കേരളകൗമുദിയുടെ 14-ാം തീയതിയിലെ മുഖപ്രസംഗമാണ് ഈ കത്തെഴുതാൻ പ്രേരിപ്പിച്ചത്. ഇ.പി.എഫ് പെൻഷനെക്കുറിച്ച് ഇതിനുമുമ്പും ധാരാളം ചരിത്ര വിധികൾ സുപ്രീംകോടതിയിൽ നിന്നുപോലും ഉണ്ടായിട്ടുണ്ട്. വിധികളുടെ ഗുണഭോക്താക്കൾക്ക് യാഥാസമയം പ്രയോജനം കിട്ടാതിരിക്കാൻ പ്രയത്‌നിക്കുന്ന ഉദ്യോഗസ്ഥന്മാരാണ് ഇ.പി.എഫ്.ഒ.യിലുള്ളത്.
1995ലെ പെൻഷൻ സ്കീമിന്റെ 12 A വകുപ്പ് ഒരു ഒഴിയാബാധയായി പെൻഷൻകാരെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നു. ആ വകുപ്പ നുസരിച്ച് പ്രോവിഡന്റ് ഫണ്ടിലെ ഒരംഗം പെൻഷന് അപേക്ഷിക്കുമ്പോൾ തന്നെ കമ്മ്യൂട്ട് ചെയ്ത് ആവശ്യമെങ്കിൽ അർഹതപ്പെട്ട തുക കമ്മ്യൂട്ടേഷൻ പെൻഷനായി വാങ്ങാം. അങ്ങനെ വാങ്ങുന്ന തുകയുടെ ഒരു ശതമാനം മാസം തോറും പെൻഷനിൽ നിന്നും തിരിച്ചുപിടിക്കുമെന്നുള്ള വ്യവസ്ഥയിലാണ് തുക അനുവദിക്കുന്നത്. തന്ന തുക മുഴുവനും 100 മാസം കൊണ്ട് തിരിച്ചുപിടിച്ചു കഴിഞ്ഞതിനാൽ പെൻഷണേഴ്സ് ഇ.പി.എഫ് അധികാരികളെ സമീപിച്ചപ്പോൾ തന്നെ മറുപടി ഇങ്ങനെ: ''ഒരിക്കൽ കമ്മ്യൂട്ടേഷൻ തിരഞ്ഞെടുത്താൽ ഒറിജിനൽ പെൻഷൻ പുനഃസ്ഥാപിക്കാനുള്ള വ്യവസ്ഥ നിർഭാഗ്യവശാൽ 1995ലെ പെൻഷൻ സ്കീമിൽ ഇല്ല". അതിന്റെ അർത്ഥം കമ്മ്യൂട്ട് ചെയ്ത് വാങ്ങിയ പണം ഒരു പെൻഷണറുടെ മരണം വരെ പെൻഷനിൽ നിന്നും തിരിച്ചുപിടിച്ചുകൊണ്ടേയിരിക്കുമെന്നാണ്. 2000ൽ പെൻഷനായ ഒരു വ്യക്തിയിൽ നിന്നും വാങ്ങിയ തുകയുടെ ഒന്നര ഇരട്ടിയോളം തിരിച്ചുപിടിച്ചിട്ടും ഇപ്പോഴും അത് തുടർന്നു കൊണ്ടിരിക്കുന്നു. കമ്മ്യൂട്ടേഷൻ സ്കീം തന്നെ ഗവൺമെന്റ് ഒരു എക്സിക്യുട്ടീവ് ഉത്തരവ് മുഖാന്തിരം നിറുത്തലാക്കപ്പെട്ടിട്ടും കമ്മ്യൂട്ടഡ് പെൻഷൻ വാങ്ങിയവരിൽ നിന്നും ആജീവനാന്തകാലം വരെയുള്ള തിരിച്ചടവ് നിറുത്താൻ ഗവൺമെന്റ് പോലും ഇടപെടുന്നില്ല എന്നുള്ള അവസ്ഥ ഇപ്പോഴും നിലനിൽക്കുന്നു.
പെൻഷൻ സ്കീമിലെ 12 A വകുപ്പനുസരിച്ച് ഒറിജിനൽ പെൻഷൻ പുനഃസ്ഥാപിക്കാൻ കഴിയില്ലായെന്ന പ്രോവിഡന്റ് ഫണ്ട് അധികാരികളുടെ നിലപാടിനോട് ബഹു. കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് യോജിച്ചുകൊണ്ട് റിട്ട് അപ്പീൽ നമ്പർ 83 / 2016, 21.10.16ൽ പുറപ്പെടുവിച്ച ഉത്തരവിൻപ്രകാരം തള്ളപ്പെട്ടു. 1995-ലെ പെൻഷൻ സ്കീമിലെ പല വ്യവസ്ഥകളും കോടതികൾ ഇടപെട്ട് റദ്ദാക്കപ്പെടുന്ന സാഹചര്യത്തിൽ ബഹു. കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 12 A വകുപ്പിൽ ഉചിതമായ മാറ്റം വരുത്താനുള്ള ഉത്തരവ് കേന്ദ്ര ഗവൺമെന്റിന് കൊടുക്കുമെന്നായിരുന്നു പ്രതീക്ഷ. മുൻ സെൻട്രൽ പ്രോവിഡന്റ് ഫണ്ട് കമ്മിഷണർ ഒരു ടിവി അഭിമുഖത്തിൽ പറഞ്ഞ കാര്യം , അതായത് 15 വർഷം (180 മാസം ) വരെ കമ്മ്യൂട്ടഡ് പെൻഷൻ തിരിച്ചുപിടിച്ചവരിൽ നിന്നും ഇനി മേലിൽ പിടിക്കണ്ട എന്ന സെൻട്രൽ ബോർഡ് ഒഫ് ട്രസ്റ്റീസിന്റെ അടുത്ത കാലത്തെ ശുപാർശ പോലും ഇന്നത്തെ ഗവൺമെന്റ് നടപ്പാക്കുന്നില്ല. പെൻഷൻ സ്കീമിലെ 12A വകുപ്പിൽ വേണ്ടപ്പെട്ട ഭേദഗതികൾ വരുത്താൻ ഈ അവസാന നിമിഷമെങ്കിലും കേന്ദ്ര ഗവൺമെന്റ് തയ്യാറാകണം. ഇതിനുള്ള സമ്മർദ്ദം പാർട്ടി ഭേദമന്യേ നേതാക്കൾ ഗവൺമെന്റിനുമേൽ ചെലുത്തേണ്ടതാണ്.
പി.ജി. പദ്‌മരാജൻ
പി.എഫ്. പെൻഷണർ
പെരുമ്പാവൂർ