോസുക്കു ഹോൻജോയും വൈദ്യശാസ്ത്ര സമ്മാനം പങ്കിട്ടു. ഹോൻജോ വൈദ്യശാസ്ത്രത്തിൽ ഡിഗ്രിയുള്ള ഒരു ഗവേഷകനാണെന്നത് എടുത്തുപറയേണ്ട കാര്യമാണ്.

ഈ വർഷത്തെ സമ്മാനങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയത് സമാധാനസമ്മാനങ്ങളാണ്. പലപ്പോഴും സമാധാന നോബെൽ വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്. സമ്മാനം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം സാധാരണമാണ്. എന്നാൽ ഇത്തവണ സമ്മാനിതരായവരിൽ ഒരാളായ ഡോ. ഡെനിസ് മുക്‌വ്വെഗി കിഴക്കൻ കോംഗോയിൽ നടക്കുന്ന ആഭ്യന്തര യുദ്ധത്തിൽ ക്രൂരമായി ബലാൽസംഗത്തിനും ലൈംഗികാതിക്രമങ്ങൾക്കും വിധേയരായ സ്ത്രീകളെ ചികിത്സിക്കുന്ന പാൻസി ആശുപത്രിയുടെ സ്ഥാപകനാണ്. യുദ്ധത്തിൽ അറുപതു ലക്ഷങ്ങളോളം ആളുകൾ മരണപ്പെടുകയും അരലക്ഷം സ്ത്രീകൾ ക്രൂരമായ അതിക്രമങ്ങൾക്ക് വിധേയരാവുകയും ചെയ്തുവെന്നാണ് കണക്ക്. വധഭീഷണി പോലും നേരിട്ടുകൊണ്ട് അതിക്രമത്തെ അപലപിക്കുകയും, ഇരയാക്കപ്പെട്ട സ്ത്രീകളെ ശസ്ത്രക്രിയ വഴി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്തതിനാണ് മുക്‌വ്വെഗിക്ക് സമ്മാനം ലഭിച്ചിരിക്കുന്നത്. മറ്റൊരു ജേതാവായ നാദിയ മുറാദും ഇതുപോലെ ധീരതയുടെ പര്യായമാണ്. ഐ.സിസിന്റെ പിടിയിൽപ്പെട്ട് ലൈംഗിക അടിമയാക്കപ്പെടുകയും പല തവണ ക്രൂര ബലാൽസംഗത്തിന് വിധേയയാക്കപ്പെടുകയും ചെയ്തവളാണ് ഈ യസീദി പെൺകുട്ടി . ഭീകരരുടെ പിടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട നാദിയ മുറാദ് അനുഭവിച്ച ക്രൂരപീഡനങ്ങളെക്കുറിച്ച് ലോകത്തോട് വിളിച്ചുപറഞ്ഞു. യുദ്ധത്തിന്റെ ക്രൂരമായ ഫലങ്ങളെക്കുറിച്ച് ലോകത്തെ ബോധവത്‌കരിച്ചതിൽ നാദിയയുടെ പങ്ക് ചെറുതല്ല.

2018ലെ നോബെൽ പുരസ്കാര പ്രഖ്യാപനങ്ങളുടെ ഒരു പ്രത്യേകത, പല രംഗങ്ങളിലുള്ള പ്രവർത്തനങ്ങൾക്കാണ് സമ്മാനം നൽകപ്പെട്ടതെങ്കിലും അവയിൽ പലതിനും വൈദ്യശാസ്ത്രവുമായുള്ള ബന്ധമാണ്. ഫിസിക്സ്, കെമിസ്ട്രി, വൈദ്യശാസ്ത്രം, സമാധാനം എന്നീ സമ്മാന ജേതാക്കളുടെ കഥ പരിശോധിക്കുമ്പോൾ അത് ബോദ്ധ്യമാവും.