തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കുക എന്ന പ്രായോഗികഘട്ടം സംസ്ഥാനസർക്കാരിനും ഇടതുനേതൃത്വത്തിനുമുള്ള അഗ്നി പരീക്ഷയാണ്. നിലയ്ക്കലിലും പമ്പയിലും ഇന്നലെ അരങ്ങേറിയ സംഘർഷാത്മക അന്തരീക്ഷം അതിന്റെ പ്രത്യക്ഷപ്രകടനമായി.ശബരിമല ദർശനത്തിനെത്തുന്ന വിശ്വാസികളെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയെങ്കിലും സാധാരണ സമരത്തെ നേരിടുന്നത് പോലെ പൊലീസിന് കൈകാര്യം ചെയ്യാവുന്നതല്ല ഇവിടെ കാര്യങ്ങളെന്നത് ആഭ്യന്തരവകുപ്പിനെ കുഴയ്ക്കുന്നുണ്ട്. സുപ്രിംകോടതി വിധി നടപ്പാക്കാതിരിക്കാനാവില്ലെന്നതാണ് സർക്കാരിന്റെ അവസ്ഥ. പക്ഷേ, ഇന്നലെ ദർശനത്തിനെത്തിയ ആന്ധ്രയിൽ നിന്നുള്ള യുവതിക്ക് ഉൾപ്പെടെ സംരക്ഷണം ഉറപ്പിക്കാനായില്ലെന്നത് തുടക്കത്തിലേ ഏറ്റ തിരിച്ചടിയായി. കോടതിയലക്ഷ്യമെന്ന മറ്റൊരു തലവേദന ക്ഷണിച്ചുവരുത്താതിരിക്കാൻ അടുത്ത ദിവസങ്ങളിൽ പൊലീസ് കൈക്കൊള്ളുന്ന സമീപനം എന്താണെന്നത് ആകാംക്ഷയുണർത്തുന്ന കാര്യമാണ്.
വിശ്വാസികൾക്ക് സംരക്ഷണമുറപ്പിക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്ന്, കോടതിവിധിയുടെ കാര്യത്തിൽ ഇതുവരെ സർക്കാർനിലപാടിന അനുകൂലിച്ചവർ പഴി പറഞ്ഞുതുടങ്ങി. സംഘർഷം നേരിടാൻ ഉച്ചതിരിഞ്ഞ് പൊലീസ് തുനിഞ്ഞിറങ്ങിയതോടെ, കലാപമുണ്ടാക്കുന്നുവെന്ന ആരോപണം രാഷ്ട്രീയ എതിരാളികളും ഉയർത്തി. ബി.ജെ.പി- ആർ.എസ്.എസ് നേതൃത്വങ്ങളും യു.ഡി.എഫും സമരക്കാർക്ക് പിന്തുണയുമായെത്തുന്നത് സർക്കാരിനെയും ബദൽ രാഷ്ട്രീയപ്രതിരോധത്തിന് ശ്രമിക്കുന്ന ഇടത് മുന്നണിയെയും കൂടുതൽ സമ്മർദ്ദത്തിലാക്കുകയാണ്. വൻതോതിലുള്ള പൊലീസ് വിന്യാസമുണ്ടായാലും വനമേഖലയായ പ്രദേശത്തിന്റെ ഘടനയും പ്രശ്നത്തെ സങ്കീർണമാക്കും.
രാഷ്ട്രീയ മുതലെടുപ്പ് സമരമെന്ന് പ്രക്ഷോഭകരെ എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി തള്ളിപ്പറഞ്ഞതും കേരള പുലയർ മഹാസഭയിലെ ഒരു വിഭാഗം, ആദിവാസി ഗോത്ര മഹാസഭ തുടങ്ങിയ സംഘടനകൾ കോടതിവിധിയെ പിന്തുണച്ചതും സർക്കാരിന് ഈ ഘട്ടത്തിൽ ആശ്വാസമാകുന്നുണ്ട്. പൊതുസമൂഹത്തിന്റെ മനസ് പൂർണതോതിൽ സമരത്തിനൊപ്പമില്ലെന്ന പ്രതീതിയുണർത്താൻ സഹായിക്കുന്നുവെന്നതാണ് കാരണം. എന്നാൽ, സ്ത്രീകളടക്കം വലിയതോതിൽ പ്രദേശത്ത് തമ്പടിച്ചെത്തുന്നത് തടയുകയെന്ന പ്രായോഗികസമീപനത്തിലേക്ക് കടക്കേണ്ടി വരുമ്പോൾ സർക്കാർ മുൾമുനയിൽ തന്നെയാണ്.
രാഷ്ട്രീയ വിവാദത്തിന് എരിവ് പകരുന്ന നീക്കമില്ലാതിരിക്കാൻ പൊലീസും ആഭ്യന്തരവകുപ്പും തന്ത്രപരമായ കരുതൽ കാട്ടുന്നുണ്ട്. ഇന്നലെ ഉച്ചവരെ പൊലീസ് സംയമനം പാലിച്ചതിലൂടെ, പൊലീസല്ല പ്രകോപനമുണ്ടാക്കിയതെന്ന് സമൂഹത്തെ ബോദ്ധ്യപ്പെടുത്താനായി എന്ന് സർക്കാരും ഇടത് നേതൃത്വവും വിലയിരുത്തുന്നുണ്ട്. ചെറിയ തീപ്പൊരി പോലും ആളിക്കത്തിക്കാൻ പോന്ന ഇന്ധനമാണെന്ന തിരിച്ചറിവുമുണ്ട്. രാഷ്ട്രീയാക്രമണത്തിന് യു.ഡി.എഫ്, സംഘപരിവാർ ശക്തികൾ ഒരുങ്ങിനിൽക്കുമ്പോൾ ഇതെല്ലാം നിർണായകമാണ്.