കഴക്കൂട്ടം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നവംബർ 1ന് നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ഓൺലൈൻ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം മന്ത്റി ഇ.പി. ജയരാജൻ നിർവഹിച്ചു. കെ.സി.എ പ്രസിഡന്റ് സാജൻ കെ. വർഗീസ്, സെക്രട്ടറി ശ്രീജിത്ത് വി. നായർ, ട്രഷറർ കെ.എം. അബ്ദുൽ റഹ്മാൻ, കൺവീനറും ബി.സി.സി.ഐ അംഗവുമായ ജയേഷ് ജോർജ് എന്നിവർ പങ്കെടുത്തു. 1000, 2000, 3000 എന്നിങ്ങനെയാണ് ടിക്കറ്റുകളുടെ നിരക്ക്. www.paytm.com, www.insider.in എന്നീ സൈറ്റുകളിലൂടെയാണ് ടിക്കറ്റുകൾ ലഭിക്കുക. ഓൺലൈൻ ലിങ്ക് കെ.സി.എ വെബ്ബസൈറ്റിലും ലഭ്യമാണ്. സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാൻ ഡിജിറ്റൽ ടിക്കറ്റുകളോ പ്രിന്റ് ഔട്ടുകളോ ഉപയോഗിക്കാം. മത്സരം നേരിട്ട് കാണുന്നതിന് ടിക്കറ്റിന് പുറമെ പ്രൈമറി ടിക്കറ്റ് ഹോൾഡറുടെ തിരിച്ചറിയൽ രേഖയും നിർബന്ധമാണ്. വിദ്യാർത്ഥികൾക്ക് 1000 രൂപയുടെ ടിക്കറ്റിന് 50 ശതമാനം കിഴിവ് ലഭിക്കും. ഇതാദ്യമായാണ് 100 ശതമാനം ടിക്കറ്റും ഓൺലൈൻ വഴി വില്പന നടത്തി സ്റ്റേഡിയത്തിനകത്തേക്ക് ഡിജിറ്റൽ പ്രവേശനം നടപ്പാക്കുന്നത് .
പേടിഎമ്മിൽ സിനിമാടിക്കറ്റും
പേടിഎം വഴി 2 ടിക്കറ്റ് വാങ്ങുന്നവർക്ക് 150 രൂപയുടെ സിനിമാ ടിക്കറ്റ് ലഭിക്കും. ഇത് ഇന്ത്യയിൽ എവിടെയും ഉപയോഗിക്കാം. മൂന്ന് മാസമാണ് കാലാവധി.