തിരുവനന്തപുരം: വാഗ്‌ദേവതയുടെ വരദാനം ഏറ്റുവാങ്ങി വിജയദശമി നാളിൽ അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ. ആരാധനാലയങ്ങൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം പകർന്നു. ഐരാണിമുട്ടം തുഞ്ചൻ സ്‌മാരകത്തിൽ ആയിരത്തിലധികം കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. പൂജാമണ്ഡപത്തിൽ രാവിലെ 7ന് ടി.കെ. ദാമോദരൻ നമ്പൂതിരി ദീപാരാധന നടത്തിയതോടെയാണ് വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചത്. ഡോ. ടി.ജി. രാമചന്ദ്രൻപിള്ള, ഒ. രാജഗോപാൽ എം.എൽ.എ, ഡോ. എം.ആർ. തമ്പാൻ, മലയിൻകീഴ് ഗോപാലകൃഷ്ണൻ, ടി.കെ. ദാമോദരൻ നമ്പൂതിരി എന്നിവർ എഴുത്തിലും പ്രൊഫ. കാട്ടൂർ നാരായണപിള്ള, കാരയ്‌ക്കാമണ്ഡപം വിജയകുമാർ എന്നിവർ ചിത്രകലയിലും ഡോ. രാജശ്രീ വാര്യർ, കല്ലറ ഗോപൻ, ജി. ശ്രീറാം എന്നിവർ സംഗീതത്തിലും സംഗീതോപകരണങ്ങളിൽ ശിവൻ, ശില്പ ശിവൻ എന്നിവരും, നൃത്തത്തിൽ ഗായത്രിയും ആചാര്യന്മാരായി. വിദ്യാരംഭ ചടങ്ങുകൾക്കൊടുവിൽ അഷ്ടദ്രവ്യവും താളിയോലയും നൽകി കുരുന്നുകളെ അനുഗ്രഹിച്ചു. പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ 150ഓളം കുരുന്നുകൾ ഹരിശ്രീ കുറിച്ചു. ക്ഷേത്രത്തിലെ വേദവ്യാസ നടയിൽ രാവിലെ എട്ടിന് വിദ്യാരംഭം ആരംഭിച്ചു. ക്ഷേത്ര എക്‌സിക്യൂട്ടിവ് ഓഫീസർ വി. രതീശൻ, ഭരണസമിതി അംഗം എസ്. വിജയകുമാർ, മുൻ ശബരിമല മേൽശാന്തിയും ഇപ്പോഴത്തെ ക്ഷേത്ര തന്ത്രിയുമായ ഗോശാല വിഷ്ണു വാസുദേവൻ, ക്ഷേത്ര ഫിനാൻസ് ഓഫീസർ ഉദയഭാനു, ദ്വരൈ സ്വാമി,ശ്രീധരൻ പോറ്റി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്‌തുരാജ സന്നിധിയിൽ നടന്ന വിദ്യാരംഭ ചടങ്ങുകൾക്ക് തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ ഫാദർ പയസ് വാച്ചാപറമ്പിൽ, ലയോള കോളേജിലെ ഫാ. സുനിൽ, ഫാ. സണ്ണി, ക്രൈസ്റ്റ് നഗർ സ്‌കൂളിലെ ഫാ. സിറിയക്, ലത്തീൻ അതിരൂപത ചാൻസലർ ഫാ. എഡിസൺ, ഫെറോന വികാരി സൈറസ് കളത്തിൽ, വെട്ടുകാട് ഇടവക വികാരി ജോസഫ് ബാസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ 7.30ന് തുടങ്ങിയ ചടങ്ങ് ഉച്ചയ്ക്ക് ഒന്നുവരെ നീണ്ടു. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ ദേശീയ ബാലതരംഗവുമായി ചേർന്ന് കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കാൻ അവസരം ഒരുക്കിയിരുന്നു. രാവിലെ ഒമ്പത് മുതൽ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കൂത്തമ്പലത്തിൽ നടന്ന ചടങ്ങുകൾക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡോ. ശശി തരൂർ എം.പി, ഡോ. എം.ആർ. തമ്പാൻ തുടങ്ങിയവർ നേതൃത്വം നൽകി. ആറ്റുകാൽ ക്ഷേത്രത്തിലെ പ്രാർത്ഥനാ മണ്ഡപത്തിലും ചട്ടമ്പിസ്വാമി സ്‌മാരകത്തിലുമായി 1,400 കുട്ടികളെ എഴുത്തിനിരുത്തി. ക്ഷേത്രത്തിലെ പ്രാർത്ഥനാ മണ്ഡപത്തിൽ ഏഴിന് ആരംഭിച്ച ചടങ്ങുകൾക്ക് ക്ഷേത്ര മേൽശാന്തി വിഷ്ണുനമ്പൂതിരിയും സഹശാന്തിമാരും നേതൃത്വം നൽകി. ചട്ടമ്പിസ്വാമി സ്‌മാരകത്തിൽ പ്രൊഫ. കവടിയാർ രാമചന്ദ്രനും പ്രൊഫ. ശാന്തകുമാരിയും ചേർന്ന് കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നുനൽകി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പദ്മനാഭപുരത്ത് നിന്ന് തലസ്ഥാനത്തെത്തിച്ച സരസ്വതി ദേവിയെയും വെള്ളിമല കുമാരസ്വാമിയെയും മുന്നൂറ്റിനങ്കയെയും ദർശിക്കാൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. പൂജപ്പുര സരസ്വതി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങുകൾക്ക് ശശി തരൂർ എം.പി, ഒ. രാജഗോപാൽ എം.എൽ.എ, സൂര്യാ കൃഷ്ണമൂർത്തി, എസ്. അനന്തകൃഷ്ണൻ, മുൻ മേയർമാരായ കെ. ചന്ദ്രിക, പ്രൊഫ. ജെ. ചന്ദ്ര, നഗരസഭാ കൗൺസിലർ ഡോ.ബി. വിജയലക്ഷ്‌മി തുടങ്ങിയവർ നേതൃത്വം നൽകി.