chenanpara

വിതുര: വിതുര ചേന്നൽപാറ വളവിൽ മാലിന്യം നിക്ഷേപിച്ചാൽ ഇനിമുതൽ പിടിവീഴും. പൊൻമുടി, വിതുര തിരുവനന്തപുരം സംസ്ഥാനപാതയിലെ വിതുര ചേന്നൽപാറ വളവിലെ മാലിന്യനിക്ഷേപത്തിനാണ് ഇതോടെ അറുതിയാകുന്നത്. ഏറ്റവും കൂടുതൽ മാലിന്യ നിക്ഷേപമുള്ള ഇവിടെ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പട്രോളിംഗ് സംഘം രൂപീകരിച്ചിരിക്കുകയാണ്. ഇനി ഇവിടെ മാലിന്യം നിക്ഷേപിച്ചാൽ പട്രോളിംഗ് സംഘത്തിന്റെ പിടിവീഴുമെന്നത് ഉറപ്പാണ്.

ചേന്നൽപാറ വളവിൽ ഇറച്ചിമാലിന്യം ഉൾപ്പടെയുള്ളവ ഇഴുകി അസഹ്യമായ ദുർഗന്ധമാണ് വമിക്കുന്നത്. അറവ് മാലിന്യം കാക്കകളും മറ്റും കൊത്തിവലിച്ച് സമീപത്തെ കിണറുകളിലും പരിസര പ്രദേശങ്ങളിലും കൊണ്ടിടുന്നത് പതിവാണ്. ഇത്കാരണം പൊറുതിമുട്ടിയിരിക്കുകയാണ് ഇവിടുത്തെ ജനങ്ങൾ. ചിലർ റോഡിൻ തന്നെ വേസ്റ്റുകൾ നിക്ഷേപിക്കാറുണ്ട്. ഇത് വാഹനങ്ങൾ കേറി റോഡ് മുഴുവൻ ചിതറിക്കിടക്കുകയാണ്. ഇവിടെ മാലിന്യ നിക്ഷേപിക്കുന്നത് ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്തകൾ നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ടതോടെയാണ് ചേന്നൽപാറ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ തീരുമാനിക്കുന്നത്. വിതുര എസ്.എെ വി.നിജാമിന്റെ നേതൃത്വത്തിലാണ് പട്രോളിംഗ് നടത്തുന്നത്. പിടികൂടുന്നവരെ പൊലീസിന് കൈമാറും. കഴിഞ്ഞ ദിവസം രാത്രിയിൽ ചേന്നൻപാറ പെട്രോൾ പമ്പിന് സമീപം മാലിന്യം നിക്ഷേപിക്കുവാൻ എത്തിയവർ റസിഡന്റ് അസോസിയേഷൻ പ്രവർത്തകരെ കണ്ട് ഒാടി വാഹനത്തിൽ കയറി രക്ഷപ്പെട്ടു. നേരത്തേ തൊളിക്കോട് നിന്നും മാലിന്യം നിക്ഷേപിക്കുവാൻ വന്ന രണ്ട് പേരേ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു.

വിതുര കലുങ്ക് മുതൽ ചേന്നൻപാറ വരെ വൃത്തിയാക്കി

മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങളുടെ ഭാഗമായി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ചേന്നൻപാറ വളവിലും സമീപപ്രദേശത്തും നിക്ഷേപിച്ചിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുകയും കാട് വെട്ടി വൃത്തിയാക്കി. വിതുര കലുങ്ക് ജംഗ്ഷൻ മുതൽ ചേന്നൻപാറ ജംഗ്ഷൻ വരെയാണ് ശുചീകരിച്ചത്.