pvc

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ പ്രോ വൈസ്ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണർ നീക്കംചെയ്ത എം. അബ്ദുൾ റഹ്‌മാനെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സി-ആപ്‌റ്റിൽ (സെന്റർ ഫോർ അഡ്വാൻസ്‌ഡ് പ്രിന്റിംഗ് ആൻഡ് ടെക്നോളജി) മാനേജിംഗ് ഡയറക്ടറായി സർക്കാർ നിയമിച്ചു. പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിംഗ് കോളേജിൽ പ്രൊഫസറായ അബ്ദുൾ റഹ്‌മാന് ഒരു വർഷത്തേക്കാണ് നിയമനം.

കഴിഞ്ഞ ഡിസംബർ 31മുതൽ മുൻകാല പ്രാബല്യത്തോടെ അബ്‌ദുൾ റഹ്‌മാനെ പി.വി.സി സ്ഥാനത്തുന്ന് ഗവർണർ നീക്കിയിരുന്നു. വൈസ് ചാൻസലർ മാറുമ്പോൾ പി.വി.സിയും ഒഴിയണമെന്ന് യു.ജി.സി ആക്ടിൽ വ്യവസ്ഥയുണ്ട്. സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലറായിരുന്ന കുഞ്ചെറിയ പി. ഐസക് കഴിഞ്ഞ ഡിസംബറിൽ രാജിവച്ചിരുന്നു. ചട്ടവിരുദ്ധമായി പി.വി.സി സ്ഥാനത്ത് തുടരുന്നതിനെതിരേ അദ്ധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ നൽകിയ പരാതിയിലാണ് ഗവർണർ നടപടിയെടുത്തത്. പിന്നീട് അബ്ദുൾറഹ്‌മാൻ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. വി.സി രാജിവച്ചതിനാൽ, കാലാവധി കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. റഹ്‌മാനെ സർവീസിൽ തിരിച്ചെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചെങ്കിലും, സർക്കാർ വഴങ്ങിയിരുന്നില്ല. തിരിച്ചെടുക്കേണ്ടതില്ലെന്ന സർവകലാശാലാ ഗവേണിംഗ് കൗൺസിലിന്റെ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. ആഗസ്റ്റ് 15ന് അബ്ദുൾ റഹ്‌മാന്റെ കാലാവധി കഴിഞ്ഞു. അബ്ദുൾറഹ്മാൻ പൂജപ്പുര എൽ.ബി.എസ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് പ്രൊഫസറായി. ഇതിനു പിന്നാലെയാണ് ഒക്ടോബർ 17മുതൽ ഒരു വർഷത്തേക്ക് സി-ആപ്‌റ്റ് എം.ഡിയായി റഹ്മാനെ നിയമിച്ചത്.