തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ ദേവസ്വം ബോർഡിന്റെ നിലപാട് അത്യന്തം ദുഃഖകരമാണെന്ന് ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോന്ന ശേഷം പന്തളം കൊട്ടാരം പ്രതിനിധി പി.ജി.ശശികുമാർവർമ്മ മാദ്ധ്യങ്ങളോടു പറഞ്ഞു.തങ്ങൾ ഉന്നയിച്ച ഒരാവശ്യവും ബോർഡ് അംഗീകരിച്ചില്ല.
പുനഃപരിശോധനാ ഹർജി നൽകണമെന്നാണ് തങ്ങൾ പ്രധാനമായും ആവശ്യപ്പെട്ടത്. അതിൽ തീരുമാനം വരും വരെ ശബരിമലയിൽ തത് സ്ഥിതി തുടരണം.ശബരിമലയിൽ സ്ത്രീ പ്രവേശനം നിരോധിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പരിപൂർണന്റെ 1991 ലെ വിധി നിലവിലുണ്ട്. അത് അസാധുവാക്കാതെ മറ്റൊരു വിധിക്ക് പ്രസക്തിയില്ല.ശബരിമലയിൽ സ്ത്രീകളെ തടയുന്നതിനോട് യോജിക്കുന്നില്ല. എന്നാൽ ഭക്തരുടെ വികാരം മാനിക്കണം.ആചാരങ്ങൾ നിലനിൽക്കണമെന്നാണ് ആഗ്രഹം.ശബരിമലയെ യുദ്ധക്കളമാക്കാൻ ആഗ്രഹിക്കുന്നില്ല.ദേവസ്വം ബോർഡിന്റെ സുപ്രധാന പദവിയിൽ ഹിന്ദു അല്ലാത്ത ഒരാളെ നിയമിക്കാനുള്ള നീക്കം ഭക്തരുടെ വികാരം മാനിക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു.