trafic

തിരുവനന്തപുരം : കഴക്കൂട്ടം - കാരോട് ദേശീയപാതയുടെ പണി പൂർത്തിയാകുന്നതോടെ ഈഞ്ചയ്ക്കൽ ജംഗ്ഷൻ അപകടരഹിതമാക്കാനുള്ള ഗതാഗത പരിഷ്‌കാരങ്ങൾക്ക് രൂപം നൽകുമെന്ന് ട്രാഫിക് (ദക്ഷിണമേഖല) എസ്.പി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. ഈഞ്ചയ്ക്കൽ ജംഗ്ഷനിലെ ട്രാഫിക് ഐലൻഡ് മുന്നറിയിപ്പില്ലാതെ നീക്കം ചെയ്തതിനെതിരെ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് രജിസ്റ്റർ ചെയ്ത കേസിലാണ് പൊലീസും ദേശീയപാത അതോറിട്ടിയും കമ്മിഷന് റിപ്പോർട്ട് നൽകിയത്. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹീമാണ് പരാതിക്കാരൻ.ചാക്ക, ഈഞ്ചയ്ക്കൽ ഭാഗങ്ങളിലെ മേൽപ്പാലങ്ങൾ ഉൾപ്പെടെയുള്ള റോഡുകളുടെ നിർമ്മാണം അതിവേഗം പൂർത്തിയാകുന്നതായി ട്രാഫിക് എസ്.പി കമ്മിഷനെ അറിയിച്ചു. ദേശീയപാതയുടെ നിർമ്മാണം 95 ശതമാനം പൂർത്തിയായതായി ദേശീയപാത അതോറിട്ടി ഒഫ് ഇന്ത്യയും അറിയിച്ചു. ഈഞ്ചയ്ക്കൽ, അട്ടക്കുളങ്ങര - ഈഞ്ചയ്ക്കൽ റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുമെന്നും ദേശീയപാത അതോറിട്ടി അറിയിച്ചിട്ടുണ്ട് .
കഴക്കൂട്ടം-കോവളം റോഡും അമ്പലത്തറ-പൂന്തുറ റോഡും സംഗമിക്കുന്ന കുമരിച്ചന്തയിൽ വാഹനാപകടങ്ങൾ പതിവായ സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ നടപടികളെക്കുറിച്ച് ശംഖുംമുഖം പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.