പ്രളയാനന്തര പുനർനിർമ്മാണത്തിനാവശ്യമായ ഫണ്ട് സമാഹരണത്തിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്താനിരുന്ന വിദേശ സന്ദർശന പരിപാടി കേന്ദ്രത്തിന്റെ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിക്കേണ്ടിവന്നിരിക്കുകയാണ്. വിദേശത്തുപോകാൻ മുഖ്യമന്ത്രിക്ക് മാത്രമാണ് അനുവാദം ലഭിച്ചത്. അതാകട്ടെ കർക്കശമായ വ്യവസ്ഥകളോടെയും. രാജ്യത്തിന്റെ അന്തസ്സിനും വിദേശനാണയചട്ടങ്ങൾക്കും എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിമാരുടെ യാത്ര തടഞ്ഞതെന്നാണ് കേൾക്കുന്നത്. പ്രളയകാലത്ത് സംസ്ഥാനത്തിന് വലിയൊരു തുക സംഭാവന നൽകാൻ യു.എ. ഇ ഭരണാധികാരി ഒരുങ്ങിയപ്പോഴും അഭിമാന പ്രശ്നം ഉയർത്തി കേന്ദ്രം ആ നീക്കം തടഞ്ഞിരുന്നു. വിശന്നു മരിക്കാറായാലും അഭിമാനം വെടിയാതെ മുണ്ടുമുറുക്കി ഉടുത്ത് സന്തോഷം ഭാവിക്കണമെന്നാണല്ലോ പഴംപുരാണം. വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിന് വിലക്ക് കല്പിക്കുന്നവർക്ക് സംസ്ഥാനം നേരിടുന്ന ദുരന്തസ്ഥിതി അതിന്റെ തനിരൂപത്തിൽ കണ്ട് സഹായിക്കാനുള്ള ബാദ്ധ്യതയുണ്ട്. എന്നാൽ ആ ബാദ്ധ്യത നിറവേറ്റപ്പെടുന്നില്ല എന്നിടത്താണ് കേന്ദ്ര സമീപനത്തിലെ വൈരുദ്ധ്യം.
പത്തോളം ജില്ലകളിൽ കൊടിയ നാശനഷ്ടമുണ്ടാക്കിയ പ്രളയമുണ്ടായിട്ട് രണ്ടുമാസം കഴിഞ്ഞു. നഷ്ടപ്പെട്ടതൊക്കെ വീണ്ടെടുക്കാനുള്ള കഠിന പരിശ്രമത്തിലാണ് ജനങ്ങളും സർക്കാരും. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ കണക്കനുസരിച്ച് പ്രളയം മുപ്പത്തയ്യായിരംകോടി രൂപയുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ലോക ബാങ്ക് നടത്തിയ സർവേയിൽ ഇരുപത്തയ്യായിരം കോടി രൂപയുടെ നഷ്ടമാണ് കണ്ടെത്തിയത്. കേന്ദ്ര സംഘങ്ങളും ഇവിടെ വന്ന് നാശനഷ്ടങ്ങളുടെ വിദശമായ റിപ്പോർട്ട് തയ്യാറാക്കി സ്ഥലം വിട്ടിരുന്നു. ദിവസങ്ങൾ പലത് കഴിഞ്ഞെങ്കിലും സംസ്ഥാനത്തിനുള്ള നഷ്ടപരിഹാരം സംബന്ധിച്ച് ഒരു സൂചനയും കേന്ദ്രത്തിൽ നിന്ന് ഉണ്ടായിട്ടില്ല. പ്രളയത്തിന്റെ ആദ്യ നാളുകളിൽ പ്രഖ്യാപിച്ച എഴുനൂറുകോടി രൂപയിൽ സഹായം ഇപ്പോഴും ഒതുങ്ങിനിൽക്കുകയാണ്. ഉദ്യോഗസ്ഥരും പൊതുജനങ്ങളും സ്ഥാപനങ്ങളും വിദേശത്ത് പണിയെടുക്കുന്ന പ്രവാസികളും അയൽ സംസ്ഥാന ഭരണാധികാരികളുമൊക്കെ ചേർന്ന് ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം 1800 കോടി രൂപയോളം നൽകിയിട്ടുണ്ട്. ആദ്യഘട്ട സഹായ വിതരണത്തിന് ഇത് സഹായകമായി. എന്നാൽ ഇനി ഏറ്റെടുക്കാനുള്ള പുനർ നിർമ്മാണ പ്രവൃത്തികളുടെ വലിപ്പം നോക്കുമ്പോൾ അളവറ്റ തോതിൽ പുറത്തുനിന്ന് സഹായം എത്തിയാലേ കാര്യങ്ങൾ മുന്നോട്ടു നീങ്ങുകയുള്ളൂ.
കേരളത്തിന് സർവവിധ സഹായവും നൽകുമെന്ന് ഉറപ്പ് നൽകി മടങ്ങിയ പ്രധാനമന്ത്രി പിന്നീട് ഇതുവരെ ഒരക്ഷരം ഉരിയാടിയിട്ടില്ല. സംസ്ഥാനത്തെ തകർത്തെറിഞ്ഞ പ്രളയത്തിന്റെ തീവ്രതയും ജനങ്ങൾ നേരിട്ട കഷ്ടപ്പാടും അദ്ദേഹം നേരിട്ടുകണ്ടതാണ്. എന്നാൽ സംസ്ഥാനത്തെ കൈയയച്ചു സഹായിക്കുന്നതിൽ അനുകൂല സമീപനം ഉണ്ടാകുന്നില്ല. വിദേശ സഹായം സ്വീകരിക്കാൻ പാടില്ലെന്ന് ശഠിക്കുമ്പോൾ പുനർനിർമ്മാണത്തിനാവശ്യമായ പണത്തിന്റെ നല്ലൊരു ഭാഗമെങ്കിലും നൽകി സഹായിക്കേണ്ട ധാർമ്മിക ബാദ്ധ്യത എന്തുകൊണ്ട് കേന്ദ്രം ഏറ്റെടുക്കുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. വിദേശ രാജ്യങ്ങളുടെ മാത്രമല്ല, വിദേശ ഏജൻസികളുടെ സഹായത്തിനുമുണ്ട് നിയന്ത്രണങ്ങൾ. പുനർനിർമ്മാണ പദ്ധതികൾക്കായി ലോകബാങ്ക് സംസ്ഥാനത്തിന് 3683 കോടി രൂപയുടെ സഹായം വാഗ്‌ദാനം ചെയ്തിട്ടുണ്ട്. അടിയന്തര സഹായമായി ഇതിൽ നിന്ന് 405 കോടി രൂപ നൽകാമെന്നാണ് അവരുടെ നിലപാട്. എന്നാൽ ഇതിനും വേണം കേന്ദ്രത്തിന്റെ അനുകൂലനിലപാട്. സംസ്ഥാനത്തിന്റെ വായ്പാപരിധി ഉയർത്താൻ കേന്ദ്രം തയ്യാറായാൽ മാത്രമേ ലോകബാങ്കിന് തങ്ങളുടെ വാഗ്‌ദാനം നിറവേറ്റാനാകൂ.
കേന്ദ്രത്തിൽനിന്നും വിദേശത്തുനിന്നുമുള്ള സഹായം കാത്തുകഴിയവെതന്നെ പ്രളയാനന്തര പുനർനിർമ്മാണ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ദൗത്യം സർക്കാർ ഏറ്റെടുക്കുകയാണ്. ഇതിനായി നാല് ഉന്നത സമിതികൾക്ക് കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗം രൂപം നൽകിയിട്ടുണ്ട്. ഒാരോ സമിതിയിലും മന്ത്രിമാർക്ക് പുറമേ അതത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്മാരും വിദഗ്ദ്ധന്മാരും ഉണ്ടാകും. പുനർനിർമ്മാണ പദ്ധതികൾക്കുവേണ്ടിവരുന്ന പണം വിവിധ സ്രോതസ്സുകളിലൂടെയാകും ഉറപ്പാക്കുക. പ്രളയത്തിൽ നശിച്ച വീടുകളുടെയും സ്കൂളുകളുടെയും പുനർ നിർമ്മാണത്തിന് ആദ്യപരിഗണന നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അതുപോലെ പൊതുനിരത്തുകൾ പഴയ നിലയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള പ്രവൃത്തികളും മുൻഗണനാടിസ്ഥാനത്തിൽ പരിഗണിക്കണം. പ്രളയത്തിന് മുന്നേ തകർന്നുതരിപ്പണമായ അനവധി റോഡുകൾ സംസ്ഥാനത്തുടനീളമുണ്ട്. അപൂർവം റോഡുകളൊഴികെ മറ്റെല്ലാം. അടിയന്തര അറ്റകുറ്റപ്പണി ആവശ്യമായവയാണ്.
ഏത് ദുരന്തവും പഴയ ഒാർമ്മയാകാൻ അധിക കാലമൊന്നുംവേണ്ട. എന്നാൽ ദുരന്തം അനുഭവിക്കേണ്ടിവന്നവരുടെ മനസുകളിൽ നിന്ന് അത്ര വേഗമൊന്നും അത് മായുകയില്ല. പ്രളയമുണ്ടായി രണ്ടുമാസം കഴിഞ്ഞിട്ടും ദുരിതാശ്വാസ ക്യാമ്പുകളിൽത്തന്നെ കഴിയേണ്ടിവരുന്ന മനുഷ്യരുടെ ദുരിതത്തെക്കുറിച്ച് ഒന്നാലോചിച്ച് നോക്കൂ. എല്ലാം നഷ്ടപ്പെട്ടവരുടെ വേദന വാക്കുകൾകൊണ്ട് പറയാനാവില്ല. അവരെ സഹായിക്കാനുള്ള പദ്ധതികൾ സാങ്കേതികത്വത്തിന്റെയും ഒൗദ്യോഗിക നടപടിക്രമങ്ങളുടെയും നൂലാമാലകളിൽപെട്ട് വൈകാനിടവരരുത്.