balabhaskar

തിരുവനന്തപുരം:വയലിൻ മാന്ത്രികൻ ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നപ്പോൾ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കർ തന്നെയായിരുന്നുവെന്ന് ഡ്രൈവർ അർജുൻ പൊലീസിന് മൊഴി നൽകി.

തുശൂരിൽ നിന്ന് കൊല്ലം വരെ താനും അതിനു ശേഷം ബാലഭാസ്‌കറുമാണ് വാഹനം ഓടിച്ചത്.കൊല്ലത്ത് വച്ച് താനും ബാലഭാസ്‌കറും കരിക്കിൻ ഷേക് കുടിച്ചു. അതിന് ശേഷം താൻ പിൻസീറ്റിലിരുന്ന് ഉറങ്ങിപ്പോയി. അവിടുന്നിങ്ങോട്ട് ബാലഭാസ്‌കർ തന്നെയായിരുന്നു വണ്ടിയോടിച്ചത്. മുൻസീറ്റിൽ ഇടതുവശത്ത് ഭാര്യ ലക്ഷ്മിയും അവരുടെ മടിയിൽ മകൾ തേജസ്വിനി ബാലയുമുണ്ടായിരുന്നു. അപകടമുണ്ടാപ്പോൾ താൻ മയക്കത്തിലായിരുന്നുവെന്നും അർജുൻ കേസന്വേഷിക്കുന്ന മംഗലപുരം പൊലീസിന് മൊഴി നൽകി.

അപകടത്തിൽ കാലിനും നട്ടെല്ലിനും പരിക്കേറ്റ അർജ്ജുൻ ഇന്നലെയാണ് ആശുപത്രി വിട്ടത്. തുടർ ചികിത്സയ്ക്കായി സ്വദേശമായ തൃശൂരിലേക്ക് പോയി. അതിന് മുമ്പാണ് ഇയാളുടെ മൊഴിയെടുത്തതെന്ന് അന്വേഷണസംഘം തലവൻ മംഗലപുരം എസ്. ഐ. അജയൻ പറഞ്ഞു.

സെപ്തംബർ 25 നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പ്പെട്ടത്. മകൾ തേജ്വസിനി ബാല സംഭവസ്ഥലത്തും ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കർ ഓക്ടോബർ രണ്ടിന് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്‌മി ഇപ്പോഴും ചികിത്സയിലാണ്.