കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ കടമ്പാട്ടുകോണത്തു പ്രവർത്തിക്കുന്ന മൃഗാശുപത്രി അവഗണനയുടെ നടുവിൽ. 24വർഷം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിക്ക് സ്വന്തമായി കെട്ടിടം നിർമ്മിച്ചത് 2009 ലാണ്. അന്നത്തെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി സി. ദിവാകരനാണ് ഉദ്‌ഘാടനം ചെയ്തത്.
കടമ്പാട്ടുകോണം ഫാർമസി ജംഗ്‌ഷനിൽ നാഷണൽ ഹൈവേയോട് ചേർന്ന് പ്രദേശവാസികൾ ചേർന്ന് വാങ്ങി 2005ൽ പഞ്ചായത്തിനെ ഏൽപ്പിച്ച പതിനാല് സെന്റ് പുരയിടത്തിലാണ് ഈ മന്ദിരമുള്ളത്.
അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് എ. ഷാജഹാന്റെ ശ്രമഫലമായി 2006 - 07 ലെ കേരള വികസന പദ്ധതിയിൽ കെട്ടിടത്തിന് പത്ത് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. 2008 -ൽ കെട്ടിടം പണി പൂർത്തിയാക്കിയെങ്കിലും വൈദ്യുതിക്ക് വേണ്ടി പിന്നെയും ഒരു വർഷം കാത്തിരുന്നു.
2013- 14 ജനകീയാസൂത്രണ പദ്ധതിയിൽ മൂന്ന് ലക്ഷം രൂപ മുടക്കി ചുറ്റുമതിൽ, മേൽക്കൂര ഷീറ്റിടൽ, മുറ്റം ഇന്റർലോക്ക് ചെയ്യൽ എന്നിവയും ഗ്രാമപഞ്ചായത്ത് നടത്തി. കഴിഞ്ഞ വർഷം പഞ്ചായത്ത് ഫണ്ടിൽ മുറ്റം ഷീറ്റിട്ടത് ഒഴിച്ചാൽ മറ്റ് പണികളൊന്നും പിന്നീട് ചെയ്തിട്ടില്ല.
ദിനംപ്രതി നാൽപ്പതോളം ക്ഷീരകർഷകരും മൃഗം വളർത്തുകാരും എത്തുന്ന ആശുപത്രിയെ വേണ്ടരീതിയിൽ പരിഗണിക്കുന്നില്ല എന്ന അഭിപ്രായമാണ് പ്രദേശവാസികൾക്കുള്ളത്. ഒരുഡോക്ടർ, ഒരു ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ്, ഒരു അറ്റൻഡർ, ഒരു പാർട് ടൈം സ്വീപ്പർ എന്നതാണ് സ്ഥാപനത്തിൽ നിലവിൽ ഉള്ളത്. അറ്റന്ററും, പി.ടി.എസും പോസ്റ്റുകൾ ഒഴിഞ്ഞ് കിടക്കുന്നു. ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് ദീർഘകാല ട്രെയിനിംഗിലുമാണ്. മുക്കുകടയിൽ പ്രവർത്തിക്കുന്ന തൃക്കോവിൽവട്ടം സബ് സെന്ററിൽ രണ്ട്‍ വർഷമായി ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് ഇല്ല. തുടങ്ങി പോരായ്മകൾ ഏറെയാണ്.