ആദ്യാക്ഷരത്തിന്റെ അഗ്‌നിച്ചിറകേറി അറിവിന്റെ അക്ഷയലോകത്തേക്ക് ഇൗ വിദ്യാരംഭവേളയിൽ കുറച്ചു കുരുന്നുകൾ കൂടി. ശരിയായ രീതിയിലുള്ളതും ഏറ്റവും മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസമാണ് ഇൗ അവസരത്തിൽ കുട്ടികൾക്ക് നൽകേണ്ടത്. കൃത്യമായ ആസൂത്രണവും മാർഗനിർദ്ദേശവുമനുസരിച്ചുള്ള വിദ്യാഭ്യാസം ഒരു നല്ല വ്യക്തിയായി വളരാൻ കുട്ടിയെ പ്രാപ്തനാക്കുന്നു. വ്യക്തിയിൽ നിന്ന് സമൂഹത്തിലേക്കും സമൂഹത്തിൽ നിന്ന് രാഷ്ട്രത്തിലേക്കും ആ നന്മ പടരുകയും ചെയ്യുന്നു. സമൂഹത്തിൽ ഇത്തരം നന്മ മരങ്ങൾ സൃഷ്ടിച്ചെടുക്കേണ്ട ചുമതല മറ്റാരെക്കാളുമുള്ളത് അദ്ധ്യാപകർക്കാണ്.
ഞാൻ എന്നതിൽ നിന്ന് ഞങ്ങൾ എന്ന വളർച്ചയാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമാക്കേണ്ടത്. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേരുന്നിടത്താണ് വിദ്യാഭ്യാസം ആരംഭിക്കുന്നത്. വിദ്യാഭ്യാസം എന്നത് മുമ്പ് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സ്വകാര്യ കാര്യമായിരുന്നെങ്കിൽ ഇന്നത് സംഘടിതകർമ്മമായി മാറിയിരിക്കുന്നു. അതിന് സൗകര്യമൊരുക്കുകയാണ് ഭരണാധികാരികളുടെ കർത്തവ്യം.
അദ്ധ്യാപകർ കുട്ടികളുടെ ഹൃദയത്തോടാണ് സംവദിക്കേണ്ടത്. അദ്ധ്യാപകർ കുട്ടികളെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടാതെ പ്രകൃതിയുമായി ഇണങ്ങാനും പ്രകൃതിയിൽനിന്ന് പഠിക്കാനും പ്രേരിപ്പിക്കണം. വിദ്യാർത്ഥികളെ യാതൊരുവിധ പക്ഷഭേദവുമില്ലാതെ സ്നേഹിക്കാനും അതിലൂടെ അവരുടെയെല്ലാം ഹൃദയത്തിൽ ഇടം നേടാനും അദ്ധ്യാപകർക്ക് കഴിയണം.
അദ്ധ്യാപനത്തിന് ശക്തി പകരേണ്ടത് മൗനം കൊണ്ടാവണം. അദ്ധ്യാപകന്റെ ശബ്ദം മൃദുവായിരിക്കണം. ക്ളാസിൽ ഏറ്റവും പിന്നിലിരിക്കുന്ന വിദ്യാർത്ഥി അല്പം ക്ളേശിച്ചാൽ മാത്രം കേൾക്കാൻ സാധിക്കുന്നതേ ആകാവൂ അദ്ധ്യാപകരുടെ ശബ്ദം. അലമുറയിടുന്നതല്ല നല്ല അദ്ധ്യാപനം. വിദ്യാഭ്യാസമെന്നത് അകത്തേക്ക് കൊടുക്കലല്ല, പുറത്തേക്കെടുക്കലാണ്.
ക്ളാസുമുറികൾക്ക് അപ്പുറം പോകുന്ന പഠനമാണ് ആശയങ്ങളുടെ പുതിയ ആകാശങ്ങൾ സമ്മാനിക്കുന്നത്. ആ പരിധിയെ ലഘൂകരിക്കലാണ് അദ്ധ്യാപകർ ചെയ്യേണ്ടത്. വിജ്ഞാനത്തിന്റെ വിപുലമായ മേഖലയിലേക്ക് കുട്ടികളെ ആനയിക്കണം. അവനിലെ പ്രതിഭയെ കണ്ടെത്തി വളർത്തുന്നതിനും അധാർമ്മികതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന വ്യക്തിത്വമാക്കി വളർത്തുന്നതിനും അദ്ധ്യാപകന് കഴിയണം. ഇത്തരം ധർമ്മ പരീക്ഷകൾ വിജയിക്കാൻ സ്വന്തം വിദ്യാർത്ഥികളെ ഏവരെയും ഒരുപോലെ തയ്യാറാക്കുക എന്നതാണ് അദ്ധ്യാപകന്റെ കടമ.
വിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് തന്റെ മുന്നിലിരിക്കുന്ന വിദ്യാർത്ഥികൾക്കനുഗുണമായി പഠനപ്രക്രിയകൾ ആവിഷ്കരിക്കുന്ന അദ്ധ്യാപകന് മാത്രമേ അദ്ധ്യാപനത്തിൽ വിജയിക്കാനാകൂ. അറിയുന്നത് പകർന്ന് നൽകി. തെറ്റുകളെ ക്ഷമാപൂർവം തിരുത്തി, സ്നേഹപൂർവം ശാസിച്ച്, കരുതലോടെ കുട്ടികളെ മുന്നോട്ടു നയിച്ചാൽ അവന്റെ ഹൃദയത്തിലിടം നേടാൻ അദ്ധ്യാപകനാകും. വിദ്യാർത്ഥികളുടെ ഹൃദയത്തിലിടം നേടാനാകാത്ത അദ്ധ്യാപകർ വിദ്യാഭ്യാസ മേഖലയ്ക്ക് ശാപംതന്നെയാണ്. അദ്ധ്യാപകർ കുട്ടികളെ പഠിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത്. പക്ഷേ നമ്മുടെ അദ്ധ്യാപകർ പഠിച്ചത് പഠിപ്പിക്കുന്നവരാണ്. ഇൗ രീതിയും അദ്ധ്യാപകർ മാറ്റണം. കുട്ടിക്ക് സ്വയം പഠിച്ച് കാര്യങ്ങൾ ഹൃദിസ്ഥമാക്കുവാനും അവ കൃത്യതയോടെ ഉത്തരക്കടലാസിൽ എഴുതി ഫലിപ്പിക്കുവാനും ഏക്കാലവും ഇൗ അറിവുകൾ മനോമണ്ഡലത്തിൽ ഉറപ്പിക്കുവാനും കഴിയണം. ഇങ്ങനെ മനസിൽ പതിഞ്ഞ അറിവാണ് ചിന്തകൾക്കപ്പുറം പ്രായോഗികതലത്തിൽ വരുത്തി തൊഴിലിടങ്ങളിൽ വ്യത്യസ്തത പുലർത്തി രാജ്യത്തിന് മുതൽക്കൂട്ടാകേണ്ടത്. തൊഴിലിന് അപ്പുറം പോകുന്ന തൊഴിൽ ചെയ്തിട്ടാണ് മാന്യത നേടേണ്ടത്. തൊഴിൽ ചെയ്യാതിരുന്നിട്ടല്ല.
ചിരിച്ചുതള്ളാവുന്ന കുസൃതികളിൽ നിന്നും ഞെട്ടിപ്പിക്കുന്ന അതിക്രമങ്ങളിലേക്ക് കുട്ടികൾ മാറിയിരിക്കുന്നു എന്നത് യാഥാർത്ഥ്യം തന്നെയാണ്. എങ്കിലും ഇതൊരു താത്കാലിക പ്രതിഭാസമായിക്കണ്ട് കുട്ടികളെ കുറ്റക്കാരായി കാണാതിരിക്കുക. ഇന്നും അദ്ധ്യാപകർ അവസാനവാക്കാണ്. ഇത്തരം കുട്ടികളുടെ മനസുകളെ ഭാവസൂചനകളിലൂടെയും കഥകളിലൂടെയും സ്വാധീനിക്കാൻ അദ്ധ്യാപകർക്ക് കഴിയണം. അവിടെയാണ് കിരീടമില്ലാത്ത അദ്ധ്യാപകർ കിരീടമുള്ള ഭരണാധികാരികളെക്കാൾ ശക്തരാകുന്നത്. സ്വന്തം അദ്ധ്യാപകരെ കിരീടധാരികളായ ഭരണകർത്താക്കളായി കണ്ട് ബഹുമാനിക്കാനും അനുസരിക്കാനും രക്ഷിതാക്കൾ കുട്ടികളെ ശീലിപ്പിക്കാൻ പ്രയത്‌നിച്ചാൽ ഭാവിതലമുറയെ നമുക്ക് ഉത്തമ വ്യക്തികളാക്കി വാർത്തെടുക്കാം.
കുട്ടികൾ സാഹിത്യത്തിന് പുറമേ ചരിത്രവും രാഷ്ട്രീയമാംസവും സാമ്പത്തിക ശാസ്ത്രവുമൊക്കെ പഠിച്ചുവളർന്ന് നമ്മുടെ ഭാരതത്തെ സാമ്പത്തിക രാഷ്ട്രീയമാക്കി കെട്ടിപ്പടുക്കട്ടെ. വിദ്യാഭ്യാസത്തിന്റെ എല്ലാ ലക്ഷ്യങ്ങളും പൂർത്തീകരിക്കപ്പെടുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ദൈവം വിദ്യാഭ്യാസമായി മാറും. നമ്മുടെ സൃഷ്ടി നടക്കുന്നതും വിദ്യാഭ്യാസത്തിലൂടെയാണ്. സൃഷ്ടിക്കുന്നത് സൃഷ്ടി രൂപങ്ങളെയല്ല, കാലത്തെയാണ്. വർത്തമാനകാലം ഭാവിയെ സൃഷ്ടിക്കുന്നു. അതുകൊണ്ട് മൂല്യബോധമുള്ള വിവേകശാലികളായ ഒരു ഭാവിതലമുറയുടെ സൃഷ്ടിക്കായി നാം അദ്ധ്യാപകർക്ക് കൈകോർക്കാം. ഒത്തെരുമയോടെ യത്‌നിക്കാം.
ജ്യോതിസ് സെൻട്രൽ സ്കൂൾ ചെയർമാനാണ് ലേഖകൻ
9446065751.