തിരുവനന്തപുരം: ഒളിമ്പ്യന്മാരായ ജിൻസൺ ജോൺസണും വി.നീനയ്ക്കും സംസ്ഥാന സ്‌പോർട്സ് കൗൺസിലിന്റെ ജി.വി രാജ പുരസ്‌കാരം. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.മന്ത്രി ഇ.പി ജയരാജനാണ് വാർത്താസമ്മേളനത്തത്തിൽ പുരസ്കാര പ്രഖ്യാപനം നടത്തിയത്. ഒളിമ്പ്യൻ സുരേഷ്ബാബു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിന് ബാഡ്മിന്റൻ പരിശീലകൻ എസ്. മുരളീധരൻ അർഹനായി. രണ്ട് ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച പരിശീലകനായി സംസ്ഥാന സ്‌പോർട്സ് കൗൺസിൽ വോളിബോൾ പരിശീലകൻ എസ്.മനോജിനെ തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്. കോളജ് തലത്തിലെ മികച്ച കായികാദ്ധ്യാപകനുള്ള പുരസ്‌കാരം കോതമംഗലം മാർ അത്താനേഷ്യസ് കോളജിലെ ഡോ. മാത്യൂസ് ജേക്കബ് അർഹനായി. 50,000 രൂപയും ഫലകവും പ്രശംസാപ്രതവും അടങ്ങുന്നതാണ് അവാർഡ്.
മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച കോളേജായി ചങ്ങനാശ്ശേരി അസംപ്ഷൻ കോളജ് തിരഞ്ഞെടുക്കപ്പെട്ടു. 50000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സ്‌കൂൾ തല സ്‌പോർട്സ് ഹോസ്റ്റൽ (വനിത) വിഭാഗത്തിൽ ഏറ്റവും മികച്ച കായികനേട്ടങ്ങൾ കരസ്ഥമാക്കിയ കായികതാരമായി കൊല്ലം സെൻട്രലൈസ്ഡ് സ്‌പോർട്സ് ഹോസ്റ്റലിലെ അബിഗെയിൽ ആരോഗ്യനാഥൻ തിരഞ്ഞെടുക്കപ്പെട്ടു. 50,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്. കോളജ്തല സ്‌പോർട്സ് ഹോസ്റ്റൽ (വനിത) വിഭാഗത്തിൽ ഏറ്റവും മികച്ച കായികനേട്ടങ്ങൾ കരസ്ഥമാക്കിയ കായികതാരമായി ജിൻസി ജിൻസണെ (അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി)തിരഞ്ഞെടുത്തു. 50,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്.
മതിയായ യോഗ്യതയുള്ള അപേക്ഷകർ ഇല്ലാത്തതിനാൽ മികച്ച സ്‌കൂൾ കായിക അദ്ധ്യാപകനുള്ള അവാർഡ് പ്രഖ്യാപിച്ചില്ല. മികച്ച കായികനേട്ടം കൈവരിച്ച സ്‌കൂളുകളുടെ അപേക്ഷകൾ ലഭിച്ചിട്ടില്ലാത്തിതിനാൽ മികച്ച സ്‌കൂളിനുള്ള അവാർഡും പ്രഖ്യാപിച്ചില്ല. കോളേജ്,സ്‌കൂൾതല സ്‌പോർട്സ് ഹോസ്റ്റൽ വിഭാഗത്തിൽ (ആൺകുട്ടികൾ) അപേക്ഷകൾ ലഭിക്കാതിരുന്നതിനാൽ മികച്ച കോളേജ്, സ്‌കൂൾതല സ്‌പോർട്സ് ഹോസ്റ്റൽ ആൺകുട്ടികൾക്കുള്ള അവാർഡും പ്രഖ്യാപിച്ചില്ല.
വാർത്താസമ്മേളനത്തിൽ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസൻ, കായിക വകുപ്പ് സെക്രട്ടറി ഡോ.ജയതിലക്, സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി സഞ്ജയൻകുമാർ, സ്‌പോർട്സ് കൗൺസിൽ അംഗം എം.ആർ. രഞ്ജിത് തുടങ്ങിയവർ പങ്കെടുത്തു.