തിരുവനന്തപുരം: ശബരിമലയിൽ വിശ്വാസത്തിന്റെ ഭാഗമായി പോകുന്ന വനിതകൾക്ക് സംരക്ഷണം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയിൽ എത്തുന്ന വനിതകളെയും അവരുടെ വാഹനങ്ങളെയും പരിശോധിക്കാൻ ആർക്കും അവകാശമില്ല. അതിനെതിരെ ശക്തമായ ഇടപെടലുണ്ടാകും. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ല. വിശ്വാസത്തിന്റെ ഭാഗമായി ശബരിമലയിലെത്തുന്നവർ ശാന്തരായി പോയി തിരിച്ചുവരുന്നവരാണ്. അതിൽ നിന്ന് വ്യത്യസ്ത നിലപാട് ആരിൽ നിന്നുണ്ടായാലും സമ്മതിച്ചുകൊടുക്കില്ല. വിശ്വാസികൾക്ക് സഹായവും സംരക്ഷണവും നൽകും. വിശ്വാസത്തിനനുസരിച്ച് അവർക്ക് കാര്യങ്ങൾ നടത്താനും സൗകര്യമൊരുക്കും. അതിന് തടസമുണ്ടാക്കാൻ അനുവദിക്കില്ല.
യുവതീപ്രവേശനത്തിൽ ദേവസ്വംബോർഡിന്റെ കാര്യം അവർ തീരുമാനിക്കും. സർക്കാർ പുനഃപരിശോധനാ ഹർജി നൽകില്ല. കോടതി വിധിക്കുന്നതെന്താണെങ്കിലും നടപ്പാക്കാൻ തയ്യാറാണെന്ന് സർക്കാർ വ്യക്തമാക്കിയതാണ്. ഹിന്ദു ധർമ്മശാസ്ത്ര പണ്ഡിതരടങ്ങുന്ന കമ്മിഷനെ വച്ച് അഭിപ്രായം തേടണമെന്നും സർക്കാർ പറഞ്ഞതാണ്. സ്ത്രീയും പുരുഷനും തമ്മിൽ വ്യത്യാസമുണ്ടെന്നല്ല, പുരുഷനുള്ള എല്ലാ അവകാശങ്ങളും സ്ത്രീക്കും ഉണ്ടെന്നാണ് സർക്കാരിന്റെ നിലപാട്. പക്ഷേ അതുവച്ച് നിയമനിർമ്മാണത്തിനൊന്നും ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമലയിൽ യുവതികൾ പോകരുതെന്ന് ഹൈക്കോടതി വിധിച്ചത് 1991ലാണ്. അതിന് ശേഷം ഇവിടെ ഇടതുമുന്നണി സർക്കാരുകൾ ഉൾപ്പെടെ അധികാരത്തിലിരുന്നല്ലോ. അപ്പോഴെല്ലാം ആ കോടതി വിധിയല്ലേ നടപ്പാക്കിയത്. ഇപ്പോൾ എല്ലാ സ്ത്രീകൾക്കും പോകാമെന്ന് സുപ്രീംകോടതി പറഞ്ഞു. അതാണ് സർക്കാർ നടപ്പാക്കേണ്ടത്.
ശബരിമലയിലേക്ക് പോകാൻ വനിതകൾക്ക് ഭയമുണ്ടോയെന്ന് തനിക്കറിയില്ല. പോകുന്നവർക്ക് സംരക്ഷണം നൽകും. പ്രക്ഷോഭങ്ങൾക്ക് ഇറങ്ങിയിരിക്കുന്നവർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് താനെങ്ങനെ ഉത്തരവാദിയാകും? സ്ത്രീയെ രണ്ടായി വലിച്ചുകീറുമെന്ന് പറഞ്ഞവരും ഭരണഘടനയ്ക്കെതിരെ ആക്രോശിച്ചവരുമൊക്കെയല്ലേ അവർ. ഉത്തരവാദപ്പെട്ടവർ ഇത്തരം നിലപാട് സ്വീകരിക്കാമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.