ബാലരാമപുരം: കരമന- കളിയിക്കാവിള ദേശീയപാതയുടെ രണ്ടാം ഘട്ട നിർമ്മാണപ്രവർത്തനങ്ങളിൽ നിന്ന് കരാറുകാരൻ പിൻമാറിയതോടെ വീണ്ടും ടെൻഡർ നടപടിക്ക് ഒരുങ്ങുകയാണ് ദേശീയപാത അതോറിട്ടി. നിർമ്മാണത്തിൽ നിന്ന് ശ്രീധന്യ കൺസ്ട്രക്ഷൻസ് ഏറ്റെടുത്ത ടെൻഡറിൽ നിന്ന് പിൻമാറിയത്. പ്രാവച്ചമ്പലം മുതൽ കൊടിനട വരെ രണ്ടാംഘട്ടവികസനത്തിന് 92 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ടെൻഡർ തുകയിൽ നിന്ന് പത്ത് ശതമാനം അധികം വേണമെന്ന് കരാറുകാരൻ ആവശ്യപ്പെട്ടിരുന്നു. കിഫ്ബി വഴി പത്ത് ശതമാനം അധികം തുക നൽകാമെന്ന് അറിയിച്ചിട്ടും കരാറുകാരൻ പിൻവാങ്ങുകയായിരുന്നു. ഇതേത്തുടർന്ന് റീടെൻഡർ ക്ഷണിക്കാനുള്ള നടപടിയുമായി മുന്നോട്ടുപോവുകയാണ് ദേശീയപാത അതോറിട്ടി. മുഖ്യമന്ത്രി മടങ്ങിയെത്തിയാൽ പദ്ധതി വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് പാറശാല എം.എൽ.എ ഉൾപ്പെടെയുള്ളവർ അറിയിച്ചിരുന്നെങ്കിലും കരാറുകാരന്റെ പിൻമാറ്റം സർക്കാരിന് തിരിച്ചടിയായിരിക്കുകയാണ്.
ടെൻഡർ ഉടൻ ക്ഷണിക്കും
രണ്ടാംഘട്ട വികസനത്തിൽ നിന്ന് കരാറുകാരൻ പിൻമാറിയ സാഹചര്യത്തിൽ റീ ടെൻഡർ ക്ഷണിച്ച് ദേശീപാതയുടെ പണികൾ എത്രയും വേഗം തുടങ്ങുമെന്ന് മരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സജിത്ത് അറിയിച്ചു. ടെൻഡർ ക്ഷണിക്കാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്.
ആക്ഷൻ കൗൺസിൽ സമരത്തിലേക്ക്
ദേശീയപാതയുടെ രണ്ടാംഘട്ടവികസനം അനിശ്ചിതത്വത്തിലായതോടെ കരമന-കളിയിക്കാവിള ആക്ഷൻ കൗൺസിൽ വീണ്ടും പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകി രണ്ട് വർഷം കഴിഞ്ഞിട്ടും സർക്കാരിന്റെയും മരാമത്ത് അതോറിട്ടിയുടേയും അലംഭാവവും കാലതാമസവും കാരണം രണ്ട് വർഷമായി യാതൊരുവിധ നിർമ്മാണ പ്രവർത്തവും നടന്നിട്ടില്ലെന്ന് ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടി. വാട്ടർ അതോറിട്ടി പൈപ്പ് ലൈൻ ജോലികളും കേബിൾ വർക്കും ഇലക്ട്രിക്ക് പോസ്റ്ര് മാറ്റി സ്ഥാപിക്കൽ എല്ലാം തടസ്സപ്പെട്ടിരിക്കുകയാണെന്നും ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി.
23 ന് വാഹനപ്രചരണ ജാഥ 24 ന് സമരജ്വാല
ദേശീയപാതവികസനത്തിൽ സർക്കാർ കാട്ടുന്ന അലംഭാവത്തിനെതിരെ ദേശീയപാത ആക്ഷൻ കൗൺസിൽ പാറശാലയിൽ നിന്നും ഈ മാസം 23 ന് രാവിലെ 9 ന് ആരംഭിക്കുന്ന വാഹനപ്രചരണ ജാഥ ബി.ജെ.പി ദേശീയസമിതിയംഗം കരമന ജയൻ ഉദ്ഘാടനം ചെയ്യും. വിവിധ ബൈക്കുകളിലും വാഹനങ്ങളിലുമായി എത്തുന്ന വാഹനജാഥ പാപ്പനംകോട് സമാപിക്കും. വാഹനപ്രചരണജാഥക്ക് ദേശീയപാത ആക്ഷൻ കൗൺസിൽ പ്രസിഡന്റ് അഡ്വ.കെ. മോഹൻകുമാർ, ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, രക്ഷാധികാരി ആർ.എസ്. ശശികുമാർ, മണ്ണാങ്കൽ രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകും. സമാപനയോഗം സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. 24 ന് വൈകിട്ട് 5 ന് ആക്ഷൻ കൗൺസിൽ പ്രാവച്ചമ്പലം ജംഗ്ഷനിൽ സംഘടിപ്പിക്കുന്ന സമരജ്വാല കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.എൽ.എ മാരായ ഒ. രാജഗോപാൽ, ഐ.ബി. സതീഷ്, അഡ്വ.എം. വിൻസെന്റ് എന്നിവർ സംസാരിക്കും.
രണ്ടാംഘട്ടവികസനത്തിന് സർക്കാർ അനുവദിച്ചത് --92 കോടി