atl16oc
കെ.എസ്.ആർ.ടി.സി ബസ്സ് വീട്ടിലേയ്ക്ക് ഇടിച്ചു കയറിയ നിലയിൽ


ആറ്റിങ്ങൽ: ദേശീയപാതയിൽ പൂവൻപാറ പാലത്തിന് സമീപത്തെ വളവിൽ നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് പൂട്ടിക്കിടന്ന വീട്ടിലേക്ക് ഇടിച്ചുകയറി ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ പതിനാറ് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കിളിമാനൂർ സ്വദേശി അനിൽകുമാർ( 49)​നെ മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസിന്റെ ഡ്രൈവർ ശശിധരൻ ( 51)​,​ കണ്ടക്ടർ നിഷാദ് ( 28)​ , പാപ്പാല സ്വദേശികളായ സുബി (24) , അംബിക(44), കിളിമാനൂർ സ്വദേശികളായ ഷൈനി (32), രോഹിണി ( 21), ലിജി ( 38), സുധർമ്മ ( 58) , വെള്ളല്ലൂർ സ്വദേശി ദീപ (39), നഗരൂർ സ്വദേശികളായ ജുബിന ( 23), ലക്ഷ്‌മി (21), ആറ്റിങ്ങൽ സ്വദേശികളായ കൃഷ്ണ ( 20), സിജി ( 20), സുധീർ ( 35) എന്നിവരാണ് വലിയകുന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ സുബി,​ രോഹിണി,​ ജൂബീന എന്നിവർ ഗർഭിണികളാണ്. പാലോട് നിന്നും ആറ്റിങ്ങലിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി വേണാട് ബസാണ് ഇന്നലെ രാവിലെ എട്ടോടെ അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ വന്ന ബൈക്കിനെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിത്തിരിച്ചതാണ് അപകടകാരണമെന്ന് ഡ്രൈവർ പറഞ്ഞു. ബസ് റോഡ് സൈഡിൽ നിന്ന ഇലക്ട്രിക് പോസ്റ്റ് തകർത്ത് തൊട്ടടുത്ത വീടിന്റെ സിറ്റ്ഔട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഷറഫുദ്ദീന്റെ വീടിനും കാറിനും കേടുപാടുണ്ട്. ഷറഫും കുടുംബവും വിദേശത്തായതിനാൽ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി ബന്ധം കട്ടായി. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.