കാട്ടാക്കട: കാട്ടാക്കട നിയോജക മണ്ഡലത്തെ സ്ത്രീ സൗഹൃദ മണ്ഡലമാക്കുന്നതിനായി നടപ്പിലാക്കി വരുന്ന ഒപ്പം പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ വ്യക്തിത്വ വികസന കേന്ദ്രം ആരംഭിക്കും. ഇന്നലെ മണ്ഡലത്തിലെ ആശുപത്രികളിലെ എല്ലാ മെഡിക്കൽ ഓഫീസർമാരുടേയും യോഗം എം.എൽ.എ ഓഫീസിൽ ചേർന്ന് വ്യക്തിത്വ വികസന കേന്ദ്രം ആരംഭിക്കുന്നതിനുള്ള തീരുമാനമെടുത്തു.ആദ്യ ഘട്ടത്തിൽ കാട്ടാക്കട പഞ്ചായത്തിലെ ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് സംരംഭം ആരംഭിക്കുക. ആരോഗ്യ മേഖലയിലെ വിവിധ വകുപ്പുകളുടെ സഹായാത്തോടെയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. വ്യക്തിത്വ വികസനത്തിനുതകുന്ന നിർദ്ദേശങ്ങൾ നൽകുക, കൗമാര പ്രായക്കാരായ കുട്ടികൾ നേരിടുന്ന മാനസിക സമ്മർദ്ദങ്ങളെയും വെല്ലുവിളികളേയും നേരിടാൻ അവരെ പ്രാപ്തരാക്കുക, വ്യക്തിത്വത്തിൽ ആരോഗ്യത്തിന്റെയും ശുചിത്വത്തിന്റെയും പ്രാധാന്യത്തെ പറ്റി ബോധവത്കരണം നടത്തുക, ലഹരികളിൽ നിന്നുള്ള മോചനത്തിനായുള്ള അവബോധം ലഭ്യമാക്കുക,അനാവശ്യമായ ഭയങ്ങൾ,ആത്മഹത്യാ പ്രവണത,അസന്മാർഗിക പ്രവർത്തനങ്ങൾ എന്നിവ അകറ്റി ഉയർന്ന വ്യക്തിത്വം വളർത്തിയെടുക്കുന്നതിനുള്ള കൗൺസലിംഗ് നൽകുക എന്നിവയാണ് വ്യക്തിത്വ വികസന കേന്ദ്രത്തിന്റെ പ്രധാന പ്രവർത്തന ലക്ഷ്യങ്ങൾ.കൂടാതെ വിദ്യാർഥികളെയും ഉദ്യോഗാർത്ഥികളെയും തൊഴിലിനായുള്ള അഭിമുഖങ്ങൾക്ക് മാനസികമായി പ്രാപ്തരാക്കുക എന്നതും കേന്ദ്രം ലക്ഷ്യം വയ്ക്കുന്നുണ്ട്.
കാട്ടാക്കട പഞ്ചായത്തിലെ ആമച്ചൽ ആശുപത്രിയിൽ നവംബർ 14 ന് വ്യക്തിത്വ വികസന കേന്ദ്രം ആരംഭിക്കും.ഇതോടൊപ്പം മണ്ഡലത്തിലെ സ്ഥല സൗകര്യം ലഭ്യമായിട്ടുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യ യോഗ പരിശീലനം ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും സംഘടിപ്പിക്കും.വ്യക്തിത്വ വികസനത്തിലൂടെ ഉയർന്ന ചിന്താശേഷിയും കാര്യപ്രാപ്തിയും ലഭ്യമാക്കുക വഴി മണ്ഡലത്തിലെ സ്ത്രീ പുരുഷ അസമത്വം ഇല്ലാതാക്കി സ്ത്രീ പദവി ഉയർത്തുകയും ആരോഗ്യകരമായ ഒരു സമൂഹത്തെ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഐ.ബി.സതീഷ്.എം.എൽ.എ അറിയിച്ചു.