sabarimala-pinarayi-

തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ പുനഃപരിശോധനാ ഹർജി നൽകാനോ സുപ്രീംകോടതി വിധി മറികടക്കാൻ പുതിയ നിയമ നിർമ്മാണത്തിനോ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമവാഴ്ചയുള്ള നാട്ടിൽ സുപ്രീംകോടതി വിധി നടപ്പാക്കുക എന്ന നിലപാടേ സക്കാരിന് സ്വീകരിക്കാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.

പുത്തരിക്കണ്ടം മൈതാനത്ത് എൽ.ഡി.എഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തിൽ സർക്കാരിനെ തെറി പറഞ്ഞതു കൊണ്ട് ഒരു ഫലവുമില്ല. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വികാരം ഇളക്കിവിട്ട് സർക്കാരിനെക്കൊണ്ട് വേറെ നിലപാട് എടുപ്പിക്കാനാവില്ല. വിധി വന്നപ്പോൾ ശബരിമലയുമായി ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി എന്ന നിലയിൽ ക്ഷണിച്ചതാണ്. അവർ ചർച്ചയ്ക്ക് തയ്യാറായില്ല. വിധിയുടെ മറവിൽ കോൺഗ്രസും ബി.ജെ.പിയും രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് വികാരം ഇളക്കിവിടുന്നത്. വലിയ അക്രമങ്ങളാണ് ഇക്കൂട്ടർ അഴിച്ചുവിടുന്നത്. സുപ്രീംകോടതി വിധി വന്നപ്പോൾ സ്വാഗതം ചെയ്തവരാണ് പിന്നീട് നിലപാട് മാറ്റിയത്. ചരിത്രവിധി എന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വം പ്രതികരിച്ചത്. ആർ.എസ്.എസിന്റെ ദേശീയ നേതാക്കളും വിധിയെ സ്വാഗതം ചെയ്തു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും ഇതേ നിലപാടായിരുന്നു.കോടതി വിധിക്കനുസരിച്ച് കാര്യങ്ങൾ നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.ഇവർ പെട്ടെന്ന് നിലപാട് മാറ്റിയതിന് പിന്നിലെ താത്പര്യം എന്താണ്?നിലപാട് മാറ്റത്തിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ തർക്കമാണ്.

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒട്ടേറെ പരാമർശങ്ങൾ നമ്മൾ കേട്ടു.സ്ത്രീകളെ വലിച്ചുകീറും എന്നുവരെ പറഞ്ഞില്ലേ.സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുന്ന വനിതാ നേതാക്കൾക്കെതിരെ സംസ്കാര ഹീനമായ പരാമർശങ്ങളാണ് ഉയർന്നത്. കോൺഗ്രസിന് എങ്ങനെയാണ് ആർ.എസ്.എസ് സമരത്തിനൊപ്പം കൂടാൻ കഴിയുക. കോൺഗ്രസിൽ ആർ.എസ്.എസ് മനസ് രൂഢമൂലമാകുന്നതിന്റെ തെളിവാണിത്. ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യമാണ് കൺഗ്രസ് കളഞ്ഞു കുളിക്കുന്നത്. മുസ്ലീം ലീഗൊക്കെ വലിയ ആവേശത്തോടെ കൈയടിക്കുന്നുണ്ടല്ലോ. ഈ വിശ്വാസം അൽപ്പം ഒന്നു നീട്ടി ബാബറി മസ്ജിദിന് ബാധകമാക്കിയാൽ എന്താവും? രാമജന്മഭൂമിയാണ് അത് എന്നല്ലേ ഒരു വിഭാഗത്തിന്റെ വിശ്വാസം. മറ്രു ചില ആരാധനാലയങ്ങളിലും അവർ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. മതനിരപേക്ഷക മനസിനെ ചെറുക്കാനുള്ള ഇത്തരം നീക്കങ്ങൾ അനുവദിക്കാനാവുമോ. ഇതിനെതിരെ മതവിശ്വാസികളടക്കം എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കണമെന്നും പിണറായി പറഞ്ഞു.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മുൻ എം.എൽ.എ ജമീല പ്രകാശം എന്നിവർ പ്രസംഗിച്ചു. ആനാവൂർ നാഗപ്പൻ സ്വാഗതം പറഞ്ഞു.