chennithala

തിരുവനന്തപുരം: ശബരിമലയെ സംഘർഷ ഭൂമിയാക്കി രാഷ്ട്രീയ നേട്ടം കൊയ്യാൻ സി.പി.എമ്മും ബി.ജെ.പിയും നടത്തുന്ന നീക്കം തീക്കളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പ്രശ്ന പരിഹാരത്തിന്റെ പേരിൽ ദേവസ്വം ബോർഡ് നടത്തിയ സമവായ ചർച്ച വെറും നാടകമായിരുന്നു. പ്രശ്‌നം വഷളാക്കാനാണ് സർക്കാരും ബോർഡും ശ്രമിക്കുന്നത്. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ബി.ജെ.പിയും കള്ളക്കളി നടത്തുന്നു. പ്രശ്‌നം ആളിക്കത്തിക്കാനാണ് ശ്രമം. ഇതിന് പിന്നിൽ സി.പി.എമ്മിന് ഗൂഢ അജൻഡയുണ്ട്. വർഗീയ ധ്രുവീകരണമുണ്ടാക്കി ബി.ജെ.പിയെ സഹായിക്കാനാണ് ശ്രമം. സി.പി.എമ്മും ബി.ജെ.പിയും പരസ്പരം പാലൂട്ടുന്ന ശത്രുക്കളാണ്. വോട്ട് തട്ടാനാണ് ബി.ജെ.പി വർഗീയ വികാരം ഇളക്കിവിടുകയും ജനങ്ങളെ തെരുവിലിറക്കി സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നത്.

ശബരിമല പ്രശ്നത്തിൽ ബി.ജെ.പിക്കൊപ്പം ഒരു കോൺഗ്രസ് പ്രവർത്തകനും പ്രകടനങ്ങളിൽ പങ്കെടുത്തിട്ടില്ല. എന്നാൽ, നാമജപ യാത്രകളിൽ ഭക്തജനങ്ങൾക്കൊപ്പം ആർക്കും പങ്കെടുക്കാം. വിശ്വാസികളായ യുവതികളാരും മല കയറാനെത്തില്ല. ആരെങ്കിലും അതിന് ശ്രമിച്ചാൽ കോൺഗ്രസുകാർ തടയില്ല. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും കള്ളക്കളി തുറന്നു കാട്ടുന്നതിന് യു.ഡി.എഫ് 22 മുതൽ ഒരു മാസം നീണ്ടു നിൽക്കുന്ന പ്രചാരണ പരിപാടികൾ നടത്തും. 22ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തും 31ന് കൊല്ലത്തും, മറ്റു ജില്ലകളിൽ നവംബറിലും യോഗങ്ങൾ നടത്തും.
ബ്രൂവറി അഴിമതിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടും, പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ടും വിലക്കയറ്റത്തിനെതിരെയും 29ന് സെക്രട്ടേറിയറ്റ് പടിക്കലും മറ്റു ജില്ലകളിൽ കളക്ടറേറ്റ് പടിക്കലും ധർണ നടത്തും.