amma

കൊച്ചി: താരസംഘടനയായ 'അമ്മ'യ്ക്കുള്ളിലെ ഭിന്നത പരിഹരിക്കാൻ നിർണായക എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയിൽ ആരംഭിച്ചു. രാവിലെ പത്ത് മുതൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ലഭ്യമായ അംഗങ്ങളെ ഉൾപ്പെടുത്തി പ്രസിഡന്റ് മോഹൻലാലിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ദിലീപുമായി ബന്ധപ്പെട്ടും അല്ലാതെയും സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി ഉന്നയിച്ച വിഷയങ്ങളിൽ 'അമ്മ'യിലെ അംഗങ്ങൾ രണ്ട് തട്ടിലായ സാഹചര്യത്തിൽ എക്‌സിക്യൂട്ടീവ് അംഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകൾ പരിഹരിക്കാനും മോഹൻലാൽ ആദ്യം ശ്രമിക്കുക.


രാവിലെ പത്ത് മുതൽ ഓരോ എക്‌സിക്യൂട്ടീവ് അംഗങ്ങളെയായി അടച്ചിട്ട മുറിയ്ക്കുള്ളിലേക്ക് വിളിച്ചാണ് ചർച്ച നടത്തുന്നത്. ഈ ദൃശ്യങ്ങൾ പ്രത്യേകമായി ഷൂട്ട് ചെയ്യുന്നുമുണ്ട്. ആദ്യ ഘട്ട ചർച്ചകൾക്ക് ശേഷമാകും ഉച്ചയോടെ എല്ലാം അംഗങ്ങളേയും ഒന്നിച്ചിരുത്തി ചർച്ച നടത്തുക എന്നാണ് വിവരം. 'അമ്മ'യിൽ ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യാൻ ആഭ്യന്തര സമിതിയെ നിയമിക്കണം എന്നാവശ്യപ്പെട്ട് ഡബ്ല്യു.സി.സി ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നതും ഹർജിയെക്കുറിച്ചും വിശദമായ ചർച്ച നടത്തും. ദീലിപിന്റെ രാജിക്കത്തിനെ കുറിച്ചും ചർച്ച നടത്തും. ഇരയായ നടിയെ സംരക്ഷിക്കാൻ 'അമ്മ' തയാറായില്ലെന്നും കുറ്റാരോപിതനായ നടനെ സംഘടന സംരക്ഷിക്കുകയുമാണെന്ന ഡബ്ല്യു.സി.സിയുടെ വാദങ്ങൾ യോഗത്തിൽ ചർച്ചയാകും.

സംഘടനയിൽ നിന്നും രാജിവെച്ച നടിമാരെ മാപ്പ് പറയിച്ച് മാത്രമെ തിരിച്ചെടുക്കാവൂയെന്ന നടൻ സിദ്ദിഖിന്റെ പ്രഖ്യാപനവും ചർച്ചയാകും. സിദ്ദീഖിന്റെ പരാമർശങ്ങൾക്ക് വിരുദ്ധമായി 'അമ്മ' വക്താവ് ജഗദീഷിന്റെ പ്രസ്താവനയും ചർച്ചയായതോടെയാണ് സംഘടനയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. രാജിവച്ച നടിമാരെ തിരിച്ചെടുക്കാൻ മോഹൻലാൽ സന്നദ്ധത അറിയിച്ചെന്ന് ജഗദീഷ് വ്യക്തമാക്കിയിരുന്നു. ജനറൽ ബോഡി ഉടൻ വിളിക്കേണ്ട ആവശ്യമില്ലെന്നും രാജി വച്ചവരോടും എതിർത്ത് സംസാരിച്ചവരോടും ഒരു സന്ധിയുമില്ലെന്നാണ് സിദ്ദിഖിന്റെ നിലപാട്.