കോവളം: കടലിന്റെ സ്വഭാവം മാറിയതിനെ തുടർന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാനെത്തിയവർക്ക് കരയിലിറങ്ങാനായില്ല. സഞ്ചാരികളുമായി എത്തിയ ബൗദ്ധിക എന്ന വിനോദ സഞ്ചാര കപ്പലിന് വന്നതുപോലെ മടങ്ങേണ്ടി വന്നു. 500ലധികം സഞ്ചാരികളുമായാണ് കപ്പൽ തീരത്തെത്തിയത്. എന്നാൽ രണ്ട് പേരൊഴിച്ച് മറ്റാരും തീരത്തിറങ്ങിയില്ല. അറങ്ങിയില്ലായെന്നതല്ല ഇറങ്ങാൻ കഴിയാത്ത വിധം കാലാവസ്ഥ മോശമായിരുന്നു.കേരളത്തിൽ ആയുർവേദ ചികിത്സയ്ക്കെത്തിയ രണ്ടുപേർ മാത്രമാണ് കപ്പലിൽ നിന്ന് ചെറിയ ബോട്ടിൽ തീരമണഞ്ഞത്. ഇവർ ചികിത്സ കഴിയുന്ന മുറയ്ക്ക് വിമാത്തിൽ നാട്ടിലേക്ക് മടങ്ങുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കടൽ ശാന്തമായാൽ പുറത്തിറങ്ങാമെന്ന പ്രതീക്ഷയിൽ ഒൻപത് മണിക്കൂറോളം ഉൾക്കടലിൽ തങ്ങിയ ശേഷം നിരാശയോടെയാണ് സഞ്ചാരികൾ മടങ്ങിയത്. കൊച്ചിയിൽ നിന്ന് കൊളംബോയിലേയ്ക്കുള്ള യാത്രാ മദ്ധ്യേ രാവിലെ ആറരയോടെയെത്തിയ കപ്പൽ വലിപ്പക്കൂടുതൽ കാരണം പുറങ്കടലിൽ നങ്കൂരമിട്ടു. കപ്പലിൽ നിന്ന് പ്രഭാതഭക്ഷണം കഴിച്ച ശേഷം കരയിലേക്ക് വരാൻ തയ്യാറെടുത്തവർക്ക് മുന്നിൽ പെട്ടെന്നുണ്ടായ കാലാവസ്ഥ മാറ്റം പ്രതികൂലമായി. അപ്രതീക്ഷിതമായി പെയ്ത മഴയും ആർത്തിരമ്പിയ കടൽത്തിരകളും എല്ലാവരുടെയും പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചു. ഇതോടെ ഡിങ്കി ബോട്ടിൽ പോർട്ട് അധികൃതരും,കസ്റ്റംസ്, എമിഗ്രേഷൻ ഉദ്യോഗസ്ഥരും കപ്പലിൽ എത്തി നടപടി ക്രമം പൂർത്തിയാക്കി സഞ്ചാരികൾക്ക് തീരം വിടാനുള്ള സൗകര്യമൊരുക്കി 3.30 ഓടെ കപ്പൽ ശ്രീലങ്കയിലേക്ക് തിരിച്ചു.