crime

ഓച്ചിറ: മർദ്ദനമേറ്റ് ബോധരഹിതനായി റോഡരികിൽ കാണപ്പെട്ട യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഓച്ചിറ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ക്ലാപ്പന വരവിള സുനീഷ് ഭവനിൽ സുനീഷ് (32), കൊല്ലപ്പെട്ട രാജേഷിന്റെ ഭാര്യാകാമുകൻ ആലുംപീടിക കരൂർ പടീറ്റതിൽ സുരേഷ് എന്നിവരാണ് കസ്റ്റഡിയിലായത്. ഒക്‌ടോബർ 4ന് രാത്രി 12:30 ഓടെ പ്രയാർ പെട്രോൾ പമ്പിന് സമീപം വഴിയോരത്ത് അബോധാവസ്ഥയിൽ കണ്ട കല്ലേശേരിൽ ക്ഷേത്രത്തിന് സമീപം പുത്തൻ തറയിൽ രാജേഷിനെ (31) നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഓച്ചിറ പൊലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പുറമെ പരിക്കുകൾ ഇല്ലായിരുന്നെങ്കിലും ആന്തരികമായ ക്ഷതങ്ങളായിരുന്നു മരണ കാരണം. വാരിയെല്ലുകളും ഇടുപ്പെല്ലുകളും തകർന്ന രാജേഷ് വെന്റിലേറ്ററിന്റെ പിൻബലത്തിൽ ജീവൻ നിലനിറുത്തി വരവെ ചൊവ്വാഴ്ചയാണ് മരിച്ചത്.

രാജേഷിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മൃതദേഹവുമായി നാട്ടുകാർ ബുധനാഴ്ച ഉച്ചക്ക് 2ന് ഓച്ചിറ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. അന്വേഷണം നീതിപൂർവമല്ലെന്നും കൊല്ലപ്പെട്ട രാജേഷിന്റെ ഭാര്യയെയും കാമുകനെയും അറസ്റ്റ് ചെയ്യണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എം.ഇക്ബാൽ ആവശ്യപ്പെട്ടു. എ.സി.പി കേസ് അന്വേഷിക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. തുടന്ന് രാജേഷിന്റെ ആലുംപീടിക കല്ലേശേരിൽ ക്ഷേത്രത്തിന് സമീപമുള്ള വസതിയിൽ മൃതദേഹം സംസ്കരിച്ചു.