തിരുവനന്തപുരം:ശരണമന്ത്രങ്ങൾ മുഴങ്ങേണ്ട ശബരിമല പാതയോരങ്ങൾ പൊലീസും കമാൻഡോകളും നിറഞ്ഞ് യുദ്ധസമാനമായ സ്ഥിതിയിലായി. റോഡ് ഉപരോധിച്ചും വാഹനങ്ങൾ തടഞ്ഞും ആറുമണിക്കൂറിലധികം ആചാരസംരക്ഷണസേനാ പ്രവർത്തകർ നിലയ്ക്കലിൽ ക്രമസമാധാനപ്രശ്‌നമുണ്ടായിട്ടും വൈകിട്ടുവരെ പൊലീസിന് കടുത്തനടപടികളെടുക്കാനായില്ല. പൊലീസ് വാഹനങ്ങൾ തടഞ്ഞ് സമരക്കാർ സ്ത്രീകളെ പിടിച്ചിറക്കുകയും ദേശീയമാദ്ധ്യമങ്ങളിലെ വനിതാറിപ്പോർട്ടർമാരെ ആക്രമിക്കുകയും ചെയ്തതോടെയാണ് നൂറ് വനിതകളടക്കം 700 പൊലീസിനെയും രണ്ട് എസ്.പിമാരുടെ നേതൃത്വത്തിൽ കമാൻഡോകളെയും നിലയ്ക്കലിലേക്ക് അയച്ചത്. തീർത്ഥാടകരെ തടഞ്ഞാൽ സമരക്കാരെ അറസ്റ്റുചെയ്ത് അകത്താക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ്ബെഹ്റ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെ, രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ നിർബന്ധിതരാണെങ്കിലും സ്ത്രീകൾ നയിക്കുന്ന 2500 ലേറെ സമരക്കാർക്കെതിരേ കടുത്ത നടപടി എളുപ്പമല്ലെന്നും സാധാരണ സമരംപോലെ അടിച്ചമർത്താനാവില്ലെന്നുമാണ് പൊലീസ് ആസ്ഥാനം വിശദീകരിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസുകളും പൊലീസ് വാഹനങ്ങളും ജനക്കൂട്ടം തടഞ്ഞുനിറുത്തി യുവതികളുണ്ടോയെന്ന് പരിശോധിക്കുമ്പോൾ പൊലീസിന് കാഴ്ചക്കാരായി നിൽക്കേണ്ടിവന്നു. പമ്പ മുതൽ സന്നിധാനം വരെയുള്ള നാലര കിലോമീറ്ററിൽ സുരക്ഷാകോട്ടയൊരുക്കിയാലേ യുവതികളെ സന്നിധാനത്തെത്തിക്കാനാവൂ. 100വനിതകൾ അടക്കം 700പൊലീസുകാരെ നിലയ്ക്കലിലും പമ്പയിലും വിന്യസിച്ചിട്ടുണ്ട്. 300പൊലീസുകാരെ രാത്രിയിൽ എത്തിച്ചു. പക്ഷേ, കാനനപാതയിലുടനീളം യുവതികൾക്ക് സുരക്ഷയൊരുക്കാൻ ഇത്രയും സേനാബലം മതിയാവില്ല. നിലയ്ക്കലിലെ പ്രതിഷേധത്തിന്റെ സ്വഭാവം പരിഗണിക്കുമ്പോൾ യുവതികൾക്കെതിരെ കാനനപാതയിൽ അക്രമമുണ്ടാകാനിടയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ട്. ദർശനം തടയാൻ സന്നിധാനത്തും ശ്രമമുണ്ടായേക്കും. ഈസാഹചര്യത്തിലാണ് നാല് എസ്.പിമാരുടെ നേതൃത്വത്തിൽ സായുധകമാൻഡോ സേനയെ വിന്യസിച്ചത്.
എ.ഡി.ജി.പി അനിൽകാന്ത് നിലയ്ക്കലിലുണ്ടായിട്ടും ഇന്നലെ പൊലീസ് നടപടികളുടെ ഏകോപനം പാളിയിരുന്നു. സമരക്കാരെ നേരിടാൻ വൈകിട്ടോടെയാണ് കൂടുതൽ പൊലീസിനെ എത്തിക്കാനായത്. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിട്ടും കൃത്യമായ ഏകോപനമുണ്ടായില്ല. രാവിലെ 11മുതൽ വൈകിട്ട് മൂന്നരവരെ പൊലീസ് തണുത്തമട്ടിലായിരുന്നു. അക്രമികളെ തുരത്താൻ ലാത്തിച്ചാർജ്ജ് നടത്തിയ പൊലീസിനെതിരേ പലവട്ടം കല്ലേറുണ്ടായി. രാത്രിയോടെയാണ് കൂടുതൽ വനിതാപൊലീസിനെയും വനിതാബറ്റാലിയനെയും എത്തിച്ചത്. കാനനപാതയിൽ വിന്യസിക്കുന്ന വനിതാപൊലീസിന്റെ സംരക്ഷണത്തിന് പുരുഷപൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.
പത്തനംതിട്ട എസ്.പി ടി.നാരായണൻ, മൂന്നാംബറ്റാലിയൻ കമാൻഡന്റ് കെ.ജി.സൈമൺ, സ്പെഷ്യൽസെൽ എസ്.പി വി.അജിത്ത്, തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണർ ആർ.ആദിത്യ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാവിന്യാസം. രണ്ട് എസ്.പിമാരെയും നാല് ഡിവൈ.എസ്.പിമാരെയും 11ഇൻസ്പെക്ടർമാരെയും 33എസ്.ഐമാരെയും രാത്രിയോടെ എത്തിച്ചു. എ.ഡി.ജി.പി അനിൽകാന്തും ഐ.ജി.മനോജ്എബ്രഹാമും ക്യാമ്പ്ചെയ്ത് സ്ഥിതിഗതികൾ നിയന്ത്രിക്കുകയാണ്.
നിരീക്ഷണത്തിന്
സി.സി.ടി.വി, അനലൈസർ കാമറകൾ
വ്യോമസേനാ നിരീക്ഷണ കോപ്റ്ററുകൾ
200മീറ്റർ ഉയരത്തിൽ ഡ്രോണുകൾ
മൂന്നിടത്ത് പ്രത്യേക കൺട്രോൾറൂമുകൾ
''തീർത്ഥാടകരെയും അവരുടെ വാഹനങ്ങളും തടയുന്നവരെ അറസ്റ്റ്ചെയ്യും. കേസെടുക്കും.''
ലോക്‌നാഥ് ബെഹ്റ
ഡി.ജി.പി