പോത്തൻകോട് : മണ്ണന്തല ഗവ.പ്രസിന് സമീപം ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പൈലിംഗ് ജോലികൾക്കിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. കന്യാകുമാരി ജില്ലയിലെ തോലടി ദേവിക്കോട് സ്വദേശി ജയൻ (50 ) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ മണ്ണിടിയുന്നതുകണ്ട് ഓടി മാറിയതിനാൽ വൻദുരന്തം ഒഴിവായി . ഇന്നലെ ഉച്ചയ്ക്ക് 1 .30 നായിരുന്നു അപകടം. സാൻറോയൽ കമ്പനിയുടെ സൈറ്റിലാണ് അപകടം.നിർമ്മാണത്തിനായി ഒരുവശത്ത് തറ നിരപ്പിൽ നിന്ന് 40 അടി താഴ്ചയിൽ മണ്ണ് നീക്കം ചെയ്തശേഷം കോൺഗ്രീറ്റ് സംരക്ഷണ ഭിത്തിയുടെ നിർമ്മാണം നടക്കുന്നതിനിടയിലാണ് അപകടം.
കൂറ്റൻ ഇരുമ്പ് ബീമുകളും ഷീറ്റുകളും ഉപയോഗിച്ച് വാൾ നിർമ്മിക്കുന്നതിനിടയിൽ മുകൾ ഭാഗത്തെ വീടിനോടു ചേർന്ന ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. മണ്ണിനടിയിൽപെട്ടുപോയ ജയനെ മണ്ണന്തല പൊലീസിന്റെയും ഫയർഫോഴ്സിന്റെയും സഹായത്തോടെ പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 33 സെന്റ് സ്ഥലത്ത് 7 നിലകളിലായി 42 ഫ്‌ളാറ്റാണ് നിർമ്മിക്കുന്നത്. ജനവാസമേഖലയിലെ ഫ്ലാറ്റ് നിർമ്മാണം മാനദണ്ഡങ്ങൾ പാലിക്കാതെയും സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താതെയുമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഫിലോമിനയാണ് മരിച്ച ജയന്റെ ഭാര്യ. മക്കൾ: വിഷ്ണു ,ശരൺ.
ക്യാപ്‌ഷൻ: മണ്ണന്തലയിലെ ഫ്ലാറ്റ് നിർമ്മാണ സ്ഥലം.