malayalam-mission

തിരുവനന്തപുരം:ലോകത്തിന്റെ നാനാകോണിലുമുള്ള മലയാളികളെ ഭാഷയുടെ വേദിയിൽ ഒന്നിപ്പിക്കാനൊരുങ്ങി മലയാളം മിഷൻ.ഭൂമിമലയാളം എന്ന പരിപാടിയിലൂടെയാണ് തുടക്കം.നവംബർ ഒന്നുമുതൽ നാലുവരെ വിവിധ രാജ്യങ്ങളിൽ ലോകമലയാളദിനം ആചരിക്കും.

നവംബർ ഒന്നിന് ഭാഷാപ്രതിജ്ഞയോടെയാണ് തുടക്കം. വിദേശത്തെ ലക്ഷക്കണക്കിനു മലയാളികൾ പങ്കാളികളാകും.കവി കെ.സച്ചിദാനന്ദനാണ് ഭാഷാപ്രതിജ്ഞ തയ്യാറാക്കിയത്.
ഓസ്‌ട്രേലിയ,അമേരിക്ക,യൂറോപ്പ്, ആഫ്രിക്ക,ഏഷ്യ വൻകരകളിലെ രാജ്യങ്ങളിൽ മലയാളം മിഷൻ ശാഖകളുടെ നേതൃത്വത്തിലാണ് ലോക മലയാളദിനാചരണം. മലയാളിയുടെ ലോകഭൂപടം രചിക്കൽ, വിവിധ മേഖലകളിലെ ആഗോളമലയാളി പ്രതിഭകളുടെ പങ്കാളിത്തം,സെമിനാറുകൾ,സാംസ്‌കാരിക പരിപാടികൾ,തദ്ദേശിയമായി സംഘടിപ്പിക്കുന്ന അനുബന്ധ പരിപാടികൾ,ഭാഷാചരിത്രപ്രദർശനം,ആഗോളതലത്തിൽ ഭാഷാപ്രചരണപ്രവർത്തനങ്ങൾ,മത്സരങ്ങൾ,മലയാളഭാഷാപഠന പ്രവർത്തനങ്ങൾ തുടങ്ങിയ പരിപാടികൾ നടക്കും.
മലയാളം മിഷനും ഭാരത് ഭവനും ചേർന്ന് അതിജീവനത്തിന്റെയും നവകേരളത്തിന്റെയും സന്ദേശവുമായി ഡൽഹി,മുംബൈ,പൂനെ,കൊൽക്കൊത്ത,ഹൈദരാബാദ്,അഹമ്മദാബാദ്,ബംഗളുരു,ചെന്നൈ,പോണ്ടിച്ചേരി,പനാജി എന്നീ പത്തു നഗരങ്ങളിൽ സാംസ്‌കാരിക ദൃശ്യയാത്രയും സംഘടിപ്പിക്കുന്നുണ്ട്.കേരളത്തിന്റെ പുനർനിർമാണത്തിന് ഫണ്ട് ശേഖരണവും നടത്തും.


മലയാളിയുടെ കൂട്ടായ്മ കാലദേശാന്തരമില്ലാതെ സുസ്ഥിരമാക്കാനും മലയാള ഭാഷാപഠന പ്രവർത്തനങ്ങൾ കൂടുതൽ രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനുമാണ് ഭൂമിമലയാളം ക്യാംപെയിൻ വഴി ഉദ്ദേശിക്കുന്നത്.
-സുജ സൂസൻ ജോർജ്, മലയാളം മിഷൻ ഡയറക്ടർ