ksrtc1
റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപ്പിക്കാനുളള തീരുമാനത്തിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്കിനെത്തുടർന്ന് തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് മുന്നിലെ പ്രധാനറോഡിൽ മണിക്കൂറുകളോളം ബസുകൾ തടഞ്ഞതിനെ തുടർന്ന് ബസിനുളളിൽ ഉറക്കത്തിലായ ഡ്രൈവറും കണ്ടക്‌ടറും

തിരുവനന്തപുരം: യാത്രക്കാരെ പെരുവഴിയിൽ ഇറിക്കിവിട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മിന്നൽ സമരം. ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീക്ക് കൈമാറാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിവിധ യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ഇന്നലെ രാവിലെ എട്ടരയ്ക്ക് സമരം തുടങ്ങിയത്. മൂന്നു മണിക്കൂറോളം സംസ്ഥാനത്തുടനീളം സർവീസ് സ്തംഭിച്ചു. യാത്രക്കാർ നൽകുന്ന പണം കൊണ്ടാണ് ജീവനക്കാരുടെ നിലനില്പെന്നുപോലും ഓർക്കാതെ, അവരെ ഓടിക്കൊണ്ടിരുന്ന ബസുകളിൽ പെരുവഴിയിലാക്കുകയായിരുന്നു.

ദീർഘദൂര ബസുകളിൽ നിന്നുപോലും യാത്രക്കാരെ ഇറക്കി വിട്ടു. ആശുപത്രികളിൽ പോകേണ്ട രോഗികളും ജീവനക്കാരുടെ മുഷ്കിന്റെ ഇരകളായി. ‌ഡിപ്പോകൾക്കു മുന്നിൽ ഗതാഗതം തടസപ്പെടുത്തി റോഡുകളിൽ ബസുകൾ കൊണ്ടിട്ടതോടെ ഗതാഗതം താറുമാറായി. രാവിലെ ഒൻപതോടെ പത്തനംതിട്ട ഒഴികെ സംസ്ഥാനത്തെ മിക്ക ‌ഡിപ്പോകളിലേക്കും സമരം വ്യാപിച്ചു. കുടുംബശ്രീക്ക് നൽകിയ കരാർ മരവിപ്പിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞതോടെയാണ് സമരം പിൻവലിച്ചത്. ഉച്ചയ്ക്ക് 12നുശേഷം ഗതാഗതം പൂർവസ്ഥിതിയിലായി.

തമ്പാനൂർ ഡിപ്പോയിലെ റിസർവേഷൻ കൗണ്ടറിനു മുന്നിൽ നടന്ന സമരമാണ് പൊടുന്നനെ സംസ്ഥാനമാകെ വ്യാപിച്ചത്. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ രാവിലെ ഏഴു മുതൽ റിസർവേഷൻ കൗണ്ടർ ഉപരോധിച്ചിരുന്നു. ടിക്കറ്റെടുക്കാൻ എത്തിയവരെ സമരക്കാർ വിരട്ടാൻ തുടങ്ങി. അതോടെ പൊലീസ് ഇടപെട്ടു, പൊലീസുമായി പ്രവർത്തകർ ഉന്തുംതള്ളുമായി. പ്രകോപിതരായ നേതാക്കൾ മിന്നൽ പണിമുടക്കിന് ആഹ്വാനം ചെയ്തു. ജീവനക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് സന്ദേശങ്ങൾ പറന്നു. സെൻട്രൽ ‌ഡിപ്പോയിലേക്കു വന്ന ബസുകളിലെ ജീവനക്കാർ സമരത്തിൽ പങ്കു ചേർന്നു. ബസുകൾ റോഡിൽ നിരനിരയായി മാറി. മറ്റു വാഹനയാത്രക്കാരും കുടുങ്ങി. ഇതോടെ യാത്രക്കാരും സംഘടിച്ചു പ്രതിഷേധിച്ചു.

കുടുംബശ്രീക്ക് റിസർവേഷൻ കൗണ്ടറുകൾ കൈമാറാനുള്ള തീരുമാനം മരവിപ്പിച്ചതായി യൂണിയൻ നേതാക്കൾക്ക് വാട്സ് ആപ്പിൽ മാനേജ്മെന്റ് സന്ദേശം അയച്ചു. ഉടൻ ബി.എം.എസ് പിന്മാറി. എന്നാൽ, രേഖാമൂലം അറിയിച്ചാലേ പിൻമാറൂ എന്ന നിലപാടിലായിരുന്നു സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി യൂണിയൻ നേതാക്കൾ. ഇതിനിടെ മന്ത്രി എ.കെ. ശശീന്ദ്രൻ തന്റെ ചേംബറിൽ യൂണിയൻ നേതാക്കളുമായി-- ചർച്ച നടത്തി തീരുമാനം അറിയിക്കുകയായിരുന്നു.

''ട്രെയിനിൽ കയറാതെ കോഴിക്കോട്ടേക്ക് പോകാൻ റിസർവ് ചെയ്ത ടിക്കറ്റുമായി എത്തിയതാണ് ഞാൻ. 10 മണിക്കാണ് ബസ്. ഇവിടെ എത്തിയപ്പോൾ ബസിൽ കയറാൻ പോലും അനുവദിക്കുന്നില്ല. എന്തൊരു നീതികേടാണിത്? ഇവരെല്ലാം കെ.എസ്.ആർ.ടി.സിയുടെ കഥകഴിക്കും''

അഫ്സൽ,

യാത്രക്കാരൻ