kottiyathara

വിതുര: വിതുര പഞ്ചായത്തിലെ ജനവാസകേന്ദ്രമായ കോട്ടിയത്തറയിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി. വിതുര-പൊന്മുടി സംസ്ഥാനപാതയിൽ ശിവക്ഷേത്ര ജംഗ്ഷനിൽ നിന്നു കോട്ടിയത്തറയിലേക്കുള്ള പ്രധാന റോഡാണ് ഗതാഗതയോഗ്യമല്ലാതായി മാറിയത്. മഴക്കാലത്ത് റോഡ് തടാകമായി മാറുന്ന സ്ഥിതിയാണ്. മഴ പെയ്താൽ ചെളിക്കളമാകുന്ന റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ.മഴക്കാലത്ത് വാഹനങ്ങൾ പുറത്തിറക്കാൻ പറ്റാത്ത അവസ്ഥയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. റോഡിന്റെ ഒരു വശത്തുകൂടി കൈത്തോടൊഴുകുന്നതിനാൽ ചുറ്റും വെള്ളം നിറഞ്ഞ അവസ്ഥയാണ്.മുമ്പ് പാടശേഖരമായിരുന്നതിനാൽ വഴി നിർമ്മിച്ച കാലം മുതൽ വെള്ളക്കെട്ടു പതിവാണ്. തുടർന്നാണ് റോഡിൽ ടാറിംഗ് നടത്തിയത്. എന്നാൽ പിന്നീട് അറ്റകുറ്റപ്പണി ചെയ്യാത്തത് റോഡ് തകരാൻ കാരണമായി.

കോട്ടിയത്തറ ശിവൻകോവിൽ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ സമരങ്ങൾ നടത്തി. നിരവധി നിവേദനങ്ങളും സമർപ്പിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് തേടിയെത്തുന്നവർ വിജയിപ്പിച്ചാൽ റോഡ് ശരിയാക്കിത്തരാമെന്ന് വാഗ്ദാനം നടത്താറുണ്ടെങ്കിലും പിന്നീട് തിരിഞ്ഞു നോക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്.