തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പ്രളയാനന്തര പുനർനിർമാണത്തിന് ഫണ്ട് സമാഹരിക്കാൻ നാലു ദിവസത്തെ സന്ദർശനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിലെത്തി.
ഇന്നലെ രാവിലെ ഏഴു മണിയോടെ അബുദാബി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം.എ. യൂസഫലി, നോർക്ക ഡയറക്ടർ ഡോ. ആസാദ് മൂപ്പൻ തുടങ്ങിയവർ സ്വീകരിച്ചു. അബുദാബി ദൂസിത് താനി ഹോട്ടലിൽ മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, നോർക്ക ഡയറ്കടർ ഒ.വി. മുസ്തഫ, ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് രമേഷ് വി. പണിക്കർ, ഇന്ത്യൻ എംബസി പ്രതിനിധികൾ, കൈരളി ടി.വി ഡയറക്ടർ വി.കെ. അഷറഫ്, ലോക കേരളസഭാംഗം കെ.ബി. മുരളി, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി എന്നിവർ സ്വീകരിച്ചു.
ഇന്നും നാളെയും അബുദാബിയിലെ പൊതുപരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. വ്യവസായ പ്രമുഖരുമായി സംവദിക്കും. ഇന്ന് വൈകിട്ട് ഏഴു മണിക്ക് അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. യു.എ.ഇ സഹിഷ്ണുത വകുപ്പ് മന്ത്രി ഷെയ്ക് നഹിയാൻബിൻ മുബാറക് അൽ നഹിയാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച ദുബായിലും ശനിയാഴ്ച ഷാർജയിലുമാണ് മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾ.