കോട്ടയം: മോഷ്ടിക്കാൻ കയറി മദ്യം കണ്ടപ്പോൾ എല്ലാം മറന്നു, കുടിച്ച മദ്യം ചതിച്ചു. ഇന്നലെ ഇടുക്കി വണ്ണപ്പുറത്തെ ഷാപ്പിലാണ് സംഭവം.ഹർത്താൽ ദിനത്തിൽ തുറന്ന ഷാപ്പ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് പ്രവർത്തകർ രാവിലെയെത്തിയിരുന്നു. പഞ്ചായത്തിലെ മറ്റ് ഷാപ്പുകൾ എല്ലാം തുറന്ന് പ്രവർത്തിക്കുന്നതിനാൽ അടയ്ക്കാനാകില്ലെന്ന നിലപാട് ഷാപ്പുടമ സ്വീകരിച്ചു. തുടർന്ന് ഹർത്താൽ അനുകൂലികൾ തൊഴിലാളികളെ ഒാടിച്ച ശേഷം ബലമായി ഷാപ്പ് അടപ്പിച്ചു. തുടർന്ന് വൈകിട്ട് ആറു മണിക്ക് ശേഷം ഷാപ്പ് തുറക്കാൻ എത്തിയവരെ വീണ്ടും ഹർത്താൽ അനുകൂലികൾ തടയുകയും ഉപരോധിക്കുകയും ചെയ്തു. തുടർന്ന് ഷാപ്പ് തുറക്കാനാാവാതെ ഇവർ മടങ്ങി. രാത്രി 9.30 യ്ക്ക് ശേഷം ഹർത്താൽ അനുകൂലികൾ ഷാപ്പിൽ എത്തി. ഷാപ്പു കുത്തിത്തുറന്ന ശേഷം മദ്യം എടുത്തു കുടിക്കുകയും മേശവലിപ്പ് തുറന്നു പണം എടുക്കുകയും ചെയ്തു. 15000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്നു ഷാപ്പ് ഉടമ മനോജ് മാണി പറഞ്ഞു. എന്നാൽ, കഴിച്ച മദ്യത്തിന്റെ അളവ് കൂടിപോയതിനാൽ തിരിച്ചുപോകാൻ കഴിയാതെ ഇവർ സമീപത്തുള്ള കടയുടെ കടത്തിണ്ണയിൽ കിടന്നുറങ്ങിപ്പോയി. ഇന്നു രാവിലെ ബസ് ഓടുന്നതിന്റെ ശബ്ദം കേട്ട് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഷാപ്പുടമ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഹർത്താലിന്റെ മറവിൽ ഷാപ്പു കുത്തിത്തുറന്നു മോഷണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹർത്താലിനെ പിന്തുണച്ചവർ തന്നെയാണ് മോഷണത്തിനു പിന്നിലെന്ന് ഷാപ്പ് ഉടമ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.