atl17od

ആറ്റിങ്ങൽ: ചരിത്രത്തിന്റെ തിരുശേഷിപ്പായ ഒരു സ്മാരക ഗൃഹം കൂടി നിലംപൊത്താറായി. തിരുവിതാംകൂറിന്റെ മാതൃഗൃഹമെന്ന് കരുതപ്പെടുന്ന ആറ്റിങ്ങൽ കൊട്ടാരമാണ് ജീർണാവസ്ഥയിലായത്. കൊല്ലമ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഈ ചരിത്ര സ്മാരകം പുരാവസ്തു വകുപ്പും ദേവസ്വം ബോർഡും ചേർന്ന് പുനരുദ്ധരിക്കുമെന്ന വാഗ്ദാനം ഇപ്പോഴും ത്രിശങ്കുവിലാണ്. പ്രാരംഭ നടപടികൾ വർഷങ്ങൾക്കു മുൻപ് ആരംഭിച്ചെങ്കിലും പിന്നീട് ഇവിടേക്ക് തിരിഞ്ഞു നോക്കാൻ അധികൃതർ മറന്നു.

ഇവിടെ തിരുവിതാംകൂറിന്റെ തുടക്കം

കൊല്ലവർഷം അഞ്ചാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന ആദിത്യവർമയുടെ കാലത്താണ് ഈ കൊട്ടാരം നിർമിച്ചത്. കോലത്തുനാട്ടിൽ നിന്ന് രണ്ട് തമ്പുരാട്ടിമാരെ ദത്തെടുത്ത് അവർക്കായി നൽകിയതായിരുന്നു ഈ കൊട്ടാരക്കെട്ടുകളെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ആറ്റിങ്ങൽ കൊട്ടാരത്തിലെ തമ്പുരാട്ടിമാരുടെ സന്തതി പരമ്പരകളായിരുന്നു തിരുവിതാംകൂർ രാജാക്കന്മാർ. മാർത്താണ്ഡവർമ്മയുടെ ജനനവും ഇവിടെയാണ്. ഇവിടെയാണ് തിരുവിതാംകൂർ രാജവംശത്തിന്റെ തുടക്കം. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയ്ക്ക് മുൻപ് ആറ്റിങ്ങൽ റാണി വേണാട് രാജാവിനും അതീതയായിരുന്നതായി ചരിത്രത്താളുകൾ സാക്ഷ്യം പറയുന്നുണ്ട്. അവർ തൃപ്പാപ്പൂർസ്വരൂപത്തിന്റെ മൂപ്പും വഹിച്ചിരുന്നതായി ചരിത്രമുണ്ട്.

 ചരിത്രമുറങ്ങുന്ന കൊട്ടാരക്കെട്ടുകൾ

മലയാള ദേശത്തിൽ ബ്രിട്ടീഷുകാരുടെ താവളമടിക്കലിന് കാരണമായി തീർന്നതും ഈ കൊട്ടാര പരിധിയിലാണെന്നത് പിന്നീടുള്ള ഇന്ത്യാ ചരിത്രത്തിൽ വിസ്മരിക്കാനാവാത്ത ഏടാണ്. ഭരണരംഗത്തെ സ്ത്രീ ശാക്തീകരണത്തിന് നാന്ദികുറിച്ചതും ഇവിടെയാണ്. രാജവാഴ്ചക്കാലത്ത് ആറ്റിങ്ങൽ ദേശത്തിന്റെ ഭരണം സ്ത്രീകൾക്കായിരുന്നു എന്നതാണ് ശ്രദ്ധേയം. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ 1721 ലെ ആറ്റിങ്ങൽ കലാപത്തിന് വഴിമരുന്നായതും ഈ കൊട്ടാരമാണ്.