bbbbb

തിരുവനന്തപുരം: അപേക്ഷിച്ച് ഏഴ് ദിവസത്തിനകം കണക്‌ഷൻ നൽകിയില്ലെങ്കിൽ വൈകുന്ന ഒാരോ ദിവസത്തിനും വൈദ്യുതി ബോർഡ് അപേക്ഷകന് 1,000 രൂപ പിഴ നൽകണം. വൈദ്യുതി കട്ടിന് കാരണം പറഞ്ഞില്ലെങ്കിലും ബോർഡ് ഫൈൻ കൊടുക്കണം. വൈദ്യുതി ബോർഡുകൾക്ക് തോന്നുംപോലെ നിരക്ക് കൂട്ടാനും കഴിയില്ല.

പുതിയ കേന്ദ്ര വൈദ്യുതിനിയമത്തിലെ വ്യവസ്ഥകളാണിവ.

ദേശീയ തലത്തിൽ നിരക്ക് ഏകീകരിക്കും. ഈ നിരക്ക് പുതുതായി രൂപീകരിക്കുന്ന സെൻട്രൽ ഇലക്ട്രിസിറ്റി അതോറിട്ടി നിർണയിക്കും. വ്യവസായ ഉപഭോക്താക്കൾക്ക് പുറമെ നിന്ന് കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാൻ അനുവദിക്കുന്ന നിയമത്തിൽ, ഇതിന് സർചാർജ് ഇൗടാക്കുന്നതിൽ നിന്ന് വൈദ്യുതി ബോർഡിനെ വിലക്കുന്നു. ഇപ്പോൾ കെ.എസ്.ഇ.ബി.സർചാർജും ലൈൻ വാടകയും വാങ്ങുന്നുണ്ട്. പ്രവർത്തന നഷ്ടം നികത്താൻ നിരക്ക് കൂട്ടാനാവില്ല. വൈദ്യുതി ബോർഡുകളുടെ നഷ്ടത്തിന്റെ 15 ശതമാനം 2019ലും പിന്നീട് 2022 വരെ 10 ശതമാനവും നിരക്ക് വർദ്ധിപ്പിച്ച് കണ്ടെത്താം. പിന്നീട് ഇത് പൂർണമായും അവസാനിപ്പിക്കണം.

വൈദ്യുതി നിരക്കിൽ സംസ്ഥാനങ്ങൾക്ക് സബ്സിഡി നൽകണമെങ്കിൽ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിക്ഷേപിക്കണം. വ്യത്യസ്ത നിരക്ക് പറ്റില്ല. വൻകിട ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ നിരക്ക് വാങ്ങി പാവപ്പെട്ടവർക്ക് സൗജന്യ നിരക്കിൽ വൈദ്യുതി നൽകുന്ന രീതിയാണിപ്പോഴുള്ളത്. ഇതിന് പകരം എല്ലാവർക്കും ഒരേ നിരക്കെന്നാണ് പുതിയ നിയമം നിഷ്കർഷിക്കുന്നത്.

മറ്റ് പ്രധാന നിർദ്ദേശങ്ങൾ

ക്രോസ് സബ്സിഡി നിരക്ക് സമ്പ്രദായം മൂന്ന് വർഷത്തിനുള്ളിൽ ഇല്ലാതാക്കണം

പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നവരിൽ നിന്ന് സർചാർജ് വാങ്ങരുത്

സബ്സിഡി നിരക്കിൽ കുറയ്ക്കരുത്. നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകണം

 ദേശീയ തലത്തിൽ ഏകീകൃത വൈദ്യുതി നിരക്ക്

പുതിയ വൈദ്യുതിനിയമത്തിലെ പലനിർദ്ദേശങ്ങളും ഫെഡറൽ സംവിധാനത്തിനെതിരാണ്. മറ്റ് സംസ്ഥാനങ്ങളുമായി ചേർന്ന് പ്രതിഷേധിക്കും. പിന്തുണ തേടി എല്ലാവർക്കും കത്തയച്ചിട്ടുണ്ട്.

വൈദ്യുതി മന്ത്രി എം.എം. മണി

ക്രോസ് സബ്സിഡി ഇല്ലാതാക്കുന്നത് ജനദ്രോഹകരം. വൈദ്യുതി തൊഴിലാളികൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കുമ്പോൾ വ്യവസായ തർക്കനിയമം ബാധകമാവില്ലെന്ന വ്യവസ്ഥയും അന്യായം

പി.എസ്. പ്രശാന്ത്
ജനറൽ സെക്രട്ടറി
കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോൺഫെഡറേഷൻ