santhananda
Sivagiri photo

ശിവഗിരി: കേരളത്തിനു പുറത്ത് ഗുരുദേവ സന്ദേശം പ്രചരിപ്പിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച മൂന്ന് സന്യാസി ശ്രേഷ്ഠന്മാരാണ് സ്വാമി ഗോവിന്ദാനന്ദയും സ്വാമി ആത്മാനന്ദയും സത്ഗുരു മലയാള മഹർഷിയുമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരിയിൽ നടക്കുന്ന ആചാര്യസ്മതി സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യം കണ്ട മഹാപണ്ഡിതന്മാരിൽ ഒരാളായിരുന്നു സ്വാമി ആത്മാനന്ദ. ഉപനിഷത്ത് രഹസ്യത്തെ ഗുരുദേവൻ 63 രചനകളിലൂടെ ആവിഷ്കരിച്ചപ്പോൾ ഗുരുദേവ കൃതികളെ പിന്തുടർന്ന് ശ്രീനാരായണ സ്മൃതി രചിച്ച് ലോകത്തിന് സംഭാവന ചെയ്ത മഹാപുരുഷനാണദ്ദേഹം. ഗുരുദേവൻ പോലും വലിയഗുരുക്കൾ എന്നാണ് വിളിച്ചിരുന്നത്. കേരള പാണിനി എ.ആർ. രാജരാജവർമ്മയും മഹാകവി കുമാരനാശാനും സ്വാമി ആത്മാനന്ദയുടെ പാണ്ഡിത്യത്തിൽ അദ്ഭുതപ്പെട്ടിട്ടുണ്ട്. സ്വാമി ബോധാനന്ദയുടെ സമാധിയെ തുടർന്ന് ആത്മാനന്ദയെ ശിവഗിരി മഠാധിപതിയാക്കാൻ ശിഷ്യസംഘം ഐകകണ്ഠ്യേന തീരുമാനിച്ചെങ്കിലും ചില സമുദായ നേതാക്കന്മാരുടെ എതിർപ്പുമൂലം നടപ്പിലായില്ല. യോഗിയും മഹാവൈദ്യനുമായിരുന്ന ആത്മാനന്ദ നൂറാമത്തെ വയസിൽ കാഞ്ചീപുരം ആശ്രമത്തിൽ സമാധിയായി.

അവശരുടെയും അശരണരുടെയും ആത്മബന്ധുവും അഭയവുമായിരുന്നു സത്ഗുരു മലയാള മഹർഷി എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്വാമി അസംഗാനന്ദയെന്ന് തൃശൂർ നാരായണ ഗുരുകുലത്തിലെ സ്വാമി ശാന്താനന്ദ തീർത്ഥ പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ പ്രഥമ ശിഷ്യനായ ശിവലിംഗദാസ സ്വാമിയുടെ ശിഷ്യനാണ് മഹർഷി മലയാള സ്വാമി. ശിവലിംഗ സ്വാമിയിൽ നിന്നു ഭഗവത് ഗീതയും പതഞ്ജലി യോഗസൂത്രവും പഠിച്ചു. അതിനുശേഷം ശിവഗിരിയിൽ എത്തി ഗുരുദേവ തൃപ്പാദങ്ങളെ പ്രണമിച്ച് അനുഗ്രഹം നേടി. രണ്ട് മൂന്ന് വർഷം വടക്കേ ഇന്ത്യയിൽ തീർത്ഥാടനം നടത്തി. വീണ്ടും ശിവലിംഗദാസ സ്വാമിയോടൊപ്പം ധ്യാനവും തപസുമായി കഴിഞ്ഞു. പിന്നീട് ശിവഗിരിയിൽ വന്ന് ഗുരുദേവന്റെ അനുഗ്രഹം വാങ്ങിയ ശേഷം വടക്കേ ഇന്ത്യയിലേക്ക് പുറപ്പെട്ടു. ആന്ധ്രയിൽ തിരുമലകുന്നുകളിലെ വെങ്കിടാചലപതി ക്ഷേത്രത്തിനടുത്ത് ഗോഗർഭ ഗുഹയിൽ പന്തീരാണ്ടു കാലം കഠിന തപസനുഷ്ഠിച്ചു. അത്മബോധം നേടിയ സ്വാമി യേർപേട്ടിൽ വ്യാസാശ്രമം സ്ഥാപിച്ചു. സ്ത്രീ വിദ്യാഭ്യാസത്തെ എതിർത്തവരെ ശാസ്ത്ര വാക്യങ്ങൾ ഉദ്ധരിച്ച് അടിയറവ് പറയിക്കുകയും ഒരു കന്യാഗുരുകുലം സ്ഥാപിക്കുകയും ചെയ്തു. ആന്ധ്രയിൽ സാമൂഹ്യ നവോത്ഥാനത്തിന് തുടക്കംകുറിച്ചത് സത്ഗുരു മലയാള സ്വാമിയാണെന്നും ശാന്താനന്ദ തീർത്ഥർ പറഞ്ഞു.

ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽസെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, നവതിആചരണകമ്മിറ്റി സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, യജ്ഞകമ്മിറ്റി കൺവീനർ സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രകാശം, യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, കെ. പത്മകുമാർ, അജി എസ്.ആർ.എം, സിനിൽ മുണ്ടപ്പള്ളി, ആലുവിള അജിത്ത്, രാജേഷ് നെടുമങ്ങാട്, മുരളീധരൻ മാസ്റ്റർ കൊച്ചി, എ.ബി. ജയപ്രകാശ്, ഡോ. കെ. സോമൻ, ചെമ്പക്കുളം ഗോപി വൈദ്യർ, ഷാജി കല്ലാറ, വി. ജയേഷ് തുടങ്ങിയവർ സംബന്ധിച്ചു. തൊടുപുഴ, പീരുമേട് യൂണിയനുകളിൽ നിന്നും യൂണിയൻ, ശാഖാ ഭാരവാഹികളും പ്രവർത്തകരും ചടങ്ങുകളിൽ സംബന്ധിച്ചു.

ശിവഗിരിയിൽ ഇന്ന്:

രാവിലെ 4.30ന് പർണശാലയിൽ ശാന്തിഹവനം, 5ന് ശാരദാമഠത്തിൽ വിശേഷാൽപൂജ, 5.30ന് മഹാസമാധിയിൽ വിശേഷാൽ ഗുരുപൂജ, 5.45ന് ബ്രഹ്മവിദ്യാലയത്തിൽ ഗുരുദേവകൃതികളുടെ പാരായണം, 9ന് അഖണ്ഡനാമജപം, വിശ്വശാന്തിഹവനം, വൈകിട്ട് 3ന് ആചാര്യസ്മൃതി സമ്മേളനം.