കിളിമാനൂർ: കിളിമാനൂർ ഗവ. ടൗൺ യു.പി.എസിൽ കഴിഞ്ഞദിവസം നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊർജിതമാക്കി. എന്നാൽ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. പലരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്ന് സി.ഐ പി.അനിൽകുമാർ പറഞ്ഞു.
ചുറ്റുമതിലിന്റെ ഒരു ഭാഗം തകർന്ന് കിടക്കുന്നതും മെയിൻ ഗേറ്റ് പൂട്ടാത്തതുമാണ് അക്രമികൾക്ക് സ്കൂളിൽ കയറാൻ വഴിയൊരുക്കിയത്. ശനി, ഞായർ ദിവസങ്ങളിൽ സ്കൂളിന് അവധിയായിരുന്നു. ഈ തക്കം മുതലെടുത്താണ് അക്രമികൾ സ്കൂളിൽ അകത്തു കടന്ന് അക്രമങ്ങൾ കാട്ടിയത്. സ്കൂൾ ബസിന്റെ ചില്ല് തകർക്കുകയും ക്ലാസ് റൂമുകളിൽ കയറി ബെഞ്ചും ഡെസ്ക്കുമൊക്കെ തകർക്കുകയും മലമൂത്ര വിസർജ്ജനം നടത്തുകയും ചെയ്തു. ലൈബ്രറി കുത്തിത്തുറന്ന് പുസ്തകങ്ങളും മറ്റും വലിച്ചു കീറിയെറിയുകയും അലമാരകളിൽ ചത്ത പൂച്ചയെയും എലിയെയും കൊണ്ടിടുകയും ചെയ്തു. സയൻസ് ലാബിൽ കടന്നുകയറി കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നശിപ്പിച്ചു. ആസൂത്രിതമായ ആക്രമണമാണ് നടത്തിയതെന്ന്
പൊലീസ് സംശയിക്കുന്നു. കിളിമാനൂർ ഉപജില്ലയിലെ ഏറ്റവും പ്രമുഖമായ പൊതുവിദ്യാഭ്യാസ സ്ഥാപനമാണ് ആക്രമിക്കപ്പെട്ടത്. സ്കൂളിന് നേരെ നടന്ന അക്രമ സംഭവത്തിൽ നാട് മുഴുവൻ പ്രതിഷേധത്തിലാണ്. കെ.എസ്.ടി.എ ഉൾപ്പെടെയുള്ള അദ്ധ്യാപക സംഘടനകളും വിദ്യാർത്ഥികളും വിവിധ ബഹുജന സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ബി. സത്യൻ എം.എൽ.എ, സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ. ജയചന്ദ്രൻ,വിവിധ സംഘടനാ നേതാക്കൾ എന്നിവർ പ്രതിഷേധം രേഖപ്പെടുത്തി.