flood

തിരുവനന്തപുരം:പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിന് ധനം സമാഹരിക്കാനുള്ള സംസ്ഥാന മന്ത്രിമാരുടെ വിദേശയാത്രയ്‌ക്ക് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു.വിദേശകാര്യ മന്ത്രാലയ അധികൃതർ ഇന്നലെ സന്ധ്യയോടെ ഇക്കാര്യം ചീഫ്സെക്രട്ടറി ടോം ജോസിനെ വാക്കാൽ അറിയിക്കുകയായിരുന്നു. രേഖാമൂലം അറിയിപ്പ് വന്നിട്ടില്ലെങ്കിലും ഇതോടെ മന്ത്രിമാരുടെ യാത്ര റദ്ദായി.

ഡൽഹിയിലെ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയോട് സമ്മതിച്ച സ്ഥിതിക്ക് അനുമതി കിട്ടുമെന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതീക്ഷിച്ചത്. കുറച്ച് പേർക്കെങ്കിലും കിട്ടാതിരിക്കില്ലെന്ന് അവസാനനിമിഷം വരെയും പ്രതീക്ഷിച്ചെങ്കിലും നിരാശയായി ഫലം. അനുമതിയില്ല എന്ന് മാത്രമാണ് ചീഫ്സെക്രട്ടറിയെ അറിയിച്ചത്. കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ല.

നേരത്തേ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി കിട്ടിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ യു.എ.ഇയിലേക്ക് പോകും. പ്രാദേശിക സമയം രാവിലെ 7മണിക്ക് അബുദാബിയിലെത്തുന്ന അദ്ദേഹം ദുബായിലും ഷാർജയിലും മലയാളികളുടെ യോഗങ്ങളിൽ പങ്കെടുത്ത് 21ന് മടങ്ങിയെത്തും.

വിദേശരാജ്യങ്ങളിലെ മലയാളി അസോസിയേഷനുകൾ വഴി 5,000കോടി രൂപയെങ്കിലും സമാഹരിക്കാമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ലോക കേരളസഭാ പ്രതിനിധികളുടെ മേൽനോട്ടത്തിൽ ഇതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയെങ്കിലും വെറുതെയായി. കുറച്ച് മന്ത്രിമാർക്കെങ്കിലും അനുമതി കിട്ടിയേക്കുമെന്ന പ്രതീക്ഷ ഇന്നലെ മന്ത്രിസഭായോഗത്തിലും മുഖ്യമന്ത്രി പ്രകടിപ്പിച്ചിരുന്നു.

അംഗീകൃത സംഘടനകൾ വഴിയല്ല വിദേശ യാത്രയ്‌ക്ക് മന്ത്രിമാർ അനുമതി തേടിയത് എന്ന് വിദേശമന്ത്രാലയത്തിന്റെ റിപ്പോർട്ടിലുള്ളതായി നേരത്തേ വാർത്തകളുണ്ടായിരുന്നു. ഇത് സംസ്ഥാനസർക്കാർ നിഷേധിച്ചിരുന്നു.