സ്ത്രീക്കും പുരുഷനും ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന 'തുല്യാവകാശം' ഉയർത്തിപ്പിടിച്ചാണ് സുപ്രീംകോടതി ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചത്. ഇതിനെതിരെ ചില സംഘടനകൾ നടത്തുന്ന സമരങ്ങൾ കൊണ്ട് 'ശബരിമല വിഷയം' സജീവമായി ചർച്ച ചെയ്യപ്പെടുകയാണല്ലോ. ഭക്തർക്ക് ശബരിമല അയ്യപ്പനിലുള്ള വിശ്വാസം ചൂഷണം ചെയ്ത് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളെ പൊതുജനം കാര്യമായെടുക്കുന്നില്ല.
ഇപ്പോഴത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മല ചവിട്ടിയുള്ള ഒരു ഭക്തൻ എന്ന നിലയിൽ ചില സംശയങ്ങളുന്നയിക്കുകയാണ് ഈ കത്തിലൂടെ.
1. നിരവധി വർഷങ്ങളായി ശ്രീഅയ്യപ്പനെ സേവിക്കുകയും മകരജ്യോതിസ് തെളിയിക്കുകയും ചെയ്തു പോന്ന ആദിവാസി വിഭാഗത്തെ വർഷങ്ങൾക്കു മുമ്പ് ബലവും അധികാരവും ഉപയോഗിച്ച് ഒഴിവാക്കിയ ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും നടപടികൾ ശരിയായിരുന്നില്ല. പക്ഷേ ഇതിനെതിരെ പ്രതികരിക്കുവാൻ അശക്തരായ ആദിവാസികളെ സഹായിക്കാതെ, ഭക്തജന സംഘടനകൾ, രാഷ്ട്രീയ കക്ഷികൾ, മാധ്യമങ്ങൾ, മുതലായവ മൗനം പാലിച്ചത് ശരിയായിരുന്നോ? ഇതേ ആദിവാസികൾക്ക് ഇപ്പോൾ ശബരിമല ഭരണത്തിലോ ക്ഷേത്രത്തിന്റെ നടത്തിപ്പിലോ എന്തെങ്കിലും പങ്കുണ്ടോ?
2. ഉദ്ദേശം 30 വർഷങ്ങൾക്കു മുമ്പുവരെ ശബരിമല ദർശനം നടത്തിയിരുന്നവർ ശരീര ശുദ്ധിയും വ്രതശുദ്ധിയും ആചാര പ്രകാരം പാലിച്ചിരുന്നു. മകരവിളക്ക് - മണ്ഡലപൂജ കാലയളവിൽ 41 ദിവസം വ്രതമെടുക്കുന്നു. ദർശനം കഴിഞ്ഞ് തിരിച്ചുവന്ന് മാല ഊരിയ ശേഷമേ വ്രതമവസാനിപ്പിക്കൂ. എന്നാൽ ഇന്ന് പുരുഷന്മാർ ഉൾപ്പെടെ മാലയിടുന്നവർ അധികവും രണ്ടോ മൂന്നോ ദിവസത്തെ മാത്രം വ്രതമെടുത്താണ് ദർശനം നടത്തുന്നത്. വ്രതകാലയളവ് കുറച്ചുകൊണ്ടുള്ള ആചാര്യ സഭയുടെയോ, താന്ത്രിക സഭയുടെയോ യാതൊരു തീരുമാനവും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ ശബരിമല ദർശനം നടത്തുന്ന സ്ത്രീകൾ മാത്രം 41 ദിവസത്തെ വ്രതമെടുക്കണമെന്ന് ഇന്ന് ശഠിക്കുന്നത് ശരിയാണോ?
3. പിന്നാക്ക അയിത്ത ജാതിക്കാർക്ക് പ്രവേശനം ലഭിക്കാനാണ് വൈക്കം - ഗുരുവായൂർ ക്ഷേത്ര നടകളിൽ 1924, 1931 വർഷങ്ങളിൽ സത്യാഗ്രഹ സമര പരിപാടികൾ നടത്തിയത്. കീഴ്ജാതിക്കാർ ക്ഷേത്ര നടയിൽ വന്നാൽ അമ്പലത്തിലെ പ്രതിഷ്ഠയുടെ ദിവ്യശക്തി നശിക്കുമെന്നാണ് അക്കാലത്ത് തന്ത്രിമാർ (ബ്രാഹ്മണ ആചാര്യന്മാർ - തന്ത്രിമാർ) പറഞ്ഞിരുന്നത്. ദീർഘമായ സമരങ്ങൾക്കു ശേഷം എല്ലാവർക്കും ക്ഷേത്ര പ്രവേശനം അനുവദിക്കപ്പെട്ടു. അയിത്ത ജാതിക്കാർ അമ്പല ദർശനം നടത്തിയതുകൊണ്ട് ഏതെങ്കിലും ദേവന്റെയോ ദേവിയുടെയോ പ്രഭ മങ്ങിയതായി ആരും പറഞ്ഞിട്ടില്ല. അതുപോലെ തന്നെ ഒന്നല്ലേ ശബരിമല സ്ത്രീ പ്രവേശനത്തിനെിരെ ഇപ്പോൾ പറയുന്നതും.
4. ശബരിമലയിലെ പൂജാവിധികളെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം താഴമൺ തന്ത്രി കുടംബത്തിനു മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നത് ഏത് മാനദണ്ഡത്തിലാണെന്നറിയാൻ ഭക്തർക്ക് അവകാശമുണ്ട്. ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾ ഭക്തിപൂർവം തന്ത്രിമാർക്ക് കാണിക്ക (ദക്ഷിണ - ഉപകാരം)യിടുന്നത് തന്ത്രിമാർ അയ്യപ്പസേവ ചെയ്യുന്നതുകൊണ്ടാണ്. പക്ഷേ ഈ കുടുംബത്തിലെ ചില തന്ത്രിമാർ (പ്രത്യേകിച്ച് കണ്ഠര് മോഹനര്) അയ്യപ്പൻ മുഖേന നേടിയ പണം ഒരു ഭക്തനും നിരക്കാത്ത രീതിയിൽ (സദാചാര വിരുദ്ധ കാര്യങ്ങൾക്ക്) ചെലവാക്കിയതും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതും കേരളത്തിലെ ഭക്ത സമൂഹം മറന്നിട്ടില്ല.
എന്നാൽ തന്ത്രി കുടുംബത്തിലെ മുതിർന്ന അംഗമെന്ന നിലയിൽ ശബരിമലയിലെ മേൽശാന്തി നിയമനത്തിനുള്ള ഇന്റർവ്യൂ ബോർഡിലും പ്രധാന തന്ത്രി സ്ഥാനത്തേക്കും തന്നെ പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും അത് നേടിയെടുക്കാനുള്ള രാഷ്ട്രീയ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ട്.
സ്വഭാവ ശുദ്ധിയില്ലാത്ത ഒരാളെ ശബരിമലയുടെ ഭരണസ്ഥാപനങ്ങളിലോ താന്ത്രിക സ്ഥാനങ്ങളിലോ വരാതിരിക്കാൻ തന്ത്രി കുടുംബവും ദേവസ്വം ബോർഡും ഭക്തജന സമൂഹവും ഉടൻ തീരുമാനമെടുക്കേണ്ടതല്ലേ?
5. കോടതി വിധിപ്രകാരം സ്ത്രീകൾ ശബരിമല ദർശനം നടത്തിയാൽ അവരെ പുലിയും പുരുഷനും പിടിക്കുമെന്ന് പരസ്യമായി പേടിപ്പിക്കുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ വിശ്വാസികളെ പരിഹസിക്കുകയല്ലേ ചെയ്യുന്നത്?
അയ്യപ്പന്റെ ഖജനാവിൽ നിന്നും പല പ്രാവശ്യമായി ചോർന്നുപോയ തുകയെക്കുറിച്ചും അതിനുത്തരവാദികളായവരെക്കുറിച്ചും അധികാരികൾ നിശബ്ദത പാലിക്കുന്നതും കുറ്റകരമല്ലേ?
ശിവാനന്ദൻ.
നന്ദനം, കൊടുങ്ങാന്നൂർ, വട്ടിയൂർക്കാവ്.