sabarimala-women-entry

തിരുവനന്തപുരം:ശബരിമലയിൽ സംഘർഷം രൂക്ഷമാവുന്നതിനിടെ , സുപ്രീംകോടതി വിധി നടപ്പാക്കാൻ ദേവസ്വംബോർഡ് സാവകാശം തേടിയേക്കും.ഇതിന് സുപ്രീംകോടതിയിലെ സ്റ്റാൻഡിംഗ് കൗൺസൽമാരോട് നിയമോപദേശം തേടിയിട്ടുണ്ട്. അവരുടെ ഉപദേശം നാളത്തെ യോഗത്തിൽ ചർച്ച ചെയ്തശേഷം ബോർഡിന്റെ നിലപാട് വ്യക്തമാക്കും.

എന്ത് കാരണം പറഞ്ഞ് സാവകാശം ചോദിക്കുമെന്നതാണ് ബോർഡിന്റെ കടമ്പ. ക്രമസമാധാന പ്രശ്നം ഉന്നയിച്ചാൽ സർക്കാരിന് കുരുക്കാവും. പ്രളയ ദുരന്തമാണ് ബോർഡിന്റെ ഒരു പിടിവള്ളി. കൂടുതൽ സ്ത്രീകളെത്തുമ്പോൾ സൗകര്യങ്ങൾ വർദ്ധിപ്പിക്കണം. ബോർഡ് പ്രസിഡന്റ് ഇക്കാര്യം നേരത്തേ സൂചിപ്പിച്ചതാണ്. ഇതിന്റെ പേരിൽ സാവകാശം തേടിയാൽ കോടതി അനുവദിക്കുമോ എന്നാണ് പരിശോധിക്കുന്നത്.

അനുരഞ്ജനമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്നലെ വ്യക്തമാക്കി. കോടതി വിധിയിൽ വിശ്വാസികളുടെ വികാരം സർക്കാർ മാനിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ ബോർഡ് പ്രസിഡന്റിനും മെം‌ബർമാർക്കും ഇതിൽ ഭിന്നതയുണ്ടെന്ന് അറിയുന്നു. ശബരിമലയുമായി ബന്ധപ്പെട്ടവരുടെ വികാരം മാനിച്ച് അനുകൂല തീരുമാനം എടുക്കുമെന്നാണ് കഴിഞ്ഞ ദിവസം പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞത്. റിവ്യൂപെറ്റിഷൻ നൽകേണ്ട എന്നാണ് ഒരു അംഗത്തിന്റെ അഭിപ്രായം. നിയമോപദേശം അനുസരിച്ച് തീരുമാനിക്കണമെന്നാണ് രണ്ടാമത്തെ അംഗത്തിന്റെ നിലപാട്. സ്വതന്ത്രമായി തീരുമാനിക്കാനുള്ള അധികാരം ബോർഡിന് സർക്കാർ നൽകിയിട്ടുണ്ട്. അംഗങ്ങൾക്ക് ഭിന്നാഭിപ്രായമുണ്ടെങ്കിലും നിയമോപദേശം നടപ്പാക്കുന്നതിൽ ഒറ്രക്കെട്ടായിരിക്കും.

കോടതിവിധി മറികടക്കാനോ നിയമനിർമ്മാണത്തിനോ സർക്കാർ ശ്രമിക്കില്ലെന്ന് മുഖ്യമന്ത്രി അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. പല വ്യക്തികളും സംഘടനകളും നൽകിയ 24 റിവ്യൂ ഹർജികളാണ് കോടതിയിലുള്ളത്.