തിരുവനന്തപുരം : അതിജീവനത്തിന് വേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ടത്തിന് ഒപ്പം നില്ക്കാൻ സമൂഹം തയ്യാറാകണമെന്ന് സാഹിത്യകാരൻ എം.മുകുന്ദൻ പറഞ്ഞു. തീർത്ഥപാദ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ വള്ളത്തോൾ സാഹിത്യ സമിതിയുടെ വള്ളത്തോൾ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളെ ചൂഷണം ചെയ്യുന്നതിൽ എല്ലാ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും ഒരുപോലെയാണ്. വിമോചനത്തിന് വേണ്ടി സ്ത്രീകൾ മുന്നിട്ടിറങ്ങുമ്പോൾ അത് വിവാദമാക്കുകയും നിസാരവത്ക്കരിക്കുകയും ചെയ്യും. സ്ത്രീകൾ ഇന്ന് ഒരു വലിയ മുന്നേറ്റം നടത്തുകയാണ്. കമ്മ്യൂണിസ്റ്രുകാരും കോൺഗ്രസുകാരും, വിശ്വാസികളും നിരീശ്വരവാദികളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി നില്ക്കണം.പെണ്ണ് ഒരു മുന്നേറ്റത്തിനിറങ്ങുമ്പോൾ അവളോടൊപ്പം നിൽക്കുകയാണ് ആണിന്റെ കടമ. പുരുഷകേന്ദ്രീകൃതമായ ഇന്നത്തെ സമൂഹത്തിന് മാറ്റം അനിവാര്യമാണ്. പക്ഷേ സ്ത്രീകൾക്ക് വേണ്ടി സംസാരിച്ചാൽ അത് വിവാദമാകുന്നു. വിവാദത്തിൽ വസ്തുതകൾ മങ്ങിപ്പോകും.വിവാദമല്ല മറിച്ച് സംവാദമാണ് വേണ്ടതെന്നും മുകുന്ദൻ പറഞ്ഞു. മന്ത്രി സി.രവീന്ദ്രനാഥ് പുരസ്‌കാരം എം.മുകുന്ദന് സമ്മാനിച്ചു. മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഴുമറ്റൂർ രാജരാജവർമ്മ, ഡോ.ദേശമംഗലം രാമകൃഷ്ണൻ, രാജൻ.വി.പൊഴിയൂർ, ലക്ഷ്മി.ആർ.നായർ, ശ്രീജ മുകുന്ദൻ എന്നവർ പങ്കെടുത്തു.