തിരുവനന്തപുരം: ശ്രീനാരായണ ഗുരുവും സ്വാമി വിവേകാനന്ദനും മന്നത്ത് പത്മനാഭനും അടക്കമുള്ള നവോത്ഥാന നായകർ പോരാടി നേടിത്തന്ന സമത്വവും സ്വാതന്ത്ര്യവുമൊക്കെ നിലനിറുത്താൻ യുവതലമുറ പ്രയത്നിക്കണമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. സംസ്ഥാന യുവജന കമ്മിഷന്റെ നേതൃത്വത്തിൽ മാജിക് അക്കാഡമിയുമായി ചേർന്ന് കോളേജുകളിൽ സംഘടിപ്പിക്കുന്ന മൈ കേരള - മെന്ററിംഗ് യംഗ് കേരള പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം ഗവ. വിമെൻസ് കോളേജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗോപിനാഥ് മുതുകാട് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ മാജിക് അവതരിപ്പിച്ചു. യുവജന കമ്മിഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോം അദ്ധ്യക്ഷത വഹിച്ചു. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു, വിമെൻസ് കോളേജ് പ്രിൻസിപ്പൽ ജി. വിജയലക്ഷ്മി, കമ്മിഷൻ അംഗം ഐ. സാജു, സെക്രട്ടറി ഡി. സന്തോഷ് കുമാർ കെ.യു. ജനീഷ്‌കുമാർ, ടി.പി. ബിനീഷ്, ദീപു രാധാകൃഷ്ണൻ, വിനിൽ .വി, കെ. മണികണ്ഠൻ, യുവജനക്ഷേമ ബോർഡ് മെമ്പർ സെക്രട്ടറി എം.എസ്. കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.
മന്ത്രിയുടെ തൂവാല വാങ്ങിയാണ് മുതുകാട് മാജിക്കിന് തുടക്കമിട്ടത്. മന്ത്രിയുടെ വെള്ളത്തൂവാലയിൽ കാണികളായെത്തിയ യുവജനങ്ങളിൽ ചിലരോട് ഒപ്പിടാൻ ആവശ്യപ്പെട്ടു. ഒരു പെൺകുട്ടിയുടെ വാച്ച് വാങ്ങി ഒപ്പിട്ട ആ തൂവാലയിൽ പൊതിഞ്ഞ് വേദിയിലിരുന്ന ചെറിയ പെട്ടിയിൽ നിക്ഷേപിച്ച ശേഷം പെട്ടി പെൺകുട്ടിയെ ഏല്പിച്ചു. തുടർന്ന് കാണികളുടെ കസേരയുടെ അടിയിൽ ഒളിപ്പിച്ചുവച്ചിരുന്ന മറ്റൊരു പെട്ടി വേദിയിലേക്ക് കൊണ്ടുവന്നു. നിരവധി പെട്ടികൾ ഉള്ളടക്കം ചെയ്തിരുന്ന ആ വലിയ പെട്ടിയിൽ നിന്നു പുറത്തെടുത്ത ഓരോ ചെറിയ പെട്ടികൾക്കും പൂട്ടുകളുണ്ടായിരുന്നു. സദസിലെ പ്രമുഖരുടെ കൈകളിൽ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് പെട്ടികൾ ഓരോന്നായി തുറന്നു. ഒടുവിൽ അവസാനത്തെ പെട്ടി തുറക്കാനുള്ള ഊഴം മന്ത്രിക്കായിരുന്നു. അല്പനേരം മുമ്പ് ചെറിയ പെട്ടിയിൽ തൂവാലയിൽ പൊതിഞ്ഞ് സൂക്ഷിച്ച വാച്ച് തൂവാലയോടൊപ്പം മന്ത്രി തുറന്ന പെട്ടിയിലാണ് കണ്ടത്.