തിരുവനന്തപുരം : പ്രതിലോമകരമായ കാഴ്ചപ്പാട് ഉയർത്തിയവരെ ചരിത്രം ഓർക്കാറില്ലെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു.കേരള സർവകലാശാല ഡിപ്പാർട്ട്‌മെന്റ് ഒഫ് സ്റ്റുഡന്റ് സർവീസസിന്റെ നേതൃത്വത്തിൽ യുക്തിഭദ്രമായ കാമ്പസ്, സുസ്ഥിര കേരളം എന്ന പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർവകലാശാലകളിലും സമൂഹത്തിന്റെ വിവിധ തുറകളിലും യുക്തിപരമായ നിലപാടുകളാണ് സാമൂഹിക പരിവർത്തനം സാദ്ധ്യമാക്കിയത്. രാജാറാം മോഹൻ റോയിയും, ഗാന്ധിജിയുമൊക്കെ തങ്ങളുടെ മതത്തിൽ വിശ്വസിക്കുമ്പോഴും അതിലെ ജീർണതകളെയും യുക്തിരാഹിത്യത്തെയും നിരന്തരം വിമർശിച്ചിരുന്നു. അതിന്റെ ഫലമാണ് ഇന്നത്തെ ഈ പുരോഗതിക്ക് കാരണം. എന്നാൽ ഇതിനെതിരായ നിലപാടാണ് ശബരിമല വിഷയത്തിൽ കാണുന്നത്. എല്ലാകാലത്തും പുരോഗമനപരമായ ചിന്തയ്ക്കെതിരെ എതിർപ്പ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൈക്കാട് കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷനിൽ നടന്ന ചടങ്ങിൽ സിൻഡിക്കേറ്റംഗം അഡ്വ. കെ.എച്ച്. ബാബുജാൻ അദ്ധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ എം. ഹരികൃഷ്ണൻ, ഷിജൂ ഖാൻ .ജെ.എസ്, അഡ്വ. ജി. സുഗുണൻ, ഡോ. ഷാജി .കെ, ഡോ. പി. രാജേഷ്‌കുമാർ, ലെനിൻ ലാൽ. എം, പ്രിൻസിപ്പൽ ഡോ. ബി. സുരേഷ്, കേരള സർവകലാശാല യൂണിയൻ ചെയർപേഴ്‌സൺ ശ്യാമിലി ശശികുമാർ, ഗവേഷക യൂണിയൻ ചെയർമാൻ വിഷ്ണു .കെ.പി, സ്റ്റുഡന്റ് സർവീസസ് ഡയറക്ടർ ഡോ. ആർ. സിദ്ദിക്ക് എന്നിവർ സംസാരിച്ചു.