text-book

തിരുവനന്തപുരം: ദുരന്ത നിവാരണം, തൊഴിൽ നൈപുണ്യം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി നിലവിലുള്ള സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിക്കും. ചില പാഠഭാഗങ്ങൾ ഇതിന് അനുസൃതമായി ഒഴിവാക്കും.

67 പാഠപുസ്തകങ്ങളിൽ ഇത് സംബന്ധിച്ച് വരുത്തിയ പരിഷ്കരണം 23ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സ്കൂൾ കരിക്കുലം കമ്മിറ്റി യോഗം അംഗീകരിക്കും. ഒന്നാം ക്ലാസിലെ ഏഴും, അഞ്ചാം ക്ലാസിലെ പതിനെട്ടും, ഒൻപതിലെയും പത്തിലെയും 21 വീതവും പുസ്തകങ്ങളാണ് പരിഷ്കരിച്ചത്. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ‌ഡോ. ജെ. പ്രസാദിന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന കരിക്കുലം സബ് കമ്മിറ്റി യോഗം ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ചർച്ച ചെയ്തു. ഇതിന് പുറമെ, ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിലെ പാഠ്യപദ്ധതിയും പാഠ്യക്രമവും ദേശീയ നിലവാരത്തിലേക്ക് ഉയർത്തലും, വിവരസാങ്കേതികവിദ്യയിൽ കൂടുതൽ പരിശീലനം നൽകലും സംബന്ധിച്ച നിർദ്ദേശങ്ങളും ചർച്ച ചെയ്തു, പരിഷ്കരിച്ച പുസ്തകങ്ങൾ ഉൾപ്പെടെ സബ് കമ്മിറ്റി പരിശോധിച്ച ശേഷം 23ന് റിപ്പോർട്ട് സമർപ്പിക്കും. അദ്ധ്യാപക സംഘടനാ നേതാക്കളായ കെ.സി. ഹരികൃഷ്ണൻ, ജി. ശ്രീകുമാർ, പി. ഹരിഗോവിന്ദൻ, സി.പി. ചെറിയമുഹമ്മദ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

മാറ്റങ്ങളെച്ചൊല്ലി തർക്കം

സ്കൂൾ പാഠപുസ്തകങ്ങളിൽ വരുത്തുന്ന മാറ്റങ്ങളെച്ചൊല്ലി കരിക്കുലം സബ് കമ്മിറ്റി യോഗത്തിൽ തർക്കം ഉയർന്നു. മാറ്റത്തിന് പിന്നിൽ സി.പി.എമ്മിന്റെ രാഷ്ട്രീയവത്കരണം ആരോപിച്ച് കോൺഗ്രസ് അനുകൂല സംഘടനയായ കെ.പി.എസ്.ടി.എ നേതാവ് പി. ഹരിഗോവിന്ദൻ ഇറങ്ങിപ്പോയി.