തിരുവനന്തപുരം: വൃദ്ധജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി അവ പരിഹരിക്കുന്നതിനായി ഗവ. മെഡിക്കൽ കോളേജിൽ റീജിയണൽ ജീറിയാട്രിക് സെന്റർ ഉടൻ പ്രവർത്തനം ആരംഭിക്കും. പുതിയ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഗ്രൗണ്ട് ഫ്ലോറിലാകും ആധുനിക സജ്ജീകരണങ്ങളോടെയുള്ള റീജിയണൽ ജീറിയാട്രിക് സെന്റർ പ്രവർത്തിക്കുക. ഇത് വയോജനങ്ങളുടെ ഒരു മാതൃകാ കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷ. 60 വയസു കഴിഞ്ഞ വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ചികിത്സ നൽകുന്ന പ്രത്യേക വിഭാഗമാണിത്. ആധുനിക സജ്ജീകരണങ്ങളോടെയുള്ള 32 ഹൈടെക് കിടക്കകളാണ് വയോജനങ്ങൾക്കു മാത്രമായി ഇവിടെ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ വയോജനങ്ങളുടെ ചികിത്സയും പരിചരണവും ലക്ഷ്യമാക്കി പ്രവർത്തിച്ചു വരുന്ന ഡോക്ടർമാരും നഴ്സുമാരും ഫിസിയോ തെറാപ്പിസ്റ്റും സോഷ്യൽ വർക്കർമാരും ഉൾപ്പെടെയുള്ളവർക്കെല്ലാം മെച്ചപ്പെട്ട പരിശീലനം ലഭ്യമാക്കാൻ കൂടി ലക്ഷ്യമിട്ടാണ് റീജിയണൽ ജീറിയാട്രിക് സെന്റർ ആരംഭിക്കുന്നത്. നിലവിൽ വയോജനങ്ങളുടെ ചികിത്സ പരിമിതമായ സൗകര്യങ്ങളിലാണ് നടക്കുന്നത്. അതിന്റെ പ്രയാസങ്ങൾ രോഗികളും ഡോക്ടർമാരും അനുഭവിക്കുന്നുണ്ട്. അധികം വൈകാതെ തന്നെ ജീറിയാട്രിക് ബിരുദാനന്തര ബിരുദ കോഴ്സും ആരംഭിക്കും. ജീറിയാട്രിക് വിഭാഗത്തിൽ ഒ.പിക്കും കിടത്തി ചികിത്സയ്ക്കും സംസ്ഥാനത്ത് ആദ്യമായി വിപുലമായ സംവിധാനം ഒരുക്കിയതിലൂടെ മറ്റുള്ളവരെപ്പോലെ വൃദ്ധർക്കും അർഹിക്കുന്ന പരിഗണനയും പരിചരണവും ലഭിക്കും. മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ ആരംഭിക്കുന്ന ജീറിയാട്രിക് വിഭാഗത്തിനു വേണ്ടി മന്ത്രി കെ.കെ. ശൈലജ വേണ്ട സഹായങ്ങൾ നൽകുന്നുണ്ട്.
വയോജനങ്ങൾക്കായി 32 ഹൈടെക് കിടക്കകൾ
പ്രയോഡനം ലഭിക്കുന്നത് 60 വയസു കഴിഞ്ഞവർക്ക്