ആറ്റിങ്ങൽ: ദേശീയപാതയിലെ കുഴികൾ വാഹനയാത്രക്കാർക്കും കാൽനട യാത്രക്കാർക്കും അപകടക്കെണിയാകുന്നു. റോഡ് സൈഡിൽ പലയിടത്തും ഇത്തരത്തിൽ ആഴത്തിലുള്ള കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇരുചക്ര വാഹന യാത്രക്കാരെയാണ് ഇത് ഏറെ വലയ്ക്കുന്നത്. കുഴികളിൽ വീണുള്ള അപകടങ്ങൾ ഇവിടെ സ്ഥിരം സംഭവമാണ്. പൂവൻപാറ, ടൗൺ ഹാളിന് സമീപം, കെ.എസ്.ആർ.ടി.സിക്ക് എതിർവശം എന്നിവിടങ്ങളിലാണ് വലിയ കുഴികൾ ഉള്ളത്. പൈപ്പ് സ്ഥാപിക്കാനും കേബിൾ ഇടുന്നതിനുമൊക്കെ റോസ് വെട്ടികുഴിച്ച് യഥാവിധി അറ്റകുറ്റ പണികൾ നടത്താത്തതാണ് പ്രശ്നമായിരിക്കുന്നത്. ഈ കുഴികളിൽ മഴപെയ്ത് വെള്ളം കെട്ടികിടക്കുന്നതാണ് അപകടം രൂക്ഷമാക്കുന്നത്. കുഴിയുടെ ആഴം അറിയാതെ വന്നിറങ്ങുന്ന ഇരുചക്ര വാഹനങ്ങൾ പെട്ടതുതന്നെ.
സി.എസ്.ഐ ഹോസ്പിറ്റലിനു മുൻവശത്ത് രൂപപ്പെട്ട ആഴമുള്ള കുഴിയിൽ ഇരുചക്ര വാഹനങ്ങൾ മാത്രമല്ല ഓട്ടോറിക്ഷയും തെന്നി വീഴുന്നത് പതിവാണ്. രാത്രി കാലങ്ങളിലാണ് അപകടം കൂടുന്നത്. റോഡ് പരിചയമില്ലാതെ വന്നിറങ്ങുന്നവർ തെറിച്ച് റോഡിൽ വീണാണ് പരിക്കേൽക്കുന്നത്. കഴിഞ്ഞ ദിവസം ആക്ടീവയിൽ വന്ന അമ്മയും മകളും കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് എതിർവശത്തെ കുഴിയിൽ വീണ് അപകടം സംഭവിച്ചിരുന്നു.
അടിയന്തരമായി ആറ്റിങ്ങൽ ഭാഗത്തുള്ള അപകട കുഴികൾ അറ്റകുറ്റപണികൾ നടത്തി യാത്രക്കാരെ രക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.